സംഘപരിവാറിന് വേണ്ടി ഇന്ത്യ മുന്നണിയെ ഒറ്റുകൊടുത്ത പിണറായി കോണ്‍ഗ്രസിനെ ഉപദേശിക്കേണ്ട : പ്രതിപക്ഷ നേതാവ്

Spread the love

പ്രതിപക്ഷ നേതാവ് ഒറ്റപ്പാലത്ത് മാധ്യമങ്ങളോട് പറഞ്ഞത്.

സംഘപരിവാറിന് വേണ്ടി ഇന്ത്യ മുന്നണിയെ ഒറ്റുകൊടുത്ത പിണറായി കോണ്‍ഗ്രസിനെ ഉപദേശിക്കേണ്ട; വി.സി നിയമനത്തില്‍ മുഖ്യമന്ത്രിയുടേത് ചതിയന്റെ റോള്‍; കേരളത്തെ മുടിഞ്ഞ തറവാടാക്കി മാറ്റിയവരാണ് നവകേരള സദസ് നടത്തുന്നത്

ഒറ്റപ്പാലം (പാലക്കാട്) :  കോണ്‍ഗ്രസിന്റെ പരാജയത്തില്‍ കെ. സുരേന്ദ്രനെക്കാള്‍ സന്തോഷിക്കുന്നത് പിണറായി വിജയനാണ്. സംഘപരിവാര്‍ നേതൃത്വവുമായി പിണറായി വിജയനുള്ള ബന്ധമാണ് സി.ബി.ഐയെ പോലും നിയന്ത്രിക്കുന്ന തരത്തിലേക്ക് വളര്‍ന്നത്. കേന്ദ്ര ഏജന്‍സികള്‍ കേരളത്തില്‍ നടത്തിയ എല്ലാ അന്വേഷണവും ഒരു ദിവസം മടക്കിക്കെട്ടി. സംഘപരിവാറും കേരളത്തിലെ സി.പി.എം നേതൃത്വവും തമ്മിലുണ്ടാക്കിയ ധാരണയെ തുടര്‍ന്നാണിത്.

എന്തുകൊണ്ടാണ് ഇന്ത്യ മുന്നണിയിലേക്ക് സി.പി.എം പ്രതിനിധിയെ അയയ്ക്കാന്‍ തായാറാകാതിരുന്നതെന്നാണ് കോണ്‍ഗ്രസിനെ ഉപദേശിക്കുന്ന പിണറായി വിജയനോട് ചോദിക്കാനുള്ളത്. കേരളത്തിലെ സി.പി.എം നേതാക്കളുടെ സമ്മര്‍ദ്ദം കൊണ്ടാണ് സിതാറാം യെച്ചൂരിക്ക് ഇത്തരമൊരു തീരുമാനം എടുക്കേണ്ടി വന്നത്. സംഘപരിവാറിന് വേണ്ടി ഇന്ത്യ മുന്നണിയെ ദുര്‍ബലപ്പെടുത്താന്‍ കൂട്ടു നിന്ന ആളാണ് പിണറായി വിജയന്‍. പിണറായി ബി.ജെ.പിക്ക് വേണ്ടിയാണ് സംസാരിക്കുന്നത്. അങ്ങനെയുള്ള പിണറായിയുടെ ഉപദേശം ഞങ്ങള്‍ക്കു വേണ്ട.

കണ്ണൂര്‍ വി.സിയുടെ പുനര്‍നിയമനവുമായി ബന്ധപ്പെട്ട അനധികൃത ഇടപെടല്‍ നടത്തിയ ഉന്നത വിദ്യാഭ്യാസമന്ത്രി രാജി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിട്ടുണ്ട്. ഇല്ലാത്ത അധികാരം ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ഉപയോഗിച്ചെന്ന് സുപ്രീംകോടതി പറഞ്ഞിട്ടുണ്ട്. നിയമവിരുദ്ധമായി രണ്ട് കത്തുകളാണ് മന്ത്രി ഗവര്‍ണര്‍ക്ക് നല്‍കിയത്. ചാന്‍സലര്‍ക്ക് പ്രോ ചാന്‍സലര്‍ കത്തെഴുതിയെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. വി.സി നിയമനവുമായി ബന്ധപ്പെട്ട് കത്തെഴുതാന്‍ മന്ത്രിക്ക് അധികാരമില്ല. മറ്റേതെങ്കിലും കാര്യങ്ങളില്‍ വേണമെങ്കില്‍ കത്തെഴുതാം. ഉന്നതവിദ്യാഭ്യാസ മന്ത്രിയുടെ അവിഹിതമായ ഇടപെടലാണ് പുനര്‍നിയമനം റദ്ദാക്കാന്‍ കാരണമെന്ന് സുപ്രീം കോടതി എഴുതി വച്ചിട്ട്, അതു വായിച്ച് നോക്കാതെയാണ് മുഖ്യമന്ത്രി പ്രതികരിച്ചത്. കോടതി പരാമര്‍ശത്തിന്റെ പേരില്‍ കെ. കരുണാകരന്‍ ഉള്‍പ്പെടെയുള്ളവര്‍ രാജിവച്ചിട്ടുണ്ട്. മന്ത്രി രാജിവയ്ക്കാന്‍ തയാറായില്ലെങ്കില്‍ അവരെ പുറത്താക്കാന്‍ മുഖ്യമന്ത്രി തയാറാകണം. അതിന് മുഖ്യമന്ത്രി തയാറാകില്ലെന്ന് അറിയാം. കാരണം ഒന്നാം പ്രതി മുഖ്യമന്ത്രിയാണ്. ഗവര്‍ണറെ കണ്ട് എന്റെ ജില്ലയിലെ സര്‍വകലാശാലയാണെന്ന് പറഞ്ഞതും മന്ത്രിയെ കൊണ്ട് എല്ലാ ചെയ്യിപ്പിച്ചതും മുഖ്യമന്ത്രിയാണ്. മുഖ്യമന്ത്രിക്ക് വേണ്ടിയാണ് ഗവര്‍ണര്‍ തെറ്റ് ചെയ്തത്. എന്നിട്ടാണ് മുഖ്യമന്ത്രി ഗവര്‍ണറെ തള്ളിപ്പറയുന്നത്. വി.സി നിയമനത്തില്‍ ചതിയന്റെ റോളിലാണ് മുഖ്യമന്ത്രി.

