നിരന്തരമായ ബോധവല്‍ക്കരണ ക്ലാസുകള്‍ നല്‍കിയിട്ടും സൈബര്‍ ചതിക്കുഴിയില്‍പ്പെടുന്നവരുടെ എണ്ണം വര്‍ധിച്ചു വരുന്നതായി വനിതാ കമ്മിഷന്‍ അംഗം അഡ്വ. ഇന്ദിര രവീന്ദ്രന്‍ പറഞ്ഞു. തൃശ്ശൂര്‍ ബാലഭവനില്‍ നടന്ന വനിതാ കമ്മിഷന്‍ ജില്ലാതല സിറ്റിംഗിനു ശേഷം സംസാരിക്കുകയായിരുന്നു വനിതാ കമ്മീഷന്‍ അംഗം.
വനിതകള്‍ക്ക് നേരെ വര്‍ധിച്ചുവരുന്ന സൈബര്‍ കുറ്റകൃത്യങ്ങള്‍ ഗൗരവമായാണ് വനിത കമ്മിഷന്‍ കാണുന്നത്. ഇതിനെതിരേ ബോധവല്‍ക്കരണവും നിയമനടപടികളുമായി മുന്നോട്ടു പോകും. സമീപകാലത്തായി ലഭിക്കുന്ന പരാതികളില്‍ വനിതകള്‍ക്ക് നേരെയുള്ള കുറ്റകൃത്യങ്ങള്‍ വര്‍ധിച്ചുവരുന്നതായാണ് കാണുന്നത്. ആവശ്യമായ ബോധവല്‍ക്കരണവും നിയമ നടപടികളും വിവിധ വകുപ്പുകളുമായി സഹകരിച്ച് നടത്തി വരുന്നുണ്ട്. സൈബര്‍ കുറ്റകൃത്യങ്ങളകുറിച്ച് സ്ത്രീകള്‍ക്കിടയില്‍ അവബോധം സൃഷ്ടിക്കുന്നതിനായി സോഷ്യല്‍ മീഡിയ ബോധവല്‍ക്കരണ ക്ലാസുകള്‍ ഉള്‍പ്പെടെ നല്‍കി വരുകയാണെന്നും വനിതാ കമ്മീഷന്‍ അംഗം പറഞ്ഞു.
സംസ്ഥാന, ജില്ലാ, സബ്ജില്ലാ തലങ്ങളിലായി ആവശ്യമായ അവബോധം സൃഷ്ടിക്കുന്നതിന് വനിതാ കമ്മിഷന്‍ സെമിനാറുകള്‍ സംഘടിപ്പിക്കുന്നുണ്ട്. ഓരോ മേഖലയിലെയും വനിതകളുടെ പ്രശ്നങ്ങള്‍ മനസിലാക്കി സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനായി പബ്ലിക് ഹിയറിംഗുകള്‍ സംഘടിപ്പിച്ചു വരുകയാണ്. ഇതിനു പുറമേ തീരദേശത്തെ വനിതകളുടെ പ്രശ്നങ്ങള്‍ പഠിക്കുന്നതിനായി പ്രത്യേക തീരദേശ ക്യാമ്പും തുടങ്ങി കഴിഞ്ഞു. ഇതിന്റെ ഭാഗമായി ബോധവല്‍ക്കരണ ക്ലാസുകളും ഗൃഹസന്ദര്‍ശനവും ഉദ്യോഗസ്ഥ തല ഏകോപന യോഗവും നടത്തുന്നുണ്ട്. തൃശൂര്‍ ജില്ലയില്‍ വനിത ഹോം ഗാര്‍ഡുമാരുടെ പ്രശ്നങ്ങള്‍ മനസിലാക്കുന്നതിനുള്ള പബ്ലിക് ഹിയറിംഗ് ഡിസംബര്‍ 14 നും, ആദിവാസി മേഖലയിലുള്ള ക്യാമ്പ് ഡിസംബര്‍ രണ്ട്, മൂന്ന് തീയതികളിലും സംഘടിപ്പിക്കുമെന്നും വനിതാ കമ്മിഷന്‍ അംഗം പറഞ്ഞു.
സിറ്റിംഗില്‍ പരിഗണിച്ച 69 പരാതികളില്‍ 18 എണ്ണം തീര്‍പ്പാക്കി. ആറ് പരാതികള്‍ വിവിധ വകുപ്പുകളുടെ റിപ്പോര്‍ട്ടിനായി നല്‍കി. 45 പരാതികള്‍ അടുത്ത അദാലത്തിനായി മാറ്റിവച്ചു. ഗാര്‍ഹിക പരാതികള്‍, വിവാഹമോചനം, കുട്ടികളുടെ പഠന ചിലവ് തുടങ്ങിയവയായിരുന്നു കൂടുതലായി ലഭിച്ച പരാതികള്‍. വസ്തു ഭാഗം വയ്പ്പുമായി ബന്ധപ്പെട്ട നിയമോപദേശം തേടിയുള്ള പരാതിയില്‍ നിയമസഹായം ഉറപ്പാക്കി. പ്രൈവറ്റ് ബാങ്കുമായി ബന്ധപ്പെട്ട സാമ്പത്തിക പരാതിയില്‍ പലിശ ഇളവു ചെയ്ത് തീര്‍പ്പാക്കി.
ജില്ലാതല സിറ്റിംഗില്‍ അഡ്വ. സജിത അനില്‍, അഡ്വ. പി.എസ്. രജിത, കൗണ്‍സിലര്‍ മാല രമണന്‍, തൃശൂര്‍ റൂറല്‍ വനിതാ സെല്‍ ഇന്‍സ്പെക്ടര്‍ ടി.ഐ. എല്‍സി തുടങ്ങിയവര്‍ പങ്കെടുത്തു.