നവകേരള സദസിന് തദ്ദേശ സ്ഥാപനങ്ങള്‍ പണം നല്‍കണമെന്ന ഉത്തരവ് നിയമവിരുദ്ധം

Spread the love

പ്രതിപക്ഷ നേതാവ് തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താസമ്മേളനം (24/11/2023).

നവകേരള സദസിന് തദ്ദേശ സ്ഥാപനങ്ങള്‍ പണം നല്‍കണമെന്ന ഉത്തരവ് നിയമവിരുദ്ധം; തദ്ദേശ ഭരണ സമിതികളുടെ തീരുമാനം അംഗീകരിക്കാന്‍ സെക്രട്ടറിമാര്‍ക്ക് ബാധ്യതയുണ്ട്; പറവൂര്‍ നഗരസഭ സെക്രട്ടറിയെ ഭീഷണിപ്പെടുത്തിയത് മന്ത്രിയുടെ ഓഫീസ്; യു.ഡി.എഫ് നിയമ നടപടി സ്വീകരിക്കും

തിരുവനന്തപുരം :  നവകേരള സദസിന് തദ്ദേശ സ്ഥാപനങ്ങളോട് പണം ആവശ്യപ്പെട്ട് അഡീ. ചീഫ് സെക്രട്ടറി ശാരദ മുരളീധരന്‍ നവംബര്‍ ഒന്നിന് ഇറക്കിയ ഉത്തരവ് നിയമവിരുദ്ധമാണ്. പഞ്ചായത്തുകളോടും മുന്‍സിപ്പാലിറ്റികളോടും കോര്‍പറേഷനുകളോടും തനത് ഫണ്ടില്‍ നിന്നും പണം നല്‍കണമെന്ന് നിര്‍ദേശിക്കാനുള്ള അധികാരം സര്‍ക്കാരിനോ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കോ ഇല്ല. 1960-ലെ മുന്‍സിപ്പല്‍ ആക്ടില്‍ ഇത് ഉണ്ടായിരുന്നെങ്കിലും 72, 73 ഭരണഘടന

ഭേദഗതികളുടെ അടിസ്ഥാനത്തില്‍ 1994 -ല്‍ കേരള മുന്‍സിപ്പല്‍ ആക്ട് ഉണ്ടായി. മുന്‍സിപ്പല്‍ ആക്ടിന്റെ ചാപ്റ്റര്‍ അഞ്ചില്‍ തദ്ദേശ സ്ഥാപനങ്ങളുടെ തനത് ഫണ്ടില്‍ നിന്നും പണം നല്‍കണമെന്ന് നിര്‍ദ്ദേശിക്കാനുള്ള അധികാരമില്ലെന്ന് വ്യക്തമാക്കുന്നുണ്ട്. നവകേരള സദസിന് പിന്നാലെ സരസ് മേളയ്ക്കും സര്‍ക്കാര്‍ തദ്ദേശ സ്ഥാപനങ്ങളോട് പണം ആവശ്യപ്പെട്ടിരിക്കുകയാണ്. ക്ഷേമ പെന്‍ഷനുകള്‍ക്കും ശമ്പളത്തിനും പണം ഇല്ലാത്ത കാലത്താണ് മുന്‍സിപ്പാലിറ്റികളോട് സര്‍ക്കാര്‍ നിയമ വിരുദ്ധമായി പണം ആവശ്യപ്പെട്ടിരിക്കുന്നത്.

പറവൂര്‍ നഗരസഭയില്‍ നവകേരള സദസിന് പണം നല്‍കാന്‍ തീരുമാനിച്ച സെക്രട്ടറിയെ പ്രതിപക്ഷ നേതാവ് ഭീഷണിപ്പെടുത്തിയെന്ന് മുഖ്യമന്ത്രി പറഞ്ഞത്. നവകേരള സദസിന് യു.ഡി.എഫ് ഭരിക്കുന്ന തദ്ദേശ സ്ഥാപനങ്ങള്‍ പണം നല്‍കേണ്ടതില്ലെന്ന നിര്‍ദ്ദേശം മുന്നണി നല്‍കിയത്, ചില തദ്ദേശ സ്ഥാപനങ്ങള്‍ തുക നല്‍കാനുള്ള നടപടികള്‍ ആരംഭിച്ച ശേഷമാണ്. ഇതേത്തുടര്‍ന്ന് അടിയന്തിര കൗണ്‍സില്‍ ചേര്‍ന്ന് പണം നല്‍കേണ്ടെന്ന് പറവൂര്‍ നഗരസഭ തീരുമാനിച്ചത്. എന്നാല്‍ ഈ തീരുമാനം ലംഘിച്ചാണ് സെക്രട്ടറി പണം നല്‍കിയത്.

