അമേരിക്കൻ മലയാളികൾ ഒരുപാട് ത്യാഗം സഹിച്ചവർ, ദലിമ ജോജോ എം.എൽ.എ : ജോര്‍ജ് ജോസഫ്‌

Spread the love

മയാമി: മൂളിപ്പാട്ടിന്റെ ചാരുതയോടെ ഗായികയും എം.എൽ.എ.യുമായ ദലീമ ജോജോ നടത്തിയ പ്രസംഗം ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയിലെ ഉദ്‌ഘാടന സമ്മേളനത്തിൽ പങ്കെടുത്തവരുടെ കവർന്നു.

‘അമേരിക്കൻ മലയാളികൾ എന്ന് പറഞ്ഞാൽ ഒരുപാട് ത്യാഗം സഹിച്ചവരാണ്. ജോലിയിൽ നിന്ന് കിട്ടുന്ന ഇടവേളകളാണ് മാധ്യമപ്രവർത്തനത്തിനു വേണ്ടി നിങ്ങൾ ഓരോരുത്തരും ചിലവാക്കുന്നത് . ഒരു പക്ഷെ നിങ്ങൾക്ക് ഇന്ന് കേരളത്തെ കൊണ്ട് ആവശ്യമുണ്ടെന്ന് തോന്നുന്നില്ല. എങ്കിലും കോവിഡും നിപ്പായും വെള്ളപ്പൊക്കവും ഒക്കെ ഉണ്ടായപ്പോൾ നമ്മുടെ കേരളത്തെ സഹായിക്കുവാൻ മുന്നോട്ടു വന്നു. ഗൃഹാതുരത്വം ഉണർത്തുന്ന ഓർമ്മകളുമായി നിങ്ങൾ കേരളത്തെ ചേർത്തു പിടിക്കുന്നു . നിങ്ങളുടെ സഹോദരങ്ങളാണ് കേരളത്തിലെ എല്ലാവരും അങ്ങനെ ചിന്തിച്ചു കൊണ്ടാണ് ഈ സഹായങ്ങൾ ഒക്കെ നിങ്ങൾ ചെയ്തത്. അതിനു ഒത്തിരി നന്ദിയുണ്ട് . കൂടാതെ അന്ന് പ്രസ്സ് ക്ലബും മീഡിയാസും ഒക്കെ സഹായിക്കാൻ മുൻപന്തിയിൽ തന്നെ ഉണ്ടായിരുന്നു .

ആപദ്ഘട്ടത്തിൽ നമ്മൾ ഒരുമിച്ചു ചേരുന്നു . അതിൽ രാഷ്ട്രീയമോ ജാതിയോ മതമോ ഒന്നും ഉണ്ടായിരുന്നില്ല .അത് മലയാളിയുടെ പ്രത്യേകതയാണ് . നിങ്ങൾക്ക് എലാവർക്കുമറിയാം ഞാൻ രാഷ്‌ടീയത്തെപോലും കലയിലൂടെയാണ് നോക്കിക്കാണുന്നത്. വലിയ കവിയായ മുരുകൻ കാട്ടാക്കട ഇവിടെയുണ്ട്. എന്നാലും ഞാനും കവിതകൾ എഴുതുന്നയാളാണ് . എന്റെ തമ്പുരാൻ ഇതിലേക്ക് നയിച്ചു എന്നത് മാത്രമാണ് ഞാൻ ചെയ്യുന്നത്. രാഷ്ട്രീയത്തിന്റെ വശങ്ങളിലേക്ക് ഞാൻ സഞ്ചരിക്കാൻ പോയിട്ടില്ല എനിക്ക് താഴെയുള്ള നിർദ്ധനരായ മനുഷ്യർക്ക് വേണ്ടിയാണ് ഞാൻ എന്തെങ്കിലുമൊക്കെ ചെയ്യുന്നത് . അത് കൊണ്ട് തന്നെ ഞാൻ ഈ നിഗൂഢനിമിഷത്തിന്റെ അന്ത്യത്തിൽ പാടുവാനാകാതെ മൂകത പുല്കിയോ – എന്ന് എഴുതി വച്ചിട്ടുണ്ട് .
പാവനമായി കരുതി വളർത്തിയ ഗാനകിരണമീ സാഗരം പുല്കിയോ ?
ഇന്നതി ഭീകര ദൈന്യപദങ്ങളിൽ ചെന്നിണ ഗന്ധം പരക്കും വഴികളിൽ
തീർത്തും നിരാലംബയായി ചലിക്കുവാൻ ആരോ വിരൽ പിടിച്ചാനയിച്ചീടുന്നു .
എങ്ങും നിലവിളി കർണ്ണപുടങ്ങളിൽ കേൾക്കാഞ്ഞ പോലായി ഞാൻ തീർന്നിടു
കയ്യിൽ കിളിർക്കാത്ത പുല്ലുപോലായി എൻ നെഞ്ചിൽ തടം വച്ചു കണ്ണുനീർ പാടങ്ങൾ
ദാരിദ്ര്യ ദുഃഖങ്ങളാർത്തു എൻ വാതിക്കൽ , ചേതനയറ്റ മിഴികളുമായിരം
ലോകം കാണാം തൂങ്ങും പാദചലനങ്ങൾ കേട്ട് പിടഞ്ഞെന്റെ നെഞ്ചം തകർന്നിതോ
എങ്ങും ദരിദ്ര കുടിലിന്റെ വാതിൽക്കൽ തിങ്ങും മരണത്തിൻ ഗന്ധം ശ്വസിപ്പിക്കുവാൻ
കണ്ണുനീർ വറ്റിയ കണ്ണുകൾ ജ്വാലയായ് ഇന്നെന്റെ നിദ്രയെ കൊന്നുകരിച്ചിതു
സ്വർഗം ത്യജിച്ചിന്നു നേടിയതെല്ലാം ആറ്റിലെ ചേറിന്റെ ഗന്ധം പരത്തുന്നു .

