ഇന്ത്യയുടെ 1857ലെ ഒന്നാം സ്വാതന്ത്ര്യസമരം ഹിന്ദുവും മുസ്ലീംകളും ഒന്നിച്ചാണ് നടത്തിയതെന്ന് വ്യക്തമാക്കിയിട്ടുള്ള ഹിന്ദുമഹാസഭ നേതാവ് വിഡി സവര്‍ക്കര്‍ ബ്രിട്ടീഷ് സമ്രാജ്യത്വവുമായി ഒത്തുതീര്‍പ്പുണ്ടാക്കി പുറത്തുവന്നശേഷം ഹിന്ദുക്കളും മുസ്ലീംകളും രണ്ടാണെന്ന് പറയുകയും ബ്രിട്ടന്റെ വിഭജിച്ചു ഭരിക്കുക എന്ന വിനാശകരമായ നയത്തോടൊപ്പം ചേരുകയും ചെയ്തെന്ന് ഡല്‍ഹി സര്‍വകലാശാല മുന്‍ ഡീന്‍ ഓഫ് എഡ്യൂക്കേഷന്‍ ഡോ.അനില്‍ സദ്ഗോപാല്‍. ബിട്ടന്റെ വിഭജിച്ചു ഭരിക്കുകയെന്ന ആശയത്തോട് സവര്‍ക്കറും മുഹമ്മദലി ജിന്നയും സന്ധി ചെയ്തെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
കെപിസിസി വൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷത്തോട് അനുബന്ധിച്ച് നടത്തിയ ചരിത്ര കോണ്‍ഗ്രസ് സെമിനാറില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ബിജെപി വീണ്ടും അധികാരത്തിലേറിയാല്‍ പുതിയ കോണ്‍സ്റ്റിറ്റിയൂവെന്റ് അംസബ്ലി രൂപീകരിച്ച് ഭരണഘടനാ ഭേദഗതി വരുത്തി മനുസ്മൃതിയുടെ അടിസ്ഥാനത്തിലുള്ള പുതിയ ഭരണഘടന ഉണ്ടാക്കുമെന്ന് ഡോ.അനില്‍ സദ്ഗോപാല്‍ മുന്നറിയിപ്പ് നല്കി.
നവോത്ഥാന കാലഘട്ടത്ത് പുരുഷാധിപത്യ സമൂഹത്തിനെതിരേയുള്ള പോരാട്ടവും സ്ത്രീകളുടെ വിദ്യാഭ്യാസത്തിനുവേണ്ടിയുള്ള പോരാട്ടവും നടത്തിട്ടുണ്ട്. സ്ത്രീകളുടെ വിദ്യാഭ്യാസത്തെ എതിര്‍ക്കുന്ന മനുസ്മൃതിയുടെ സ്വാധീനം മൂലം രാജ്യത്തെ ആദ്യത്തെ അധ്യാപികയായി അറിയപ്പെടുന്ന സാവിത്രിഭായി ഫുലെയെ വീട്ടില്‍നിന്നു പുറത്താക്കി. അവര്‍ക്കും ഭര്‍ത്താവും സാമൂഹിക പ്രവര്‍ത്തകനുമായ ജ്യോതിറാവു ഫുലെയ്ക്കും ഫാത്തിമ ഷെയ്ഖ് എന്ന മുസ്ലീംവനിത അഭയം നല്കിയപ്പോള്‍ അതു മതേതരത്വത്തിന്റെ ഉദാത്തമാതൃകയായി. രാജ്യത്തിന്റെ ഇത്തരം മഹത്തതായ പൈതൃകങ്ങള്‍ തിരുത്തിയെഴുതാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നും അനില്‍ സദ്ഗോപാല്‍ ചൂണ്ടിക്കാട്ടി.