കലാലോകത്തെ ഏറ്റവും സ്വാധീനമുള്ള ‘ആർട്ട് റിവ്യൂ’ പട്ടികയിൽ ബോസ് കൃഷ്ണമാചാരി

Spread the love

കൊച്ചി : അന്താരാഷ്ട്ര പ്രശസ്‌തവും ആധികാരികവുമായ ആർട്ട് റിവ്യൂ മാഗസിൻ തെരഞ്ഞെടുത്ത കലാമേഖലയുമായി ബന്ധപ്പെട്ട് ലോകത്തെ ഏറ്റവും സ്വാധീനശേഷിയുള്ള നൂറു വ്യക്തിത്വങ്ങളുടെ – പവർ 100 – പട്ടികയിൽ കൊച്ചി ബിനാലെ സ്ഥാപകനും പ്രസിഡന്റുമായ ബോസ് കൃഷ്ണമാചാരി ഇടംപിടിച്ചു. ആർട്ടിസ്റ്റുകളും ചിന്തകരും കുറേറ്റർമാരും ഗാലറിസ്റ്റുകളും മ്യൂസിയം ഡയറക്‌ടർമാരും കലക്‌ടർമാരും തുടങ്ങി സമകാലീന കലാരംഗത്തെ എല്ലാ തലങ്ങളിലുമുള്ളവരും ഉൾപ്പെട്ട പട്ടികയിൽ മുപ്പത്തിയെട്ടാം സ്ഥാനമാണ് ബോസ് കൃഷ്ണമാചാരിക്ക്.

ആഗോളകലയുടെ പ്രാദേശിക തല സമന്വയം സാധ്യമാക്കുന്ന കൊച്ചി ബിനാലെയുടെ ചാലകശക്തിയായ ബോസ് കൃഷ്ണാമാചാരിയുടെ സമീപനങ്ങളിലെ പുരോഗമനപരമായ വ്യതിരിക്തത ആർട്ട് റിവ്യൂ പ്രത്യേകം പരാമർശിക്കുന്നു. കലയുടെ ജനാധിപത്യവത്കരണം അദ്ദേഹത്തിന്റെ വിട്ടുവീഴ്‌ചയില്ലാത്ത നിലപാടാണ്. സംസ്ഥാന സർക്കാരിന്റെ ‘കേരളീയം’ പരിപാടിയുടെ ഭാഗമായി ബോസ് കൃഷ്ണമാചാരി ക്യൂറേറ്റ് ചെയ്‌ത പ്രദർശനങ്ങൾ ഇതിനു സാക്ഷ്യമാണെന്നും ആർട്ട് റിവ്യൂ പറയുന്നു. നാഡീവൈവിധ്യമുള്ള കലാകാരന്മാരുടെ പ്രദർശനത്തെ കുറിച്ച് പ്രത്യേക പരാമർശിക്കുന്നു.

ന്യൂറോ ഡൈവേഴ്‌സ് പ്രോജക്റ്റിനു പുറമെ, തിരുവനന്തപുരം മാനവീയം വീഥിയിലെ ചുമർ ചിത്രങ്ങൾ, കേരള ട്രഡീഷണൽ ഹിസ്റ്റോറിക്കൽ ആൻഡ് കൊളോണിയൽ ആർക്കിടെക്ച്ചർ ഫോട്ടോഗ്രാഫി പ്രദർശനം, കോളേജ് ഓഫ് ഫൈൻ ആർട്ട്സിൽ ഈ മാസം 31 വരെ തുടരുന്ന ‘കോൺടെക്‌സ്ച്ച്വൽ കോസ്‌മോളജീസ്’ സമകാലീന കലാപ്രദർശനനം എന്നിവയും ബോസ് കൃഷ്ണമാചാരി ക്യൂറേറ്റ് ചെയ്‌തതാണ്‌. ഫൈൻ ആർട്ട്സ് കോളേജിൽ മികവുറ്റ ആർട്ട് ഗ്യാലറി ഒരുക്കിയതും അദ്ദേഹം തന്നെ.

ഇന്ത്യൻ സമകാലീന കലാരംഗത്ത് ആർട്ടിസ്റ്റ്, ക്യൂറേറ്റർ,സീനോഗ്രാഫർ എന്നീ നിലകളിൽ പ്രശസ്‌തനായ ബോസ് കൃഷ്ണമാചാരി മുംബൈയും കൊച്ചിയും ആസ്ഥാനമായാണ് പ്രവർത്തിക്കുന്നത്. വൈവിധ്യമായ തലങ്ങളിൽ പ്രസക്തമായ ഒട്ടേറെ കലാ പ്രദർശനങ്ങൾ രാജ്യത്തിനകത്തും വിദേശത്തുമായി ഒരുക്കി. 2010ൽ കൊച്ചി ബിനാലെ ഫൗണ്ടേഷൻ സഹസ്ഥാപകനായി. 2012ൽ ആദ്യ കൊച്ചി ബിനാലെയ്ക്ക് ആശയത്തികവു നൽകിയ അദ്ദേഹം സഹ ക്യൂറേറ്ററുമായി. 2016ൽ ചൈനയിലെ യിൻചുവാൻ ബിനാലെയുടെ ആദ്യ പതിപ്പിന്റെ ക്യൂറേറ്ററായി. പുതുതലമുറ കലാകാരന്മാരെയും ക്യൂറേറ്റർമാരെയും പ്രോത്സാഹിപ്പിക്കുന്നതിൽ പുലർത്തുന്ന ശ്രദ്ധ പ്രശംസാർഹമായി.

കേരള ലളിതകലാ അക്കാദമി, ബ്രിട്ടീഷ് കൗൺസിൽ,ബോംബെ ആർട്ട് സൊസൈറ്റി, ചാൾസ് വാലസ് ട്രസ്റ്റ്, യുണൈറ്റഡ് സ്റ്റേറ്റ്സ് ഇൻഫോർമേഷൻ സൊസൈറ്റി, ഫോബ്‌സ്, ഇന്ത്യ ടുഡേ, ട്രെൻഡ്‌സ്, എഫ്എച്ച്എം, ജിക്യൂ മെൻ ഓഫ് ദി ഇയർ തുടങ്ങി നിരവധി പുരസ്‌കാരങ്ങൾക്ക് ബോസ് കൃഷ്ണമാചാരി അർഹനായിട്ടുണ്ട്.

ലണ്ടൻ ആസ്ഥാനമായ ആർട്ട് റിവ്യൂ മാഗസിൻ ഹോങ്കോങ്ങിൽ നിന്നും പ്രസിദ്ധീകരിക്കുന്നുണ്ട്. 1949ൽ സ്ഥാപിതമായ ഇത് സമകാലീന കലാരംഗത്തെ ഏറ്റവും പ്രമുഖ ശബ്‌ദമായാണ് വിലയിരുത്തപ്പെടുന്നത്. 2002 മുതൽ പവർ 100 പട്ടിക പ്രസിദ്ധീകരണം തുടങ്ങി. ആഗോള കലാ പ്രൊഫഷണലുകളുടെ അന്താരാഷ്ട്ര സമിതിയാണ് പ്രതിവർഷവും പവർ പട്ടിക തയ്യാറാക്കുന്നത്.

Aishwarya

Author

Leave a Reply

Your email address will not be published. Required fields are marked *