മില്ലിലവും ഓസ്‌ട്രേലിയയിലെ മലയാളി കുട്ടിയുടെ അപകർഷതയും: കവി മുരുകൻ കാട്ടാക്കട പ്രസ് ക്ലബ് സദസിനെ ഓർമ്മിപ്പിച്ചത് : ജോര്‍ജ് ജോസഫ്‌

Spread the love

മയാമി :  ഭാഷയും സംസ്കാരവും കൈമോശം വരുമ്പോൾ ഉണ്ടാവുന്ന തിക്താനുഭവങ്ങൾ കവി മുരുകൻ കാട്ടാക്കട ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ ഉദ്‌ഘാടന സമ്മേളനത്തിൽ ചൂണ്ടിക്കാട്ടി. ഓസ്‌ട്രേലിയയിൽ ചെന്നപ്പോൾ മലയാളി കുട്ടികൾ അനുഭവിക്കുന്ന അപകർഷതയെപ്പറ്റി മാതാപിതാക്കൾ പറയുകയുണ്ടായി. അത് സ്‌കൂളിൽ ചെല്ലുമ്പോൾ തുടങ്ങുന്നു.

വെള്ളക്കാരനായ സഹപാഠി കളിയാക്കാനായി പറയുന്നു: നീ കൊണ്ടുനടക്കുന്നത് എന്റെ ഓസ്ട്രേലിയൻ കൾച്ചർ ആണ്. നിന്റെ ഡ്രസ്സ് ആകട്ടെ, നിന്റെ ഭക്ഷണമാകട്ടെ ഇതെല്ലാം എന്റെ കൾച്ചർ ആണ്. നിനക്ക് സ്വന്തമായി കൾച്ചറുണ്ടോ? ഏതാ നിന്റെ രാജ്യം?
മറുപടി ഇന്ത്യ. അവിടെ എവിടെ? തമിഴ്‌നാട് എന്ന് മറുപടി.
നിനക്ക് സ്വന്തം സംസ്കാരമുണ്ടോ?
ഉണ്ട്.
എന്താ അതിന്റെ പേര്?

അപ്പോൾ ഇവൻ അന്തസ്സായി പറയും ഡ്രവീഡിയൻ കൾച്ചർ. അതെന്താണെന്ന് മനസ്സിലായില്ലെങ്കിലും ഇവനൊരു സംസ്കാരമുണ്ടെന്നു വെള്ളക്കാരൻ കുട്ടിക്ക് മനസിലായി.
അടുത്ത ചോദ്യം. നിനക്ക് ഭാഷയുണ്ടോ സ്വന്തം?
ഉണ്ട്..
എന്താ നിന്റെ ഭാഷയുടെ പേര്?
തമിഴ്..
തമിഴ്? എന്നാൽ ഒരു കാര്യം ചെയ്യൂ ഈ തമിഴിൽ നാല് വാചകം പറയൂ. എന്നിട്ടത് ഇംഗ്ലീഷിൽ തർജമ ചെയ്യൂ.
അത് പറയുമ്പോൾ ഈ തമിഴൻ കുട്ടി ഔവ്വയാറുടെയും തിരുവള്ളുവരുടെയും കുരളുകൾ അനർഗ്ഗളമായി ആലപിച്ചു ഇംഗ്ലീഷിൽ തർജ്ജുമ ചെയ്തു കൊടുക്കും. അതോടെ അവനോട് ഇരിക്കാൻ പറയും

അടുത്ത ദിവസം ഇവനെ കാണുമ്പോ ഇവര് വിഷ് ചെയ്യും, തോളിൽ കയ്യിടും, അവനെ കൂട്ടുകാരനാക്കും. കാരണം ഇവർക്ക് മനസ്സിലായി ഇവന് സ്വന്തം ഐഡന്റിറ്റി ഉള്ളവനാണ്, സ്വന്തം സംസ്കാരവും ഭാഷയും ഉള്ളവനാണ്, സാധ്യതകൾ കണ്ടെത്തി വന്നിരിക്കുകയാണിവൻ. അല്ലാതെ നമുക്ക് താല്പര്യമില്ലാത്ത സാഹചര്യത്തിൽ ജീവിക്കാൻ വന്നതല്ല, ഇവനൊരു ഇടമുണ്ട് എന്നവന് തോന്നുന്നു അവനെ ബഹുമാനിക്കുന്നു.

