ജനങ്ങളെ കേട്ട് മുന്നോട്ടു പോകാനാണ് സർക്കാർ ആഗ്രഹിക്കുന്നത് : മുഖ്യമന്ത്രി

Spread the love

കേരളത്തിന്റെ വികസനം സംബന്ധിച്ച ഭാവി പ്രവർത്തനങ്ങളിൽ ജനങ്ങളുടെ അഭിപ്രായങ്ങൾ വലിയ മുതൽക്കൂട്ടാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പെരിന്തൽമണ്ണ ഷിഫാ കൺവെൻഷൻ സെന്ററിൽ നടന്ന പ്രഭാത സദസ്സിൽ ആമുഖ പ്രഭാഷണം നടത്തുകയായിരുന്നു മുഖ്യമന്ത്രി. മന്ത്രിസഭ ഒന്നാകെ ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുക എന്നത് ഒരു പുതിയ രീതിയായി എല്ലാവരും അംഗീകരിച്ചുകഴിഞ്ഞു. ഇത് ലോകമാകെ ശ്രദ്ധിക്കപ്പെടുന്ന സ്ഥിതിയാണ് കാണുന്നത്. കേരളത്തിലെ സർക്കാർ പൊതുവേ സ്വീകരിച്ചു വരുന്ന നിലപാടിന്റെ ഒരു തുടർച്ചയാണ് ഇത്. 2016ൽ അധികാരത്തിൽ വന്ന സർക്കാർ പ്രകടനപത്രികയെ അടിസ്ഥാനപ്പെടുത്തി ഒരു പ്രോഗ്രസ്സ് റിപ്പോർട്ട് പുറത്തിറക്കി. പ്രകടനപത്രികയിൽ പറഞ്ഞ കാര്യങ്ങൾ എത്ര കണ്ട് നടപ്പിലാക്കി എന്നതായിരുന്നു ആ പ്രോഗ്രസ്സ് റിപ്പോർട്ടിന്റെ അടിസ്ഥാനം. സർക്കാർ നടത്തിയ പ്രവർത്തനത്തിന്റെ ഫലമായി 2021 ൽ ഭരണത്തുടർച്ചയുണ്ടായി.

ഈ സർക്കാർ അധികാരത്തിൽ വന്നശേഷം താലൂക്ക് തലത്തിൽ മന്ത്രിതല സമിതിയുടെ നേതൃത്വത്തിൽ പരാതികൾ പരിഹരിക്കുന്നതിനുള്ള സംവിധാനം ഒരുക്കി. പിന്നീട് ജില്ലാതലത്തിൽ ആ പരാതികളിൽ മോണിറ്ററിംഗ് നടത്തി. മന്ത്രിസഭയാകെ പങ്കെടുത്ത മേഖലാതലയോഗങ്ങൾ പിന്നീട് ചേരുകയുണ്ടായി. ഓരോ ജില്ലയിലും നടപ്പാക്കാൻ ഉദ്ദേശിച്ച കാര്യങ്ങൾ എത്രകണ്ട് നടപ്പിലായി എന്നതിന്റെ പരിശോധനയായിരുന്നു അത്. ഭരണനിർവഹണത്തിന്റെ വേഗത കൂട്ടുന്ന ഒരു സമീപനമായിരുന്നു ഇത്. നാട് ഇനിയും വികസിക്കേണ്ടത് ആവശ്യമാണ്. നാടിന്റെ ആവശ്യങ്ങൾ എന്തൊക്കെയാണ്, വികസനത്തിന് തടസ്സങ്ങൾ എന്തൊക്കെയാണ് എന്ന് ജനങ്ങളിൽ നിന്ന് നേരിട്ട് മനസ്സിലാക്കി മുന്നോട്ടു പോകാനാണ് സർക്കാർ ആഗ്രഹിക്കുന്നത്. അധികാരത്തിലിരിക്കുന്ന സർക്കാർ ഭരണം നിർവഹണം എങ്ങനെ നടത്തുന്നു എന്ന് പരിശോധിക്കാൻ ജനങ്ങൾക്കും അവസരം ഒരുക്കണമെന്ന് സർക്കാർ കരുതുന്നു. അതിന്റെ ഭാഗമാണ് നവകേരള സദസ്സെന്നും മുഖ്യമന്ത്രി പറഞ്ഞു.

വിദ്യാർത്ഥികൾക്ക് പഠനത്തോടൊപ്പം ജോലിയും സാധ്യമാകുന്ന വിധത്തിൽ പ്ലസ് ടു കോളേജ് തലങ്ങളിൽ അധ്യയന സമയത്തിൽ മാറ്റം വേണമെന്നാണ് സർക്കാരിന്റെ സമീപനം. എന്നാൽ സമവായത്തോടെ മാത്രമേ ഇത് നടപ്പിലാക്കാൻ കഴിയുകയുള്ളൂ എന്നും പ്രഭാത സദസ്സിൽ ഉന്നയിക്കപ്പെട്ട ചോദ്യത്തിന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു. ആദിവാസി വിഭാഗങ്ങളിലെ വിളർച്ച പരിഹരിക്കുന്നതിന് സർക്കാർ സമഗ്രമായ പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ട്. ചോലനായ്ക്ക വിഭാഗക്കാർക്കിടയിൽ സവിശേഷമായ പ്രശ്നങ്ങൾ ഉണ്ടെങ്കിൽ ആവശ്യമായ മരുന്നുകൾ ലഭ്യമാക്കുമെന്നും അവരുടെ ആഹാരക്രമത്തിൽ മാറ്റം വരുത്തേണ്ട സാഹചര്യമുണ്ടെങ്കിൽ അതിൽ കൂടുതൽ ശ്രദ്ധിക്കുന്നതിന് ആരോഗ്യവകുപ്പിന് നിർദ്ദേശം നൽകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
പാലോളി മുഹമ്മദ് കുട്ടി, പെരിന്തൽമണ്ണ ടൗൺ ജുമാ മസ്ജിദിലെ ഇമാം മുഹമ്മദലി ഫൈസി, മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ ഫാദർ മാത്യൂസ് വറ്റിയാനിക്കൽ, പാറക്കോട്ടിൽ നാരായണൻ, പി.ടി അൻവർ, നിലമ്പൂർ ആയിഷ, ജില്ലാ കളക്ടർ വി.ആർ. വിനോദ് തുടങ്ങിയവർ പ്രഭാത സദസ്സിൽ പങ്കെടുത്തു.

Author

Leave a Reply

Your email address will not be published. Required fields are marked *