കേരളം സാമ്പത്തികമായി തകര്‍ന്ന് തരിപ്പണമായിരിക്കുന്ന കാലത്ത് തിരുവനന്തപുരത്ത് ഇരുന്ന് ഭരണം നടത്തി പ്രതിസന്ധി പരിഹരിക്കുന്നതിന് പകരം മന്ത്രിമാരെയും കൂട്ടി 44 ദിവസം ടൂര്‍ പോകുന്ന പരിപാടിയെ അശ്ലീലനാടകം എന്നല്ലാതെ എന്താണ് പറയേണ്ടത്. അശ്ലീലം എന്ന വാക്കിന്റെ അര്‍ത്ഥം അറിയില്ലെങ്കില്‍ മുഖ്യമന്ത്രി മീഡിയ അഡൈ്വസറായ പ്രഭാവര്‍മയോട് ചോദിച്ചാല്‍ മതി.

സര്‍ക്കാര്‍ കേരളത്തെ കബളിപ്പിക്കുകയാണ്. ഒരു ലക്ഷത്തില്‍ കൂടുതലുള്ള ചെക്കുകള്‍ മാറ്റി നല്‍കേണ്ടെന്നാണ് ധനമന്ത്രി നിര്‍ദ്ദേശിച്ചിരിക്കുന്നത്. മുടിഞ്ഞ തറവാടാക്കി കേരളത്തെ മാറ്റിയിട്ട് എന്ത് നവകേരള സദസാണ് സംഘടിപ്പിക്കുന്നത്. അഞ്ച് മാസം മുന്‍പ് മന്ത്രിമാര്‍ നടത്തിയ താലൂക്ക് തല അദാലിത്തില്‍ ലഭിച്ച നിവേദനങ്ങളില്‍ ഒന്നെങ്കിലും തുറന്ന് നോക്കിയിട്ടുണ്ടോ? എന്നിട്ടാണ് ഇപ്പോള്‍ കിട്ടിയ നിവേദനങ്ങളുടെ എണ്ണത്തില്‍ മുഖ്യമന്ത്രി അഭിമാനം കൊള്ളുന്നത്. ഒന്നും നടക്കാത്തതു കൊണ്ടാണ് പരാതികളുടെ എണ്ണം കൂടുന്നത്. ആണ്ടി വലിയ അടിക്കാരനാണെന്ന് ആണ്ടി തന്നെ പറയുന്നതു പോലെയാണ് മുഖ്യമന്ത്രി തന്നെ നവകേരള സദസ് ഗംഭീരമാണെന്ന് പറയുന്നത്. നവകേരള സദസ് വലിയ സംഭവം ആയിരുന്നോയെന്ന് പറയേണ്ടത് ജനങ്ങളാണ്. അല്ലാതെ മുഖ്യമന്ത്രിയല്ല പറയേണ്ടത്. പാവങ്ങളെ ആട്ടിത്തെളിച്ചാണ് കൊണ്ടു പോകുന്നത്.

കുട്ടികളെ പങ്കെടുപ്പിക്കുന്നതും സ്‌കൂള്‍ ബസുകള്‍ ഉപയോഗിക്കുന്നതും വിലക്കിയത് ഉള്‍പ്പെടെ നാല് ഉത്തരവുകളാണ് കോടതികളില്‍ നിന്നുണ്ടായിരിക്കുന്നത്. പഞ്ചായത്തുകളില്‍ നിന്നും പണം പിരിക്കാന്‍ സര്‍ക്കാരിന് അധികാരമില്ലെന്നാണ് ഹൈക്കോടതി പറഞ്ഞിരിക്കുന്നത്. മന്ത്രിയുടെ ഓഫീസില്‍ നിന്നും ഭീഷണിപ്പെടുത്തിയാണ് പറവൂര്‍ മുന്‍സിപ്പല്‍ സെക്രട്ടറി പണം നല്‍കിയത്. ഇപ്പോള്‍ സെക്രട്ടറിയുടെ കയ്യില്‍ നിന്നും പണം പോയി. മന്ത്രി രാജേഷിന്റെ വകുപ്പ് സെക്രട്ടറിയുടെ ഉത്തരവ് കോടതി റദ്ദാക്കി കോടതിയും പിരിഞ്ഞ ശേഷം ഞായറാഴ്ചയാണ് മന്ത്രി വാദം പറയാന്‍ എത്തിയിരിക്കുന്നത്.

മഹാരാജാവ് എഴുന്നള്ളുമ്പോള്‍ മതിലുകളും കെട്ടിടങ്ങളുമൊക്കെ പൊളിഞ്ഞുവീഴും. കുട്ടികളെ വെയിലത്ത് നിര്‍ത്തിയിട്ടാണ് അവര്‍ അവേശം കൊണ്ടാണ് വന്നതെന്ന് പറയുന്നത്. കറുത്ത വസ്ത്രം ധരിച്ച് വന്ന ശബരിമല ഭക്തരെ വരെ കരുതല്‍ തടങ്കലിലാക്കി.

 

Author

Leave a Reply

Your email address will not be published. Required fields are marked *