മറിയക്കുട്ടിക്ക് കെപിസിസിയുടെ നേതൃത്വത്തില്‍ വീട് നിര്‍മ്മിച്ച് നല്‍കും : കെ.സുധാകരന്‍

Spread the love

ക്ഷേമപെന്‍ഷന്‍ കിട്ടാത്തതിന്റെ പേരില്‍ പ്രതിഷേധിച്ച ഇടുക്കിയിലെ മറിയക്കുട്ടിക്ക് കെപിസിസിയുടെ നേതൃത്വത്തില്‍ വീട് നിര്‍മ്മിച്ച് നല്‍കുമെന്ന് കെ.സുധാകരന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.രണ്ടു മാസം കൊണ്ട് വീടിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കും. നവകേരള സദസില്‍ നിന്ന് കുട്ടികളെ ഒഴിവാക്കാനുള്ള ഹൈക്കോടതി ഉത്തരവ് സ്വാഗാതര്‍ഹം.

ഭരണത്തിന്റെ മുഴുവന്‍ സ്വാധീനവും ഉപയോഗിച്ച് നടത്തുന്ന കൊള്ളയാണ് നവകേരള സദസ്. നവകേരള സദസ് അശ്ലീലമായി തുടരുന്നു.മുഖ്യമന്ത്രിക്ക് ഷോ കാണിക്കാന്‍ വേണ്ടി നടത്തുന്ന ജനസദസ്സ് പാര്‍ട്ടി ഫണ്ട് ഉപയോഗിച്ച് നടത്തണം. അല്ലാതെ, പാവപ്പെട്ട നിക്ഷേപകരുടെയും സഹകരണ സ്ഥാപനങ്ങളിലെയും പണം ഉപയോഗിച്ചല്ല മുഖ്യമന്ത്രിയുടെ ഗുണ്ടാ സദസ് സംഘടിപ്പിക്കേണ്ടതെന്നും കെ.സുധാകരന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

മുഖ്യമന്ത്രി ആരെയാണ് യഥാര്‍ത്ഥത്തില്‍ കാണുന്നത് ?മന്ത്രിമാര്‍ക്ക് എന്താണ് റോള്‍ ? പരാതി പറയാന്‍ വരുന്നവര്‍ക്ക് മുഖ്യമന്ത്രിയെ കാണാന്‍ കഴിയുന്നുണ്ടോ? ഉദ്യോഗസ്ഥനോട് പരാതി പറഞ്ഞാല്‍ മതിയെങ്കില്‍ എന്തിനാണ് ഈ മാമാങ്കം നടത്തുന്നതെന്നും പരാതികള്‍ സര്‍ക്കാര്‍ ഓഫീസില്‍ കൊടുത്താല്‍ പോരെയെന്നും കെ.സുധാകരന്‍ ചോദിച്ചു. നവകേരള സദസില്‍ പങ്കെടുക്കണ്ടായെന്നും യുഡിഎഫ് ഭരണസമിതിയുടെ നേതൃത്വത്തിലുള്ള സഹകരണ സ്ഥാപനങ്ങള്‍ പണം നല്‍കരുതെന്നും യോജിച്ചെടുത്ത തീരുമാനമാണ്. അത് തിരസ്‌കരിച്ച് നവകേരള സദസില്‍ പങ്കെടുക്കുകയോ, അതിന് പണം നല്‍കുകയോ ചെയ്യുന്നത് ഏത് കൊമ്പനായാലും നടപടിയെടുക്കും.

കലാപ ആഹ്വാനം നടത്തിയ മുഖ്യമന്ത്രിക്കെതിരെ നിയമ നടപടി സ്വീകരിക്കും. കരിങ്കൊടി കാട്ടിയ കെ.എസ്.യു പ്രവര്‍ത്തകര്‍ക്ക് ജീവന്‍ രക്ഷിക്കാനായത് ആയുസിന്റെ ബലം കൊണ്ടാണ്. സിപിഎം ഗുണ്ടകളുടെ ആക്രമത്തെ ജീവന്‍ രക്ഷാപ്രവര്‍ത്തനം എന്ന് ന്യായീകരിച്ച മുഖ്യമന്ത്രി മനുഷ്യനാണോ? മുഖ്യമന്ത്രി തലതിരിഞ്ഞ നയം തിരുത്തിയില്ലെങ്കില്‍ കോണ്‍ഗ്രസിന്റെ കരിങ്കൊടി പ്രതിഷേധ സമരം ഇനിയും തുടരും. യൂത്ത് കോണ്‍ഗ്രസുമായി ബന്ധപ്പെട്ട വിഷയം പാര്‍ട്ടി പരിശോധിക്കും. വ്യാജ രേഖയും ഐഡികാര്‍ഡും ഉണ്ടാക്കിയും കള്ളവോട്ട് ചെയ്തും സഹകരണ ബാങ്കുകളിലെ തിരഞ്ഞെടുപ്പ് അട്ടിമറിച്ച സിപിഎമ്മിന്റെ നടപടിയെ കുറിച്ച് ആര്‍ക്കും പരാതിയില്ലെയെന്നും സുധാകരന്‍ ചോദിച്ചു. യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടവുമായി താന്‍ സംസാരിച്ചു. താന്‍ വിശ്വാസപൂര്‍വ്വം കാണുന്ന യുവനേതാവാണ് രാഹുല്‍.
യൂത്ത് കോണ്‍ഗ്രസ് വിഷയത്തില്‍ മുന്‍വിധിയോടെ ഒന്നും കാണേണ്ടതില്ലെന്നും യൂത്ത് കോണ്‍ഗ്രസ്സ് പ്രസിഡന്റിന്റെ വണ്ടിയില്‍ പ്രവര്‍ത്തകര്‍ യാത്ര ചെയ്യുന്നത് സ്വാഭാവികമാണെന്നും സുധാകരന്‍ പറഞ്ഞു.

 

Author

Leave a Reply

Your email address will not be published. Required fields are marked *