1994 ലെ കേരള മുന്‍സിപ്പല്‍ ആക്ട് 15 (ഡി ) പ്രകാരം, മുനിസിപ്പാലിറ്റിയെ സംബന്ധിക്കുന്ന പണം കൊടുക്കുവാനുള്ള അധികാരം മുനിസിപ്പാലിറ്റിയുടെ ചെയര്‍പേഴ്‌സണില്‍ നിക്ഷിപ്തമാണ്. കേരള മുന്‍സിപ്പല്‍ ആക്ട് സെക്ഷന്‍ 49 (എഫ്), 49(ജി ), പ്രകാരം, കൗണ്‍സിലോ ചെയര്‍പേഴ്‌സനോ അധികാരപ്പെടുത്തുന്ന ചെലവുകള്‍ക്കുള്ള തുക മാത്രമേ പണമായോ ചെക്കായോ സെക്രട്ടറി നല്‍കുവാന്‍ പാടുള്ളൂ. മുന്‍സിപ്പല്‍ കമ്മിറ്റിയുടെ തീരുമനം ചെയര്‍പേഴ്‌സണ്‍ സെക്രട്ടറിയെ അറിയിച്ചാല്‍ അത് നടപ്പാക്കാന്‍ സെക്രട്ടറിക്ക് ബാധ്യതയുണ്ട്. 15 (3, ഡി) അനുസരിച്ച് നഗരസഭ പണം നല്‍കണമെങ്കില്‍ ചെയര്‍പേഴ്‌സണ്‍ സെക്രട്ടറിയെ ഓതറൈസ് ചെയ്യണം. ചെയര്‍പേഴ്‌സണ്‍ ഒതറൈസ് ചെയ്യാതെ കൗണ്‍സില്‍ തീരുമാനത്തിന് വിരുദ്ധമായി പണം നല്‍കാനുള്ള അധികാരം സെക്രട്ടറിക്ക് ഇല്ല. 49, 50 വകുപ്പുകളില്‍ സെക്രട്ടറിയുടെ അധികാരത്തെ കുറിച്ച് വ്യക്തമാക്കിയിട്ടുണ്ട്. ഇതില്‍ 49 (1, ബി) അനുസരിച്ച് കൗണ്‍സിലിന്റെ തീരുമാനം നടപ്പാക്കണം.

പണം നല്‍കുന്നത് നിയമവിരുദ്ധമായാണ് നല്‍കുന്നതെന്ന് ചെയര്‍പേഴ്‌സണ്‍ ഉള്‍പ്പെടെയുള്ളപ്പോള്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ പ്രതിപക്ഷ നേതാവുമായി സംസാരിക്കണമെന്നും വിളിച്ചിട്ട് കിട്ടുന്നില്ലെന്നും സെക്രട്ടറി പറഞ്ഞു. പിന്നീട് വിളിച്ചപ്പോള്‍, പണം അനുവദിച്ചില്ലെങ്കില്‍ പ്രൊബേഷന്‍ ക്ലിയര്‍ ചെയ്ത തരില്ലെന്ന് മന്ത്രിയുടെ ഓഫീസും ഉന്നത ഉദ്യോഗസ്ഥരും ഭീഷണിപ്പെടുത്തിയെന്നാണ് സെക്രട്ടറി പറഞ്ഞത്. സെക്രട്ടറിയെ ഭീഷണിപ്പെടുത്തിയത് മന്ത്രിയുടെ ഓഫീസിലെ സ്റ്റാഫുകളും ഉദ്യോഗസ്ഥരുമാണ്.

തദ്ദേശ സ്ഥാപനങ്ങള്‍ പണം നല്‍കണമെന്ന അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ ഉത്തരവ് തന്നെ നിയമവിരുദ്ധമാണ്. നിയമം ലംഘിച്ചാണ് തദ്ദേശ സ്ഥാപനങ്ങളില്‍ സര്‍ക്കാര്‍ പണപ്പിരിവ് നടത്തുന്നത്. ഏറാമല പഞ്ചായത്തിലും ഭരണസമിതി തീരുമാനത്തെ മറികടന്നാണ് സെക്രട്ടറി പണം നല്‍കിയത്. പന്തല്‍ ഇടുന്നതിന് മുന്‍പ് പന്തലുകാരനാണ് പറവൂര്‍ മുന്‍സിപ്പല്‍ സെക്രട്ടറി പണം നല്‍കിയത്. ടെന്‍ഡര്‍ നടപടികള്‍ പോലും ആരംഭിച്ചിട്ടില്ല. മുന്‍സിപ്പാലിറ്റികളുടെ ടെന്‍ഡര്‍ നടപടികളില്‍ ഇളവ് നല്‍കാന്‍ സര്‍ക്കാരിന് അധികാരമില്ല. അഡീഷണ്‍ ചീഫ് സെക്രട്ടറിയുടെയും പറവൂര്‍ നഗരസഭ സെക്രട്ടറിയുടെയും നിയമവിരുദ്ധ നടപടിയെ നിയമപരമായി യു.ഡി.എഫ് ചോദ്യം ചെയ്യും.