എല്ലാവരും ഉറങ്ങുന്ന സമയത്ത് ഞാൻ പാട്ടുപാടുകയായിരുന്നു . അത് സ്വർഗം ത്യജിച്ചിട്ടാണ് കലയിൽ നമ്മൾ എന്തെങ്കിലും ഒക്കെ ആയി തീരുന്നത് . പക്ഷെ അത് ഇന്ന് ഞാൻ ഇങ്ങനെ ചുറ്റി സഞ്ചരിക്കുമ്പോൾ ഇവിടെ ഇരിക്കുന്ന ചാണ്ടി ഉമ്മന് ഒക്കെ മനസിലാകും. അദ്ദേഹം രാഷ്ട്രീയ പ്രവർത്തകൻ , അവർ ഒരു പാട് സങ്കടങ്ങളിലൂടെ കടന്നു പോകുന്നവരാണ് . അതാണ്‌ ഞാൻ പറഞ്ഞത് സ്വർഗം ത്യജിച്ചു നേടിയതാണ് എല്ലാം ഒത്തിരി ദുഃഖങ്ങൾ ഇന്ന് അദ്ദേഹവും കാണുന്നുണ്ടാകും അതാണ് രാഷ്ട്രീയപ്രവർത്തകൻ . അപ്പോൾ ഇങ്ങനെ എഴുതി വച്ച് ജീവിക്കുന്നവളാണ് ഞാൻ .
അത് കൊണ്ടാണ് എന്റെ ദൈവം ഇതിലേക്ക് നയിച്ചത് എന്ന് ഞാൻ വിശ്വസിക്കുന്നുണ്ട് . മടങ്ങിപോകുന്നതിനു മുൻപ് എന്തെകിലും ഒക്കെ പാവങ്ങൾക്ക് ചെയ്തിട്ട് മടങ്ങണം. ഒരുപാട് ദുഃഖങ്ങൾ അനുഭവിക്കുന്നവർ നമ്മുടെ ചുറ്റിലുമുണ്ട് . അനവധി ദുഖങ്ങളാണ് നമ്മുടെ ചുറ്റിലുമുള്ളത് . രാഷ്ട്രീയക്കാരെയും കലാകാരന്മാരെയും എടുത്തുകഴിഞ്ഞാൽ രാഷ്ട്രീയക്കാർ ഒരുപാട് മുകളിൽ നിൽക്കും. കാരണം കലാകാരന്മാർക്ക് അവരുടെ കലയിലൂടെ സമ്പാദിച്ചു പോകാൻ പറ്റും പക്ഷെ രാഷ്ട്രീയക്കാർക്ക് അത് പറ്റത്തില്ല . അവർ മറ്റുള്ളവർക്ക് വേണ്ടി നിലകൊള്ളേണ്ടവരാണ് .

