കായിക മേഖലയ്ക്കൊപ്പം ആരോഗ്യ മേഖലയിലും ക്യൂബയുമായി സഹകരിച്ച് പ്രവർത്തിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കഴിഞ്ഞ ജൂണിൽ കേരളത്തിൽ നിന്നുള്ള ഔദ്യോഗിക സംഘം ക്യൂബ സന്ദർശിച്ച വേളയിലാണ് കായിക, ആരോഗ്യ മേഖലകളിൽ സഹകരിക്കാൻ ധാരണയായത്. തിരുവനന്തപുരത്ത് ചെ ഇന്റർനാഷണൽ ചെസ് ഫെസ്റ്റിവൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.കേരളവും ക്യൂബയും പല കാര്യങ്ങളിലും സാമ്യമുള്ള നാടുകളാണ്. രണ്ടിടത്തും തീരദേശം നിറഞ്ഞ ഭൂപ്രകൃതിയാണ്. പൊതുജനാരോഗ്യ രംഗത്തും രണ്ടു സ്ഥലങ്ങളും മുന്നേറിയിട്ടുണ്ട്. ഇത് വികസിത രാജ്യങ്ങൾക്ക് മാതൃകയാണ്. കോവിഡ് കാലത്ത് ക്യൂബയിൽ നിന്നുള്ള ഡോക്ടർമാർ സഹായദൗത്യവുമായി മറ്റു രാജ്യങ്ങളിൽ പോയി. കേരളവും കോവിഡിനെ ഫലപ്രദമായി ചെറുത്ത് മാതൃകയായി.