പുനരുപയോഗ ഊർജ്ജഉപയോഗം പ്രോത്സാഹിപ്പിക്കണം: മുഖ്യമന്ത്രി152 കോടി രൂപ ചെലവിൽ കോട്ടയം കുറവിലങ്ങാട് സ്ഥാപിച്ച കെ.എസ്.ഇ.ബി.യുടെ സംസ്ഥാനത്തെ ആദ്യ ഗ്യാസ് ഇൻസുലേറ്റഡ് 400 കെ.വി. സബ്‌സ്‌റ്റേഷൻ മുഖ്യമന്ത്രി പിണറായി വിജയൻ നാടിനു സമർപ്പിച്ചു. പുനരുപയോഗ ഊർജ്ജ ഉപയോഗം പ്രോത്സാഹിപ്പിച്ച് ഊർജ്ജ ഉപയോഗത്തിൽ സവിശേഷ സംസ്‌ക്കാരം രൂപപ്പെടണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഗതാഗതം, വ്യവസായ, ഗാർഹിക മേഖലകളിൽ ഫോസിൽ ഇന്ധന ഉപയോഗം കുറച്ചുകൊണ്ട് പുനരുപയോഗ ഊർജ്ജ ഉപയോഗം പ്രോത്സാഹിപ്പിക്കണം. രാജ്യത്ത് ആദ്യമായി വൈദ്യുതി വാഹനനയം പ്രഖ്യാപിച്ചത് കേരളമാണ്. വൈദ്യുതി ഉൽപാദനവും വെള്ളം, കാറ്റ്, സൗരോർജ്ജം തുടങ്ങിയ പുനരുപയോഗ ഊർജ്ജസ്രോതസുകളിലേക്ക് മാറ്റണമെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.കൽക്കരി ആശ്രയത്വം കുറയ്ക്കാനാണ് സംസ്ഥാന സർക്കാർ ശ്രമിക്കുന്നത്. ഇതിന് ജലസംഭരണികളെ കൂടുതൽ ഫലപ്രദമായി ഉപയോഗിക്കണം.
കേരളത്തിന്റെ ഊർജ്ജ മേഖലയെ കാലഘട്ടത്തിന്റെ ആവശ്യത്തിനനുസരിച്ച് പരിവർത്തിപ്പിക്കാൻ ലക്ഷ്യമിട്ട് നടപ്പാക്കുന്ന പദ്ധതിയാണ് ഊർജ്ജകേരള മിഷൻ. സൗര, ഫിലമെന്റ് രഹിത കേരളം, ദ്യുതി, ട്രാൻസ്ഗ്രിഡ് 2.0 എന്നിയെല്ലാം ഇതിൽ ഉൾപ്പെടുന്നു. സംസ്ഥാനത്ത് സൗരപദ്ധതിയിലൂടെ 1000 മെഗാവാട്ട് സൗരോർജ്ജ ഉൽപാദനം ലക്ഷ്യമിടുന്നു. അതിൽ 500 മെഗാവാട്ട് പുരപ്പുറ സൗരോർജ്ജ പദ്ധതിയിലൂടെയാണ്. പുരപ്പുറ സൗരോർജ്ജപദ്ധതിയിലൂടെ സൗരോർജ്ജ ശേഷി 800 മെഗാവാട്ടിൽ എത്തിയിട്ടുണ്ട്. ആവശ്യക്കാർക്ക് എൽ.ഇ.ഡി. ബൾബുകൾ കുറഞ്ഞനിരക്കിൽ നൽകുന്ന ഫിലമെന്റ്‌രഹിത കേരളം പദ്ധതിയിലൂടെ 1.5 കോടിയിലധികം ബൾബുകൾ വിതരണം ചെയ്തു. തദ്ദേശസ്ഥാപനങ്ങളും കെ.എസ്.ഇ.ബി.യും ചേർന്ന് തെരുവുവിളക്കുകൾ എൽ.ഇ.ഡിയിലേക്ക് മാറ്റുന്ന നിലാവ് പദ്ധതി നല്ല സ്വീകാര്യതയോടെ നടപ്പാക്കിയെന്നും മുഖ്യമന്ത്രി പറഞ്ഞു.
കുറവിലങ്ങാട് പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ നടന്ന ചടങ്ങിൽ വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണൻകുട്ടി അധ്യക്ഷത വഹിച്ചു. സബ്‌സ്‌റ്റേഷനിൽ സ്വിച്ച്ഓൺ കർമം മന്ത്രി നിർവഹിച്ചു. അഡ്വ. മോൻസ് ജോസഫ് എം.എൽ.എ., തോമസ് ചാഴികാടൻ എം.പി. എന്നിവർ വിശിഷ്ടാതിഥികളായി. കെ.എസ്.ഇ.ബി. ഡയറക്ടർ (ട്രാൻസ്മിഷൻ) സജി പൗലോസ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു, കെ.എസ്.ഇ.ബി. ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. രാജൻ എൻ. ഖോബ്രഗഡെ, ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോൺസൺ പുളിക്കീൽ, കുറവിലങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി മത്തായി, ജില്ലാ പഞ്ചായത്തംഗം നിർമ്മല ജിമ്മി, കെ.എസ്.ഇ.ബി. സ്വതന്ത്ര ഡയറക്ടർ അഡ്വ. പി. മുരുകദാസ്, ബ്ലോക്ക് പഞ്ചായത്തംഗം പി.സി. കുര്യൻ, ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷ ടെസി സജീവ്, ഗ്രാമപഞ്ചായത്തംഗം ഡാർലി ജോജി, ചീഫ് എൻജിനീയർ ട്രാൻസ്ഗ്രിഡ് ആർ. രാജേഷ്, രാഷ്ട്രീയപാർട്ടി പ്രതിനിധികളായ കെ. ജയകൃഷ്ണൻ, സദാനന്ദ ശങ്കർ, എ.എൻ. ബാലകൃഷ്ണൻ, എം.റ്റി. കുര്യൻ, അനിൽകുമാർ കാരക്കൽ, സിബി മാണി, സനോജ് മിറ്റത്താനി, സി.എം. പവിത്രൻ, എം.ആർ. ബിനേഷ്, കെ.ജെ. രാജീവ്, സി.എ. അഗസ്റ്റിൻ, യു.ഡി. മത്തായി, ഷാജി എബ്രഹാം ചിറ്റക്കാട്ട്, ബേബിച്ചൻ തയ്യിൽ എന്നിവർ പങ്കെടുത്തു.