വലപ്പാട്: ശ്രീലങ്കയിൽ നടന്ന എട്ടാമത് ജെഎസ്കെഎ ഇന്റർനാഷനൽ കരാട്ടെ ചാമ്പ്യൻഷിപ്പിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുക്കുകയും മെഡലുകൾ നേടുകയും ചെയ്ത മണപ്പുറം ഗീതാരവി പബ്ലിക് സ്കൂളിലെ നാലു വിദ്യാർത്ഥികളെ ആദരിച്ചു. മണപ്പുറം ഫിനാൻസ് ആസ്ഥാനത്തെ സരോജിനി പത്മനാഭൻ മെമോറിയൽ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ മണപ്പുറം ഫൗണ്ടേഷന്‍ മാനേജിങ് ട്രസ്റ്റി വി. പി. നന്ദകുമാർ കരാട്ടെ താരങ്ങളായ ആദിദേവ്, മുഹമ്മദ് ഹിഷാം, സൗരിഷ് ഷൈൻ, അയാൻ ദിൽബർ എന്നിവർക്ക് ഉപഹാരവും ജേഴ്സിയും നൽകി. ചടങ്ങിൽ പ്രിൻസിപ്പൽ മിന്റു പി മാത്യു, വൈസ് പ്രിൻസിപ്പൽ ജിജി കൃഷ്ണ, പിടിഎ പ്രസിഡന്റ് പ്രിമ, വൈസ് പ്രസിഡന്റ് ഷിജോ എന്നിവർ സംസാരിച്ചു. വിജയികളായ വിദ്യാർത്ഥികളുടെ രക്ഷിതാക്കളും പ്രത്യേക ക്ഷണിതാക്കളായിരുന്നു.
മറ്റു വിവിധ മത്സരങ്ങളിൽ വിജയികളായ സ്കൂളിലെ വിദ്യാർത്ഥികളേയും ചടങ്ങിൽ അനുമോദിച്ചു. തൃശ്ശൂർ ജില്ലാ സ്കേറ്റിംഗ് ക്ലാഷ് സോൺ സി വിഭാഗത്തിൽ നടന്ന സ്കേറ്റിംഗ് മത്സരത്തിൽ ഫസ്റ്റ് റണ്ണറപ്പ് ട്രോഫി നേടിയ വിദ്യാർത്ഥികൾ, തൃശ്ശൂർ ജില്ലാ യോഗാസന ചാമ്പ്യൻഷിപ്പിൽ പങ്കെടുത്ത് സീനിയർ ഒന്ന് വിഭാഗത്തിൽ മൂന്നാം സ്ഥാനം നേടിയ അനന്യ റഫീഖ് എന്നിവരും ചടങ്ങിൽ ആദരം ഏറ്റുവാങ്ങി.
തൃപ്രയാറിൽ നിന്ന് ശിങ്കാരി മേളത്തിന്റെ അകമ്പടിയോടെ, വിജയികളെ ആനയിച്ച് ഗീതരവി പബ്ലിക് സ്കൂളിലേക്ക് വിജയഘോഷയാത്രയും സംഘടിപ്പിച്ചു.
അടിക്കുറിപ്പ്: ജെഎസ്കെഎ ഇന്റർനാഷനൽ കരാട്ടെ ചാമ്പ്യൻഷിപ്പിൽ മെഡൽ നേടിയ വിദ്യാർത്ഥികൾ മണപ്പുറം ഫൗണ്ടേഷൻ മാനേജിങ് ട്രസ്റ്റി വി. പി. നന്ദകുമാറിനൊപ്പം.
Ajith V Raveendran