അടുത്തദിവസം തൊട്ടപ്പുറത്തിരിക്കുന്നവനോട്, നിന്റെ പേരെന്താട? പേര് പറയുന്നു. എവിടെ നിന്നു വരുന്നു?
ഇന്ത്യ.
ഇന്ത്യയിൽ എവിടെ?
കേരള!
എവിടെ?
കേരള!!
നിനക്ക് കൾച്ചർ ഉണ്ടോ?
ഉണ്ട്.
എന്താ കൾച്ചറിന്റെ പേര്?
മില്ലിലം
എന്ത് ഒന്നൂടെ പറ,
മില്ലിലം
എന്താ?
മില്ലിലം
ഹാ,
നിനക്ക് ഒരു ഭാഷയുണ്ടോ?
ഉണ്ട്.
എന്താ അതിന്റെ പേര്?
മില്ലിലം.
ഒരു കാര്യം ചെയ്യ് നീ മില്ലിലത്തിൽ ഒരു നാല് വാചകം പറയ് എന്നിട്ട് അതിനെ ഇംഗ്ലീഷിൽ തർജമ ചെയ്യു, തീരുന്നു, അവിടെ തുടങ്ങുന്നു ഞങ്ങളുടെ മക്കളുടെ അപകർഷതകൾ. അന്നുമുതൽ അപകർഷ ബോധത്തോടെ ജീവിക്കേണ്ടി വരുന്ന, എല്ലാ ദിവസവും ക്ലാസ്സിൽ ഇരിക്കേണ്ടി വരുന്ന മക്കളുള്ളത് ഞങ്ങൾ ഓസ്ട്രേലിയയിലെ മലയാളികൾക്കാണ് എന്ന് അദ്ദേഹം എന്നോട് പറയുകയുണ്ടായി.

ഈ അവസ്ഥ എല്ലാ മക്കൾക്കും ഒരു പ്രധാന കാര്യമാണ് എന്ന് തിരിച്ചറിയണം. പ്രിയപ്പെട്ടവരെ നമ്മുടെ മക്കളെ നമ്മുടെ സംസ്കാരത്തെയും ഭാഷയെയും ബോധമുള്ളവരാക്കി വളർത്തിക്കൊണ്ടുവരാൻ കഴിയണം നമുക്ക് 53 അക്ഷരം ഇപ്പോഴുമുണ്ട് 26 അക്ഷരമല്ല, വള്ളിയും കോമയും അർദ്ധ വിരാമവും വിരാമവും എല്ലാമടങ്ങുന്ന, ഏതൊരു വികാരത്തെയും അതിന്റെ കൃത്യമായ അളവിലും തൂക്കത്തിലും പ്രയോഗിക്കാൻ കഴിയുന്ന അതിഗംഭീരമായ ഒരു ഭാഷയുടെയും സംസ്കാരത്തിന്റെയും ഉടമകളാണ് എന്ന ബോധത്തോടു കൂടെ നമുക്ക് നമ്മുടെ മക്കൾക്ക് നാളെയും മറ്റന്നാളും അമേരിക്കയിലും ലോകത്ത് മുഴുവനും ആ ഭൂപടത്തിൽ ഭാഷകൊണ്ട് അടയാളപ്പെടുത്തി ജീവിക്കാൻ കഴിയുന്ന അവസ്ഥയിലേക്ക് ഈ പത്രപ്രവർത്തകരുടെ കൂട്ടായ്മ ദിശാബോധത്തോടുകൂടെ കൺതുറന്നു നിൽക്കട്ടെ എന്ന് ആശീർവദിച്ചുകൊണ്ട് അവസാനിപ്പിക്കുകയാണ്.

“ഗുരുനാഥൻ തുണചെയ്ക സന്തതം
തുരുനാമങ്ങൾ നാവിന്മേലെപ്പോഴും
പിരിയാതിരിക്കണം നമ്മുടെ
നരജന്മം സഫലമായ് തീരുവാൻ”
പൂന്താനം നമ്പൂതിരിയുടെ ഗുരുവന്ദനത്തെ ഓർത്തുകൊണ്ട് ഞാൻ എന്റെ വാക്കുകൾ അവസാനിപ്പിക്കുകയാണ്.
എല്ലാവർക്കും ഹൃദയം നിറഞ്ഞ ആശംസകൾ…

Report : ജോര്‍ജ് ജോസഫ്‌

Author

Leave a Reply

Your email address will not be published. Required fields are marked *