നിയമ സേവനവാരത്തോടനുബന്ധിച്ച് സർക്കാർ വകുപ്പുകളിലെ ഭിന്നശേഷി പരാതി പരിഹാര ഉദ്യോഗസ്ഥർക്കുള്ള പരിശീലന പരിപാടി സംഘടിപ്പിച്ചു. തൈക്കാട് ഗവൺമെന്റ് ഗസ്റ്റ് ഹൗസിൽ നടന്ന പരിശീലന പരിപാടി ഡോ. ജോൺ ബ്രിട്ടാസ് എം.പി ഉദ്ഘാടനം ചെയ്തു.സമൂഹത്തിൽ ഭിന്നശേഷിക്കാരെ കുറിച്ചുള്ള അവബോധം സൃഷ്ടിക്കുക എന്നതാണ് ഏറ്റവും പ്രധാനപ്പെട്ടതെന്ന് ജോൺ ബ്രിട്ടാസ് എം.പി പറഞ്ഞു. ഈ മേഖല കൈകാര്യം ചെയ്യുന്ന ഉദ്യോഗസ്ഥർ തുടങ്ങി സാധാരണക്കാർ ഉൾപ്പെടെയുള്ളവർ ഈ സാമൂഹിക അവബോധ പ്രക്രിയയിൽ പങ്കാളികളാകണം. ഭിന്നശേഷിക്കാർക്ക് ഉപജീവനമാർഗവും അന്തസ്സും നൽകണം. ഇതിലൂടെ ഒരുപരിധിവരെയുള്ള പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാനാകും. റാമ്പുകൾ മാത്രം പണിതത് കൊണ്ടായില്ലെന്നും ഭിന്നശേഷി സൗഹൃദ സമൂഹത്തിനായി ഇനിയും ഏറെ മുന്നോട്ടു പോകാനുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.സംസ്ഥാന ഭിന്നശേഷി കമ്മിഷണർ എച്ച്.എസ് പഞ്ചാപകേശൻ അധ്യക്ഷത വഹിച്ചു. തിരുവനന്തപുരം ജില്ലാ നിയമ സേവന അതോറിറ്റി സെക്രട്ടറിയും സബ്ജഡ്ജിയുമായ ഷംനാദ് എസ്., സംസ്ഥാന ഭിന്നശേഷി കമ്മിഷണറേറ്റ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ രാജേഷ് എം, ഡെപ്യൂട്ടി സെക്രട്ടറി സൈനുല്ലാബ്ദീൻ, വിവിധ സർക്കാർ വകുപ്പുകളിലെ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.