വനിത ശിശുവികസന വകുപ്പ് കുഞ്ഞുങ്ങളെ സംരക്ഷിക്കുംഎറണാകുളത്ത് ചികിത്സയിലുള്ള മറ്റൊരു സംസ്ഥാനത്ത് നിന്നുള്ള അമ്മയുടെ നാല് മാസം പ്രായമുള്ള കുഞ്ഞിന് മുലപ്പാൽ നൽകിയ കൊച്ചി സിറ്റി പോലീസ് സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥയായ എം.എ. ആര്യയെ ഫോണിൽ വിളിച്ച് അഭിനന്ദനമറിയിച്ച് ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജ്. മുലപ്പാൽ കുഞ്ഞിന്റെ പ്രാണനും അവകാശവുമാണ്. അമ്മയെന്ന രണ്ടക്ഷരത്തിൽ നിറയുന്നത് സ്നേഹത്തിന്റെ കനിവാണ്. അതിലിരമ്പുന്നത് ജീവന്റെ തുടിപ്പുകളും. എന്നാൽ ചില സാഹചര്യങ്ങളിൽ കുഞ്ഞുങ്ങൾക്ക് മുലപ്പാൽ നിഷേധിക്കപ്പെട്ടു പോകുമ്പോൾ മുലപ്പാലിന്റെ പ്രാധാന്യം ഓർമ്മിപ്പിക്കുകയാണ് ആര്യ. മുലപ്പാലിന്റെ പ്രാധാന്യം ഉൾക്കൊണ്ട് എല്ലാ അമ്മമാരും തങ്ങളുടെ കുഞ്ഞുങ്ങളെ 6 മാസം വരെയെങ്കിലും നിർബന്ധമായും മുലയൂട്ടേണ്ടതാണ്. കുഞ്ഞും സഹോദരങ്ങളും ശിശുഭവനിലാണുള്ളത്. അമ്മയുടെ രോഗം ഭേദമായി കുട്ടികളെ ഏറ്റെടുക്കും വരെ വനിത ശിശുവികസന വകുപ്പ് സംരക്ഷിക്കുന്നതാണെന്നും മന്ത്രി വ്യക്തമാക്കി.
വിവിധ കാരണങ്ങളാൽ മുലയൂട്ടാൻ കഴിയാത്ത അമ്മമാരുടെ കുഞ്ഞുങ്ങൾക്ക് മുലപ്പാൽ ഉറപ്പ് വരുത്തുന്നതിനായി സംസ്ഥാനത്ത് മുലപ്പാൽ ബാങ്കുകളും സ്ഥാപിച്ചു വരുന്നു. കോഴിക്കോട് മാതൃശിശു കേന്ദ്രത്തിലും തൃശൂർ മെഡിക്കൽ കോളേജിലും ഈ സർക്കാരിന്റെ കാലത്താണ് മിൽക്ക് ബാങ്ക് പ്രവർത്തന സജ്ജമാക്കിയത്. ഇതുകൂടാതെ തിരുവനന്തപുരം മെഡിക്കൽ കോളേജ് എസ്.എ.ടി. ആശുപത്രിയിലും മിൽക്ക് ബാങ്ക് ആരംഭിക്കാനുള്ള നടപടി പുരോഗമിക്കുന്നു. ഇതുകൂടാതെ സംസ്ഥാനത്തെ 23 പ്രധാന സർക്കാർ ആശുപത്രികളിൽ ലാക്ടേഷൻ മാനേജ്മെന്റ് യൂണിറ്റുകളും സജ്ജമാക്കി വരുന്നു.