നാട്ടിൽ നടക്കുന്ന വിഷമങ്ങൾ സമൂഹ മാധ്യമങ്ങളിൽ കൊണ്ട് വരുവാനും അവരെ സഹായിക്കുവാനും പ്രസ്സ് ക്ലബും മീഡിയയും ക്കെ മുൻപിൽ ഉണ്ട് .അതിനു എല്ലാ വിധ ആശംസകളും നേരുന്നു . ഫോമയുടെ തോമസ് ടി. ഉമ്മൻ സാറും അനിയൻ ജോര്ജും ഒക്കെ ഇവിടെയുണ്ട്. അവരിലൂടെ ഒത്തിരി നന്മകൾ എനിക്ക് പലർക്കുമായി ചെയ്യുവാനായിട്ട് സാധിച്ചിട്ടുണ്ട്. എന്റെ മണ്ഡലത്തിൽ അല്ല കേരളത്തിൽ ആകെ ഫോമക്ക് ഒരുപാട് പ്രവർത്തങ്ങൾ ചെയ്യാൻ സാധിച്ചിട്ടുണ്ട് .

എന്നെ അതിൽ പങ്കാളിയാക്കിയത് എന്റെ ദൈവം അവരെ എന്നിലേക്ക് നയിച്ചത് കൊണ്ടാണെന്ന് ഞാൻ കരുതുന്നു . നിങ്ങളുടെ കൈകൾ നിങ്ങളുടെ പ്രവർത്തനങ്ങൾ അനവധി ദുഖങ്ങൾക്ക് താങ്ങായി തീരട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

ഏറ്റവും വലിയ ജനാധിപത്യ രാജ്യം നമ്മുടെ ഇന്ത്യ മഹാരാജ്യം തന്നെയാണ്. എന്നാൽ പഴക്കം ചെന്ന ജനാധിപത്യ രാജ്യം അമേരിക്കയാണ് . ഈ ജനാധിപത്യത്തിൽ ഏറ്റവും വലിയ തൂണ് ആണ് പ്രസ് , മീഡിയാസ് . കാരണം നിര്ഭയമായി വാർത്തകളെ മറ്റുള്ളവർക്ക് പകർന്ന് കൊടുക്കേണ്ട കടമയാണ് പ്രസ്സിന് ഉള്ളത്. അത് കൃത്യമായി നിർവഹിക്കുന്നത് കൊണ്ടാണ് ലോകത്തിലെ വിശേഷങ്ങളും നമ്മുടെ നാടിന്റെ കുഴപ്പങ്ങളും നാട്ടിൽ തിന്മകളുണ്ടോ നാട്ടിൽ നന്മകളുണ്ടോ എന്നൊക്കെ ലോകം മുഴുക്കെ അറിയുന്നത്.

എന്തായാലും നമ്മുടെ ജനാധിപത്യം ഏകാധിപത്യത്തിലേക്ക് പോകുന്ന സമ്പ്രദായം ഉണ്ടെങ്കിലും ഇപ്പോഴും സത്യസന്ധമായ വാർത്തകളുമായി മുൻപന്തിയിൽ വരുന്നവരെ ജനങ്ങൾ ഹൃദയത്തിൽ ഏറ്റുന്നുണ്ട്. IPCNA ഈ സമ്മേളനം നടത്തുന്നതിൽ വലിയ സന്തോഷമുണ്ട്. നാട്ടിൽ നിന്നുള്ള പ്രഗത്ഭർ ഒക്കെ ഇവിടെ ഒത്തുകൂടി ഒരു കുടുംബം പോലെ നമുക്ക് സന്തോഷം പ്രദാനം ചെയ്യുന്നു. ഇനിയും ഒത്തിരി ഉയരങ്ങളിലേക്ക് പടർന്നു പന്തലിക്കട്ടെ നിങ്ങളുടെ പ്രവർത്തനങ്ങൾ .

Author

Leave a Reply

Your email address will not be published. Required fields are marked *