ഇന്ത്യാ പ്രസ് ക്ലബ് സമ്മേളനത്തിന് ഉജ്വല തുടക്കം; ചാണ്ടി ഉമ്മൻ നിലവിളക്കു കൊളുത്തി : ജോര്‍ജ് ജോസഫ്‌

Spread the love

മയാമി :  ഇന്ത്യ പ്രസ് ക്ളബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ പത്താമത് അന്താരാഷ്ട്ര മാധ്യമ സമ്മേളനം ചാണ്ടി ഉമ്മൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.

ദലീമ ജോജോ എം.എൽ.എ, കവി മുരുകന്‍ കാട്ടാക്കട, മാധ്യമ പ്രവര്‍ത്തകരായ പിജി സുരേഷ് കുമാര്‍ (ഏഷ്യാനെറ്റ്), സ്മൃതി പരുത്തിക്കാട് (റിപ്പോർട്ടർ ടിവി), അഭിലാഷ് മോഹന്‍ (മാതൃഭൂമി ന്യുസ്) , ശരത് ചന്ദ്രന്‍ (കൈരളി ന്യുസ്), അയ്യപ്പദാസ് (മനോരമ ന്യുസ്), ക്രിസ്റ്റീന ചെറിയാന്‍ (24 ന്യുസ്), ഷാബു ബു കിളിത്തട്ടില്‍ (ഹിറ്റ് 95 എഫ്.എം. റേഡിയോ, ദുബായി), പി.ശ്രീകുമാര്‍ (ജന്മഭൂമി), എന്നിവരുടെ സാന്നിധ്യത്തിൽ അദ്ദേഹം നിലവിളക്ക് തെളിയിച്ചു ഔപചാരികമായ ഉദ്ഘാടനം നിർവഹിച്ചു.

തന്റെ പിതാവും ഐ.പി.സി.എന്‍.എയുമായുള്ള ബന്ധം ചാണ്ടി ഉമ്മന്‍ അനുസ്മരിച്ചു. ഐ.പി.സി.എന്‍.എ മാധ്യമ ശ്രീ പുരസ്‌കാരം 2014-ലും 2019-ലും അദ്ദേഹം നല്കുന്നത് ഓര്‍മ്മിക്കുന്നു. ഈ സന്ദര്‍ശനം തനിക്കും അംഗീകാരമാണ്.

ഒട്ടേറെ തിരക്കുകളുണ്ടായിട്ടും ഐ.പി.സി.എന്‍.എ അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍ ബിജു കിഴക്കേക്കുറ്റിന്റെ സ്‌നേഹപൂര്‍വ്വമായ നിര്‍ബന്ധം മൂലമാണ് സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ഒടുവില്‍ തീരുമാനിച്ചത്.

പിതാവിനും മാതാവിനുമൊപ്പം 1998-ല്‍ ഫൊക്കാന സമ്മേളനത്തില്‍ പങ്കെടുക്കാനാണ് ആദ്യം അമേരിക്കയില്‍ വരുന്നത്. അന്ന് ഞാന്‍ കണ്ടത് കേരളത്തോടുള്ള ആവേശമാണ്. ഇന്ന് അത് കൂടുതല്‍ വര്‍ധിക്കുന്നതായാണ് കണ്ടത്. പുതു തലമുറയിലെ കുട്ടികള്‍ കൂടുതലായും മലയാളം പറയുന്നത് മാധ്യമങ്ങളുടേയും സിനിമയുടേയും കടന്നുവരവുകൊണ്ടാണെന്ന് ഞാന്‍ വിശ്വസിക്കുന്നു.

അമേരിക്കയില്‍ ജീവിക്കുമ്പോഴും കേരളത്തെ ജീവവായു പോലെ സ്‌നേഹിക്കുന്നവരാണ് നിങ്ങള്‍. അതുകൊണ്ടു തന്നെയാണ് കേരളത്തിന്റെ വികസനത്തില്‍ നിങ്ങള്‍ സഹകരിക്കാന്‍ തയാറായത്. അത് കേരളം പ്രതീക്ഷിക്കുകയും ചെയ്യുന്നു. കേരളത്തിന്റെ വികസനം പ്രവാസികളുടെ അധ്വാനത്തിന്റെ ഫലംകൂടിയാണ്.