നവകേരള സദസിന്റെയും കേരളീയത്തിന്റെയും പേരില്‍ നടന്ന പിരിവുകള്‍ ഭീഷണിപ്പെടുത്തി നടത്തിയതാണ്. നികുതി വെട്ടിപ്പ് തടയാന്‍ ചുമതലയുള്ള ഉദ്യോഗസ്ഥനെക്കൊണ്ട് പണപ്പിരിവ് നടത്തിയ ശേഷമാണ് ഒരു ഉളുപ്പുമില്ലാതെ മുഖ്യമന്ത്രി അയാള്‍ക്ക് ഏറ്റവും കൂടുതല്‍ സ്‌പോണ്‍സര്‍ഷിപ്പ് സംഘടിപ്പിച്ചതിനുള്ള അവാര്‍ഡ് നല്‍കിയത്.

നവകേരള സദസ് എല്‍.ഡി.എഫിന്റെ ജനകീയ അടിത്തറ വിപുലമാക്കാനുള്ള രാഷ്ട്രീയ പരിപാടിയാക്കി മാറ്റണമെന്നാണ് ഇ.പി ജയരാജന്‍ പുറത്തിറക്കിയ സര്‍ക്കുലറില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. നികുതിപ്പണം ഉപയോഗിച്ച് നവകേരള സദസ് സംഘടിപ്പിച്ചിട്ട് മുഖ്യമന്ത്രി രാഷ്ട്രീയ പ്രസംഗമാണ് നടത്തുന്നത്. എല്ലാ ദിവസവും പ്രതിപക്ഷത്തെ വിമര്‍ശിക്കും. സര്‍ക്കാരിന്റെ കാര്യങ്ങളല്ല, രാഷ്ട്രീയ കാര്യങ്ങളാണ് മുഖ്യമന്ത്രി പറയുന്നത്.

നവകേരള സദസില്‍ അഞ്ച് ദിവസമായി ലഭിച്ച പരാതിയെ കുറിച്ചല്ല ഞാന്‍ പറഞ്ഞത്. മെയ് രണ്ട് മുതല്‍ കരുതലും താങ്ങലും എന്ന പേരില്‍ എല്ലാ മന്ത്രിമാരും താലൂക്കുകളില്‍ നടത്തിയ അദാലത്തുകളില്‍ ലഭിച്ച പതിനായിരക്കണക്കിന് പരാതികള്‍ കെട്ടി പരണത്ത് വച്ചിട്ടാണ് ഇപ്പോള്‍ നവകേരള സദസുമായി ഇറങ്ങി പരാതി ശേഖരിക്കുന്നത്. അദാലത്തില്‍ ലഭിച്ച ഒരു പരാതി പോലും പരിഹരിക്കാതെയാണ് അതേ പരാതികല്‍ തന്നെ ഇപ്പോഴും വാങ്ങുന്നത്. കേരളത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് മുഖ്യമന്ത്രിയും മന്ത്രിമാരും 44 ദിവസം തിരുവനന്തപുരത്തെ ഓഫീസില്‍ നിന്നും മാറി നില്‍ക്കുന്നത്. ബ്രേക്ക് ഫാസ്റ്റ് കഴിക്കലും മ്യൂസിയത്തില്‍ വയ്ക്കാന്‍ പോകുന്ന ബസില്‍ യാത്ര ചെയ്യലും മാത്രമാണ് മന്ത്രമാരുടെ ജോലി. മന്ത്രിമാരുടെ ജേലി എന്താണെന്നും അവരെ എന്തിനാണ് കൊണ്ടു പോകുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കണം. ഒറ്റ മഴ പെയ്തപ്പോള്‍ തിരുവനന്തപുരത്ത് വെള്ളക്കെട്ടായി. ഒരു വകുപ്പിലും ഒരു നടപടിയും സ്വീകരിക്കുന്നില്ല.

നിയമവിരുദ്ധമായി തദ്ദേശ സ്ഥാപനങ്ങളില്‍ നിന്നും പണം പിരിക്കാനുള്ള നടപടിക്കെതിരെ നിയമ നടപടി സ്വീകരിക്കും. യൂത്ത് കോണ്‍ഗ്രസുകാരെ കൊലപ്പെടുത്താനുള്ള ശ്രമം ജീവന്‍രക്ഷാ പ്രവര്‍ത്തനമെന്നാണ് മുഖ്യമന്ത്രി ഇപ്പോഴും ന്യായീകരിക്കുന്നത്. ഒരു നിമിഷം പോലും ആ കസേരയില്‍ ഇരിക്കാന്‍

