ഹൂസ്റ്റൺ : നവംബർ അഞ്ചാം തീയതി സ്റ്റാഫോര്‍ഡില്‍ ചേര്‍ന്ന എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗം, ഫോറത്തിന്റെ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കാന്‍ തീരുമാനിച്ചു. ഇതിന്റെ ഭാഗമായി അമേരിക്കയിലെ എല്ലാ സംസ്ഥാനങ്ങളിലും സംഘടനയുടെ ശാഖകള്‍ തുടങ്ങുവാന്‍ തീരുമാനിച്ചു.
ആസന്നമായിരിക്കുന്ന തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്താനുള്ള പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാന്‍ യോഗം തീരുമാനിച്ചു. ഇതിന്റെ ഭാഗമായി സ്ഥാനാര്‍ത്ഥികളെ പങ്കെടുപ്പിച്ചുകൊണ്ട് മീറ്റ് & ഗ്രീറ്റ്, സ്റ്റിഡി ക്ലാസുകള്‍, ഇലക്ഷന്‍ കണ്‍വന്‍ഷന്‍ തുടങ്ങിയവ സംഘടിപ്പിക്കാന്‍ യോഗം തീരുമാനിച്ചു.
2020 ജനുവരി 26-നാണ് ഇന്‍ഡോ അമേരിക്കന്‍ റിപ്പബ്ലിക്കന്‍ ഫോറം അന്നത്തെ പോര്‍ട്ട്‌ലാന്‍ഡ് ജി.ഒ.പി കൗണ്ടി ചെയര്‍ ലിന്‍ഡാ ഹവ്വല്‍ ഉദ്ഘാടനം ചെയ്തത്.
മാനുഷീക മൂല്യങ്ങളായ ദൈവ വിശ്വാസം, ഉറച്ച കുടുംബ ജീവിത അടിത്തറ, ധാര്‍മ്മിക മൂല്യങ്ങള്‍ എന്നിവ ഉയര്‍ത്തിക്കൊണ്ടുവരുന്നതില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി പ്രതിജ്ഞാബദ്ധമാണെന്ന് യോഗത്തില്‍ പങ്കെടുത്ത് സംസാരിച്ചവര്‍ അഭിപ്രായപ്പെട്ടു. സ്വര്‍ഗ്ഗ വിവാഹം, ഗര്‍ഭഛിദ്രം, നിയമ വിരുദ്ധ കുടിയേറ്റം, മയക്കുമരുന്നുകളുടെ ഉപയോഗം തുടങ്ങിയ അധാര്‍മ്മിക പ്രവണതകള്‍ പാര്‍ട്ടി ശക്തമായി എതിര്‍ക്കുന്നു. ഇന്ന് രാജ്യം വല്ലാത്ത ഒരു അരക്ഷിതാവസ്ഥയിലൂടെയാണ് കടന്നുപോകുന്നത്. പണപ്പെരുപ്പവും, വര്‍ധിച്ചിച്ച ജീവിത ചെലവുകളും സാധാരണക്കാരുടെ ജീവിതം ദുഷ്‌കരമാക്കി. റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഭരിച്ചപ്പോള്‍ തൊഴിലില്ലായ്മ നിരക്ക് മറ്റേത് വര്‍ഷത്തേക്കാളും കുറവായിരുന്നു. സുശക്തമായ ഒരു സമ്പദ് വ്യവസ്ഥയാണ് റിപ്പബ്ലിക്കന്‍ പാര്‍ട്ടി വിഭാവനം ചെയ്യുന്നത്.
ഇന്ന് അനധികൃത കുടിയേറ്റം വളരെ വര്‍ധിച്ചിരിക്കുന്നു. ഉറച്ച ആദ്ധ്യാത്മിക മൂല്യങ്ങള്‍, ഉറപ്പുള്ള കുടുംബങ്ങള്‍, ചെറുപ്പക്കാര്‍ നേരിടുന്ന നിരാശ തുടങ്ങിയ കാര്യങ്ങള്‍ ഇന്ന് അമേരിക്ക നേരിടുന്ന പ്രശ്‌നങ്ങളാണ്. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ ആദര്‍ശങ്ങള്‍ക്ക് മാത്രമേ സനാതന മൂല്യങ്ങള്‍ സംരക്ഷിക്കാന്‍ സാധിക്കുകയുള്ളൂ.
വരുംദിനങ്ങളില്‍ പാര്‍ട്ടി സംസ്ഥാന നേതാക്കളെ പങ്കെടുപ്പിച്ചുകൊണ്ട് സ്റ്റഡി ക്ലാസുകള്‍, സെമിനാറുകള്‍, ഓണ്‍ലൈന്‍ ന്യൂസ് തുടങ്ങിയ ആരംഭിക്കാന്‍ യോഗം നിര്‍ദേശിച്ചു.
ഫോറം പ്രസിഡന്റ് ഡോ. മാത്യു വൈരമണ്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ചാക്കോ മുട്ടുങ്കല്‍ സ്വാഗതം ആശംസിച്ചു. ജോണ്‍ കുന്തറ, ബോബി ജോസഫ്, ടോമി ചിറയില്‍, മാത്യു പന്നാപ്പാറ, മനോജ് ജോണ്‍, സജി വര്‍ഗീസ്, ഷിജോ ജോയ് എന്നിവര്‍ യോഗത്തില്‍ സംസാരിച്ചു.