സംസ്ഥാന ആരോഗ്യ മേഖലയ്ക്ക് ദേശീയ ഡിജിറ്റല്‍ ട്രാന്‍സ്‌ഫോര്‍മേഷന്‍ അവാര്‍ഡ്

Spread the love

തിരുവനന്തപുരം: ആരോഗ്യ മേഖലയിലെ നൂതന സങ്കേതങ്ങള്‍ക്കുള്ള ഡിജിറ്റല്‍ ട്രാന്‍സ്‌ഫോര്‍മേഷന്‍ അവാര്‍ഡ് 2023 കേരളത്തിന്. ഹീമോഫീലിയ, തലസീമിയ, സിക്കിള്‍സെല്‍ അനീമിയ എന്നിവയുടെ ചികിത്സക്കായി സംസ്ഥാന ആരോഗ്യ വകുപ്പ് ആവിഷ്‌ക്കരിച്ച ആശാധാര പദ്ധതിയുടെ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമിനാണ് അവാര്‍ഡ് ലഭിച്ചത്. ഗാവ്കണക്റ്റും ഐ-ലൂജ് മീഡിയയും ഐടിവകുപ്പും ചേര്‍ന്ന് ലഡാക്കില്‍ വച്ച് സംഘടിപ്പിച്ച പന്ത്രണ്ടാമത് ഡിജിറ്റല്‍ ട്രാന്‍സ്‌ഫോര്‍മേഷന്‍ കോണ്‍ക്ലേവിലാണ് അവാര്‍ഡ് പ്രഖ്യാപിച്ചത്.

ഡിജിറ്റല്‍ സാങ്കേതിക വിദ്യയുടെ സഹായത്തോടെ ആരോഗ്യ മേഖലയില്‍ വലിയ മുന്നേറ്റങ്ങളാണ് സര്‍ക്കാര്‍ നടത്തി വരുന്നതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ഡിജിറ്റല്‍ ഹെല്‍ത്ത് നടപ്പിലാക്കാന്‍ പദ്ധതിയാവിഷ്‌ക്കരിച്ചു. 599 ആരോഗ്യ സ്ഥാപനങ്ങളില്‍ ഇ ഹെല്‍ത്ത് നടപ്പിലാക്കി. ഓണ്‍ലൈന്‍ ഒപി ടിക്കറ്റും പേപ്പര്‍ രഹിത ആശുപത്രി സേവനങ്ങളും യാഥാര്‍ത്ഥ്യമാക്കി. ജീവിതശൈലീ രോഗനിര്‍ണയത്തിന് ഇ ഹെല്‍ത്ത് ശൈലീ ആപ്പ് സജ്ജമാക്കി. കാന്‍സര്‍ രോഗനിര്‍ണയത്തിനും കാന്‍സര്‍ ചികിത്സ ഏകോപിപ്പിക്കുന്നതിനും കാന്‍സര്‍ ഗ്രിഡ്, കാന്‍സര്‍ കെയര്‍ സ്യൂട്ട് നടപ്പിലാക്കി. വിപുലമായ ഇ സഞ്ജീവനി സേവനമൊരുക്കി. ലാബ് റിസള്‍ട്ട് എസ്.എം.എസ്. ആയി ലഭിക്കുന്ന സംവിധാനം നടപ്പിലാക്കി വരുന്നു. ഹൃദ്യം പദ്ധതി സേവനം ഓണ്‍ലൈനിലാണ്. ഇതുകൂടാതെയാണ് ആശാധാരയ്ക്കായി പുതിയ പോര്‍ട്ടല്‍ വികസിപ്പിച്ചതെന്നും മന്ത്രി വ്യക്തമാക്കി.

ആശാധാര പദ്ധതിയുടെ സേവനങ്ങള്‍ വേഗത്തില്‍ ലഭ്യമാക്കുന്നതിനും ഏകോപനത്തിനുമായി ആരോഗ്യ വകുപ്പിന് വേണ്ടി സി ഡിറ്റ് ആണ് ആശാധാര പോര്‍ട്ടല്‍ വികസിപ്പിച്ചത്. രണ്ടായിരം പേര്‍ നിലവില്‍ ആശാധാര വഴി രജിസ്റ്റര്‍ ചെയ്ത് ചികിത്സ തേടുന്നുണ്ട്. ഇവരുടെ ചികിത്സ സംബന്ധിച്ച വിവരങ്ങള്‍ ആശുപത്രികള്‍ക്ക് രേഖപ്പെടുത്തി സൂക്ഷിക്കുന്നതിനും ഇത് ജില്ലാ, സംസ്ഥാന തലങ്ങളില്‍ പരിശോധിച്ച് മരുന്നുകള്‍ സംഭരിക്കുന്നതിനും, ഭരണപരമായ തീരുമാനങ്ങള്‍ക്കും അശാധാര പോര്‍ട്ടല്‍ സഹായിക്കുന്നു.

കേരളത്തില്‍ ആശാധാര പദ്ധതി വഴി 96 കേന്ദ്രങ്ങളിലായാണ് ഹീമോഫീലിയ ചികിത്സ നല്‍കി വരുന്നത്. താലൂക്ക് ആശുപത്രികള്‍ മുതല്‍ മെഡിക്കല്‍ കോളേജുകള്‍ വരെയുള്ള കേന്ദ്രങ്ങളിലാണ് നിലവില്‍ ചികിത്സാ സൗകര്യങ്ങളുള്ളത്. എല്ലാ ജില്ലകളിലും പ്രത്യേക ആശാധാര ചികിത്സാ കേന്ദ്രങ്ങളും പ്രവര്‍ത്തിക്കുന്നു. രക്തം കട്ടപിടിക്കാന്‍ സഹായിക്കുന്ന ഘടകങ്ങള്‍ കുറവുള്ളവര്‍ക്ക് ഫാക്ടര്‍ നല്‍കുന്നതിന് പുറമെ, ശരീരത്തില്‍ ഇന്‍ഹിബിറ്റര്‍ (ഫാക്ടറിനോട് പ്രതിപ്രവര്‍ത്തനമുണ്ടായി ഫാക്ടര്‍ ചികിത്സ ഫലിക്കാത്ത സാഹചര്യം) അളവ് പരിശോധിക്കാനും തുടര്‍ന്ന് വേണ്ട ആളുകള്‍ക്ക് എപിസിസി, മോണോക്ലോണല്‍ ആന്റിബോഡി ചികിത്സകളും നിലവില്‍ നല്‍കി വരുന്നുണ്ട്. ഇതുകൂടാതെ പ്രത്യേക ഫിസിയോതെറാപ്പി സൗകര്യവും ജില്ലാതലത്തില്‍ നിലവിലുണ്ട്.

 

Author

Leave a Reply

Your email address will not be published. Required fields are marked *