മുഖ്യമന്ത്രിക്ക് യോഗ്യതയില്ല. അണികളോട് കലാപ ആഹ്വാനം നടത്തിയ മുഖ്യമന്ത്രിക്കെതിരെ പരാതി നല്‍കിയിട്ടുണ്ട്. പൊലീസ് നടപടി സ്വീകരിച്ചില്ലെങ്കില്‍ കോടതിയെ സമീപിക്കും. കുട്ടികളെയും തൊഴിലുറപ്പ് തൊഴിലാളികളെയും ആശാ വര്‍ക്കര്‍മാരെയും കുടുംബശ്രീ പ്രവര്‍ത്തകരെയും ഉദ്യോഗസ്ഥരെയും നിര്‍ബന്ധപൂര്‍വം നവകേരള സദസിലേക്ക് എത്തിച്ചതും പോരാഞ്ഞാണ് പക്വതയുള്ള കുട്ടികളെ കൂടി പങ്കെടുപ്പിക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്. വിദ്യാഭ്യാസ മന്ത്രി നിയമസഭയില്‍ കാട്ടിയ പക്വതയാണോ കുട്ടികള്‍ക്ക് വേണ്ടത്? കുട്ടികളെ ഇറക്കി മുഖ്യമന്ത്രിക്ക് മുദ്രാവാക്യം വിളിപ്പിക്കുന്ന നവകേരള സദസ് അശ്ലീലമാണ്. അക്രമം തുടരണമെന്ന് പറയുന്ന മുഖ്യമന്ത്രിക്ക് ക്രിമിനല്‍ മനസാണെന്ന് പറയുന്നതില്‍ എന്താണ് തെറ്റ്?
യൂത്ത് കോണ്‍ഗ്രസുകാരെ ആക്രമിച്ച് ജയിലില്‍ ആയവരെ നവകേരള സദസിന്റെ ഭാഗമായി ആദരിക്കുക കൂടി ചെയ്താല്‍ എല്ലാം പൂര്‍ത്തിയാകും. ഏത് ഭാഷയില്‍ ഇങ്ങോട്ട് പറഞ്ഞാലും പറ്റാവുന്നത്ര കട്ടിയായ ഭാഷയില്‍ അങ്ങോട്ട് പ്രതികരിക്കുക തന്നെ ചെയ്യും.

യു.ഡി.എഫോ യു.ഡി.എഫോ കരിങ്കൊടി പ്രചരണമല്ല വിചാരണ സദസാണ് തീരുമാനിച്ചിരുന്നത്. എന്നാല്‍ കണ്ണൂരില്‍ ഒരു പ്രതിഷേധ പരിപാടികളും സംഘടിപ്പിക്കാതെ തന്നെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കരുതല്‍ തടങ്കലിലാക്കി. അതിനെതിരെയാണ് യൂത്ത് കോണ്‍ഗ്രസ് മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി കാട്ടിയത്. ഗുണ്ടകളെ വിട്ട് തല്ലിക്കാനാണ് തീരുമാനമെങ്കില്‍ കരിങ്കൊടിയുമായി നേതാക്കളെല്ലാം റോഡില്‍ ഇറങ്ങും.

യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പൊലീസ് ഒരു തെളിവും ഹാജരാക്കിയില്ലെന്നാണ് കോടതി പറഞ്ഞത്. കെ സുരേന്ദ്രന്റെ പരാതിയില്‍ മണിക്കൂറുകള്‍ക്കകമാണ് അന്വേഷണം ആരംഭിച്ചത്. കുഴപ്പണ കേസ് ഒഴിവാക്കിയവരാണ് ഈ ആവേശം കാട്ടുന്നത്. വ്യാജ ഐ.ഡി കാര്‍ഡിന്റെ പേരിലാണെങ്കില്‍ പതിനായിരക്കണക്കിന് സി.പി.എമ്മുകാര്‍ ജയിലില്‍ പോകും. ഏറ്റവും കൂടുതല്‍ വ്യാജ ഐ.ഡി കാര്‍ഡുകള്‍ ഉണ്ടാക്കുന്നത് സി.പി.എമ്മുകാരാണ്. ബോംബെയില്‍ നിന്നുള്ളത് ഉള്‍പ്പെടെയുള്ള പി.ആര്‍ ഏജന്‍സികളുമായി എല്ലാ ആഴ്ചയിലും യോഗം നടത്തുന്ന മുഖ്യമന്ത്രിയാണ് കനഗോലു എന്ന് പറയുന്നത്. സുനില്‍ കനഗോലും കോണ്‍ഗ്രസുകാരനാണ് അദ്ദേഹത്തില്‍ നിന്നും എല്ലാ സഹായങ്ങളും കേരളത്തിലെ കോണ്‍ഗ്രസ് സ്വീകരിക്കും.

Author

Leave a Reply

Your email address will not be published. Required fields are marked *