കൊച്ചി: കേരളത്തിലെ ഏറ്റവും വലിയ ആഡംബര യാത്രാ നൗക ‘ക്‌ളാസിക് ഇംപീരിയൽ’ കേന്ദ്ര ഗതാഗത, ദേശീയപാത മന്ത്രി നിതിൻ ഗഡ്‌കരി ഓൺലൈനായി ഉദ്ഘാടനം ചെയ്‌തു. ക്രൂയിസ് ടൂറിസത്തിനു രാജ്യത്ത് പ്രത്യേകിച്ച് കേരളത്തിൽ അനന്തസാധ്യതകളാണുള്ളതെന്നു അദ്ദേഹം പറഞ്ഞു. നദികൾ ജലപാതകളാക്കാൻ തീരുമാനം കൈക്കൊണ്ടിട്ടുള്ള സാഹചര്യത്തിൽ പ്രത്യേകിച്ചും. നൗകകളുടെ നിർമ്മാണത്തിന് ബാങ്കിംഗ് മേഖലയുടെ കൂടുതൽ പിന്തുണ ലഭ്യമാക്കാൻ ഗൗരവമായി ഇടപെടും.
ഏറെ ശ്രദ്ധേയവും മനോഹരവുമായ ‘ക്‌ളാസിക് ഇംപീരിയൽ’ സംരംഭം പ്രൊഫഷണൽ മികവും നൂതനത്വവും മാത്രമല്ല സംരംഭകന്റെ നിശ്ചയദാർഢ്യവും ആത്മസമർപ്പണവും പ്രതിഫലിപ്പിക്കുന്നതാണ്. നൗക യാഥാർത്ഥ്യമാക്കിയ സംരംഭകൻ നിഷിജിത്ത് കെ ജോണിന്റെ വിജയഗാഥ പ്രചോദനാത്മകമാണ്. നിഷിജിത്തിനെ മുക്തകണ്‌ഠം പ്രശംസിക്കുന്നതായും തുടർപ്രവർത്തനങ്ങൾക്ക് എല്ലാ പിന്തുണയും നൽകുമെന്നും കേന്ദ്ര മന്ത്രി നിതിൻ ഗഡ്‌കരി പറഞ്ഞു. മഹാരാഷ്ട്രയിലെ നൗക നിർമ്മാണ സംരംഭങ്ങളിലേക്ക് നിഷിജിത്തിനെ അദ്ദേഹം ക്ഷണിക്കുകയും ചെയ്‌തു.
കൊച്ചി മറൈൻ ഡ്രൈവ് നിയോ ക്‌ളാസിക് ബോട്ട് ജെട്ടിയിൽ നടന്ന ഉദ്‌ഘാടന സമ്മേളനത്തിൽ മേയർ അഡ്വ. എം അനിൽകുമാർ അധ്യക്ഷത വഹിച്ചു. വിശിഷ്‌ടാതിഥികൾ ഭദ്രദീപം കൊളുത്തി. ഹൈബി ഈഡൻ എംപി, ടി ജെ വിനോദ് എംഎൽഎ, ജിസിഡിഎ ചെയർമാൻ കെ ചന്ദ്രൻപിള്ള, കോർപ്പറേഷൻ കൗൺസിലർ മനു ജേക്കബ്, കെപിസിസി ജനറൽ സെക്രട്ടറി അബ്‌ദുൾ മുത്തലിബ്, നടൻ ടിനി ടോം, കെ ബി രാജൻ, ക്‌ളാസിക് ഇംപീരിയൽ നിർമ്മിച്ച നിയോ ക്ലാസിക് ക്രൂയിസ് ആൻഡ് ടൂർസ് പ്രൈവറ്റ് ലിമിറ്റഡ് എംഡി നിഷിജിത്ത് കെ ജോൺ എന്നിവർ പ്രസംഗിച്ചു.
ബിജെപി ജില്ല പ്രസിഡന്റ് അഡ്വ. കെ എസ് ഷൈജു മറ്റു ജനപ്രതിനിധികളും ടൂറിസം ഉൾപ്പെടെ വിവിധ മേഖലകളിലെ പ്രമുഖരും പങ്കെടുത്തു.
Akshay Babu