ക്രൈസ്തവ പഠനറിപ്പോര്‍ട്ട് പുറത്തുവിടാതെ സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഒളിച്ചോടുന്നതില്‍ ദുരൂഹത : അഡ്വ.വി.സി. സെബാസ്റ്റ്യന്‍

Spread the love

കൊച്ചി: ക്രൈസ്തവ സാമൂഹ്യ സാമ്പത്തിക വിദ്യാഭ്യാസ പിന്നോക്കാവസ്ഥ പഠിക്കുന്നതിനും ക്ഷേമപദ്ധതികള്‍ നിര്‍ദ്ദേശിക്കുന്നതിനുമായി രൂപീകരിച്ച ജെ.ബി.കോശി കമ്മീഷന്‍ സര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ട് പുറത്തുവിടാത്തതിന്റെ പിന്നില്‍ രാഷ്ട്രീയ ഉദ്യോഗസ്ഥതല വന്‍ ഗൂഡാലോചനയും അട്ടിമറി സാധ്യതകളും ദുരൂഹതയുമുണ്ടെന്ന് കാത്തലിക് ബിഷപ്സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയര്‍ അഡ്വ വി.സി.സെബാസ്റ്റ്യന്‍ ആരോപിച്ചു.

വിവരാവകാശ നിയമപ്രകാരം ജെ. ബി. കോശി കമ്മീഷന്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടപ്പോള്‍ സര്‍ക്കാര്‍ റിപ്പോര്‍ട്ട് പരിശോധിച്ചുവരുന്നുവെന്ന മറുപടിയാണ് 2023 ഒക്ടോബര്‍ 9ന് ലഭിച്ചത്. തുടര്‍ന്ന് സമര്‍പ്പിച്ച വിവരാവകാശ അപ്പീല്‍ അപേക്ഷയില്‍ 2023 നവംബര്‍ 23ന് ലഭിച്ച മറുപടിയില്‍ റിപ്പോര്‍ട്ടിലെ നിര്‍ദ്ദേശങ്ങള്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് നല്‍കിയിരിക്കുന്നുവെന്നും സര്‍ക്കാര്‍ പ്രഖ്യാപിക്കുന്ന മുറയ്ക്കുമാത്രമേ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ലഭ്യമാക്കുവെന്നും സൂചിപ്പിക്കുന്നു. 2023 ഒക്ടോബര്‍ 10ന് സംസ്ഥാന ഭരണത്തിലെ വിവിധങ്ങളായ 33 വകുപ്പുകളിലേയ്ക്ക് ജെ.ബി.കോശി കമ്മീഷന്‍ ശുപാര്‍ശകള്‍ നടപ്പാക്കുന്നത് സംബന്ധിച്ച രണ്ടാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാവശ്യപ്പെട്ട് ന്യൂനപക്ഷ ക്ഷേമവകുപ്പ് ഡെപ്യൂട്ടി സെക്രട്ടറി കമ്മീഷന്‍ നിര്‍ദ്ദേശങ്ങള്‍ സഹിതം ഉത്തരവ് കൈമാറിയെങ്കിലും 7 ആഴ്ചകള്‍ പിന്നിട്ടിട്ടും ഒരു വകുപ്പുകളില്‍ നിന്നുപോലും മറുപടി ലഭിച്ചിട്ടില്ല. നവംബര്‍ 9,18 തീയതികളില്‍ പ്രത്യേക ഓര്‍മ്മപ്പെടുത്തലുകള്‍ നടത്തിയിട്ടും സര്‍ക്കാര്‍ വകുപ്പുകള്‍ ബോധപൂര്‍വ്വം നിഷേധനിലപാടുകള്‍ സ്വീകരിച്ചിരിക്കുന്നത് വന്‍വീഴ്ചയും ഭരണ സ്തംഭനവും കെടുകാര്യസ്ഥതയുമാണ്.

ജെ.ബി.കോശി കമ്മീഷന്റെ ക്രൈസ്തവക്ഷേമ നിര്‍ദ്ദേശങ്ങള്‍ മാത്രമല്ല സംസ്ഥാനത്ത് കമ്മീഷന്‍ നടത്തിയ പഠനവും വളരെ പ്രാധാന്യമേറിയതാണെന്നിരിക്കെ ഭരണസംവിധാനങ്ങള്‍ പൂര്‍ണ്ണറിപ്പോര്‍ട്ട് പുറത്തുവിടാതെ അട്ടിമറിക്കാന്‍ ശ്രമിക്കുന്നതില്‍ ദുരൂഹതയുണ്ട്. നിയമപരമായി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടും നിഷേധ നിലപാട് സര്‍ക്കാര്‍ തുടരുമ്പോള്‍ നീതി ലഭിക്കാന്‍ കോടതിയെ സമീപിക്കേണ്ട സാഹചര്യമാണുള്ളത്. ഭരണ ഉദ്യോഗസ്ഥ തലങ്ങളിലെ ബോധപൂര്‍വ്വമായ അനാസ്ഥയില്‍ മുഖ്യമന്ത്രിയും വകുപ്പുമന്ത്രിമാരും അടിയന്തര ഇടപെടല്‍ നടത്തി ജെ.ബി.കോശി കമ്മീഷന്റെ നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കണമെന്നും പൂര്‍ണ്ണ റിപ്പോര്‍ട്ട് പുറത്തുവിടണമെന്നും വി.സി. സെബാസ്റ്റ്യന്‍ ആവശ്യപ്പെട്ടു.

അഡ്വ.വി.സി.സെബാസ്റ്റ്യന്‍
സെക്രട്ടറി

Author

Leave a Reply

Your email address will not be published. Required fields are marked *