വികസനത്തില്‍ കേരളം മുന്നോട്ടുതന്നെയാണ്. ആറുവര്‍ഷം മുമ്പ് ആശയമെടുത്ത വിഴിഞ്ഞം തുറമുഖം ഉദ്ഘാടനം ചെയ്തു. നാഷണല്‍ ഹൈവേ വികസനം നടക്കുന്നു. നിങ്ങളുടെ സഹകരണവും പ്രതീക്ഷിക്കുന്നു.
ഇനിയും ഉയരത്തിലേക്ക് പോകാന്‍ നിങ്ങളുടെ സഹായം ആവശ്യമാണെന്നും ചാണ്ടി ഉമ്മന്‍ കൂട്ടിച്ചേര്‍ത്തു.

പ്രവാസികളാണ് കേരളത്തിന്റെ ശക്തി . കേരളത്തിലേക്ക് ലോകത്തെ കൊണ്ടുവരാന്‍ കഴിയണം. ഇതിനു ഏറ്റവും അധികം സഹായിക്കാന്‍ സാധിക്കുന്നത് പ്രവാസി മലയാളികള്‍ക്കാണ്. പ്രവാസി മലയാളികള്‍ ഓരോ നിമിഷവും ചിന്തിക്കുന്നത് കേരളത്തെ കുറിച്ചാണെന്നത് വസ്തുതയാണെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു.

കാലം മാറുന്നതിന് അനുസരിച്ച് കേരളത്തിനും മാറിയേ മതിയാകു.

മാധ്യമ സ്വാതന്ത്ര്യത്തിന് പേരുകേട്ട രാജ്യമാണ് അമേരിക്ക. ഈ രാജ്യം മാധ്യമ പ്രവര്‍ത്തകര്‍ക്ക് നല്‍കുന്ന സ്വാതന്ത്ര്യം നാട്ടില്‍ നിന്നെത്തുന്ന മാധ്യമ പ്രവര്‍ത്തകര്‍ക്ക് കണ്ടറിയാവുന്നതാണ്. അമേരിക്കയിലെ മാധ്യമ സ്വാതന്ത്ര്യം ഇന്ത്യക്ക് അനുകരിക്കാവുന്ന മാതൃകയാണ്. നാടിന്റെ വികസനത്തില്‍ വലിയ പങ്കുവഹിക്കുന്നത് മാധ്യമങ്ങളാണ്. അതിനാല്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് അന്താരാഷ്ട്ര വേദികളില്‍ അവസരം ലഭിക്കുന്നത് അവരുടെ വികസന കാഴ്ചപ്പാടുകളെ സ്വാധീനിക്കും. അത് നാടിന്റെ വികസനത്തിന് നേട്ടമാകുമെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു. മാധ്യമങ്ങളില്‍ വരുന്നതാണ് ജനങ്ങള്‍ വിശ്വസിക്കുന്നത്. അതുകൊണ്ടു തന്നെ മാധ്യമ പ്രവര്‍ത്തകര്‍ക്ക് കൂടുതല്‍ വിവരങ്ങള്‍ ലഭിക്കാന്‍ ഇന്ത്യ പ്രസ് ക്ളബ് പോലുള്ള വേദികള്‍ ഗുണം ചെയ്യും.

ജനപ്രതിനിധികള്‍ക്ക് ഉള്ളതുപോലുള്ള ഉത്തരവാദിത്തമാണ് മാധ്യമങ്ങള്‍ക്കും ഉള്ളതെന്ന് ദലീമ ജോജോ എം.എൽ.എ. പറഞ്ഞു.

