ജൽ ജീവൻ മിഷൻ: വള്ളിക്കോട് ഗ്രാമപഞ്ചായത്തിൽ 16.6 കോടിയുടെ സമഗ്ര കുടിവെള്ള പദ്ധതി

Spread the love

പഞ്ചായത്തുകളിലെ എല്ലാ വീടുകളിലും ശുദ്ധീകരിച്ച ജലം എത്തിക്കുക സർക്കാർ ലക്ഷ്യം: മന്ത്രി റോഷി അഗസ്റ്റിൻ
പത്തനംതിട്ട കോന്നി നിയോജകമണ്ഡലത്തിൽ വള്ളിക്കോട് ഗ്രാമപഞ്ചായത്തിലെ ജൽ ജീവൻ മിഷൻ സമഗ്ര കുടിവെള്ള പദ്ധതിയുടെ നിർമാണോദ്ഘാടനം ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിച്ചു. വള്ളിക്കോട് പഞ്ചായത്തിലെ 3311 കുടുംബങ്ങളിലേക്ക് നേരിട്ട് കുടിവെള്ള കണക്ഷൻ ലഭിക്കുന്ന പദ്ധതിയാണ് 16.6 കോടി രൂപ ചെലവിൽ നടപ്പാക്കുന്നത്. വള്ളിക്കോട് പഞ്ചായത്തിലെ പഴയ പൈപ്പുകൾ മാറ്റി പുതിയത് സ്ഥാപിക്കുന്നതിന് കിഫ്ബിയിൽ നിന്നും ആറു കോടി രൂപ അനുവദിച്ചുള്ള പദ്ധതിയുടെയും പട്ടികജാതി കോർപ്പസ് ഫണ്ടിൽനിന്നുള്ള 1.69 കോടി രൂപയുടെ മൂർത്തിമുരുപ്പ് കുടിവെള്ള പദ്ധതിയുടെയും നിർമ്മാണ ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു.
പഞ്ചായത്തുകളിൽ എല്ലാ വീടുകളിലും ശുദ്ധീകരിച്ച ജലം എത്തിക്കുകയെന്നതാണ് സർക്കാർ ലക്ഷ്യമെന്ന് ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. ഭൂഗർഭ ജലത്തിൻറെ നില താഴുന്നതും കടലിലെ ജലനിരപ്പ് ഉയരുന്നതുമായ പ്രതിഭാസമാണ് ഇപ്പോൾ കാണുന്നത്. ഈ സ്ഥിതിയിൽ ശുദ്ധജല ലഭ്യത ഉറപ്പുവരുത്തുന്നതിനാണ് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ സംയോജിതമായി ഏറെ പ്രാധാന്യത്തോടെ ജൽ ജീവൻ മിഷൻ എന്ന ദൗത്യം ഏറ്റെടുത്തിരിക്കുന്നത്. സംസ്ഥാനത്തെ 70,82,000 കുടുംബങ്ങളിൽ ജലം എത്തിക്കുക എന്നതാണ് ലക്ഷ്യം വയ്ക്കുന്നത്. 17 ലക്ഷം കുടുംബങ്ങൾക്ക് ജലം എത്തിച്ചുകൊടുക്കാൻ 36 വർഷം വേണ്ടിവന്നു. കഴിഞ്ഞ രണ്ടു വർഷം കൊണ്ട് ഇത് 38 ലക്ഷമായി ഉയർത്തി. ജല്‍ ജീവന്‍ മിഷനുമായി ബന്ധപ്പെട്ടു മണ്ഡലത്തിൽ ജനീഷ് കുമാർ എംഎൽഎ നടത്തിയ പ്രവർത്തനങ്ങൾ ഏറെ പ്രശംസനീയം ആണെന്നും മന്ത്രി പറഞ്ഞു.വള്ളിക്കോട് പഞ്ചായത്തിൽ വലിയ നേട്ടമാണ് പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ ഉണ്ടാകുന്നതെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച അഡ്വ. ജനീഷ് കുമാർ എം.എൽ.എ പറഞ്ഞു. രാജ്യത്തിൻറെ പല ഭാഗത്തും പദ്ധതിയുമായി ബന്ധപ്പെട്ട് പ്രതിസന്ധികൾ ഉണ്ടായിട്ടും സംസ്ഥാനത്ത് പദ്ധതി നടപ്പാക്കുന്നതിൽ മന്ത്രിയുടെ ഇടപെടൽ എടുത്തുപറയേണ്ടതാണെന്നും എം.എൽ.എ പറഞ്ഞു.ശുദ്ധമായ കുടിവെള്ളം എല്ലായിടത്തും എത്തുക എന്നത് ഒരു നാടിനെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രധാനപ്പെട്ടതാണ് എന്ന യാഥാർത്ഥ്യം മനസ്സിലാക്കിയാണ് പദ്ധതി നടപ്പാക്കുന്നതെന്ന് ആന്റോ ആൻറണി എം.പി പറഞ്ഞു.

Author

Leave a Reply

Your email address will not be published. Required fields are marked *