അഭിമാനം തോന്നുന്ന നിമിഷമാണിതെന്ന് ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ച പ്രസിഡന്റ് സുനില്‍ തൈമറ്റം പറ‍ഞ്ഞു. ഒന്നര പതിറ്റാണ്ട് മുമ്പാണ് ഇന്ത്യ പ്രസ് ക്ളബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ യാത്ര ആരംഭിച്ചത്. ആദ്യമായി സംഘടനയുടെ അന്താരാഷ്ട്ര മാധ്യമ സമ്മേളനം മയാമിയില്‍ നടക്കുന്നതിലും വലിയ അഭിമാനമുണ്ട്. രണ്ടുവര്‍ഷം മുമ്പ് ബിജു കിഴക്കേക്കൂറ്റില്‍ നിന്ന് അദ്ധ്യക്ഷ സ്ഥാനം ഏറ്റെടുക്കുമ്പോള്‍ ഒരുപാട് ആശങ്കകള്‍ ഉണ്ടായിരുന്നു. പക്ഷെ, അംഗങ്ങളില്‍ നിന്നും മുന്‍ ഭാരവാഹികളില്‍ നിന്നും പ്രിയപ്പെട്ട സുഹൃത്തുക്കളില്‍ നിന്നുമൊക്കെയുള്ള പിന്തുണയാണ് തന്നെ മുന്നോട്ട് നയിച്ചതെന്നും അദ്ദേഹം പറഞ്ഞു. മാധ്യമശ്രി പുരസ്കാര വിതരണം കേരളത്തില്‍ വിജയകരമായി നടത്താന്‍ കഴിഞ്ഞതും മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകരെ ആദരിച്ച് ഗുരുവന്ദനം എന്ന പരിപാടി സംഘടിപ്പിക്കാന്‍ സാധിച്ചതും സംഘടനയെ സംബന്ധിച്ച് വലിയ നേട്ടമായി.

സമ്മേളത്തിന്റെ ഭാഗമായി അച്ചടിച്ച സുവനിര്‍ ഉദ്ഘാടനം ചടങ്ങില്‍ പ്രകാശനം ചെയ്തു. പ്രസിഡന്റ് സുനില്‍ തൈമറ്റം സുവനീറിന്റെ കോപ്പി ചാണ്ടി ഉമ്മന് കൈമാറിയായിരുന്നു പ്രകാശനം.

കവി മുരുകന്‍ കാട്ടാക്കടയും മാധ്യമ പ്രവര്‍ത്തകരും ഹ്രസ്വമായി സംസാരിച്ചു. പ്രസ് ക്ലബ് സെക്രട്ടറി രാജു പള്ളത്ത് സ്വാഗതം ആശംസിച്ചു. അഡ്വൈസറി ബോര്‍ഡ് ചെയര്‍മാന്‍ ബിജു കിഴക്കേക്കൂറ്റ്, പ്രസിഡന്റ് ഇലക്ട് സുനില്‍ ട്രൈസ്റ്റാര്‍, തുടങ്ങിയവര്‍ സംസാരിച്ചു.

മാധ്യമ പ്രവര്‍ത്തനത്തെ എന്നും വലിയ ബഹുമാനത്തോടെ കാണുന്നവരാണ് അമേരിക്കന്‍ മലയാളികളെന്ന് ബിജു കിഴക്കേക്കുറ്റ് പറഞ്ഞു.
മാധ്യമ പ്രവര്‍ത്തനം അമേരിക്കയില്‍ ജീവിക്കുന്ന മലയാളികളുടെ ഉപജീവന മാര്‍ഗ്ഗമല്ല. ഉപജീവനത്തിനായി മറ്റ് തൊഴിലുകള്‍ ചെയ്ത് അതിനിടയില്‍ കിട്ടുന്ന സമയമാണ് മാധ്യമ പ്രവര്‍ത്തനത്തിനായി അമേരിക്കന്‍ മലയാളികള്‍ നീക്കിവെക്കുന്നത്. മാധ്യമരംഗത്തോടുള്ള താല്പര്യമാണ് അതിന് കാരണം. ശക്തമായ മാധ്യമ പ്രവര്‍ത്തനം നിലനില്‍ക്കുക തന്നെ വേണം. വലിയ ഭീഷണികള്‍ക്ക് മുന്നിലും ദുരന്തമുഖങ്ങളിലും പതറാതെ നിന്ന് ജോലി ചെയ്യുന്ന മാധ്യമ പ്രവര്‍ത്തകരോടുള്ള ആദരവ് അറിയിക്കുന്നുവെന്നുവെന്നും ബിജു പറഞ്ഞു.

Author

Leave a Reply

Your email address will not be published. Required fields are marked *