ന്യൂയോര്‍ക്ക് : അമേരിക്കന്‍ കുടിയേറ്റ ചരിത്രത്തില്‍ ‘മുമ്പെ പറന്ന പക്ഷികള്‍’ ഒന്നിച്ചുചേര്‍ന്ന അപൂര്‍വ്വ സംഗമത്തില്‍ സമൂഹത്തില്‍ വലിയ സംഭാവനകളര്‍പ്പിച്ച എട്ടുപേരെ ആദരിച്ചു. 1950 മുതലുള്ള കാല്‍ നൂറ്റാണ്ട് കാലത്ത് ഏഴാം കടലിനക്കരെയ്ക്ക് സാഹസികമായി എത്തുകയും കടുത്ത പോരാട്ടത്തിലൂടെ സ്വന്തം കാലടിപ്പാടുകള്‍ ഈ മണ്ണില്‍ പതിപ്പിക്കുകയും ചെയ്ത മഹാരഥര്‍, പിന്നിട്ട കാലത്തെപ്പറ്റി അനുസ്മരിച്ചത് പുതിയ കാഴ്ചപ്പാടുകള്‍ പകർന്നു. അവര്‍ തുറന്നിട്ട പാതയിലൂടെ സഞ്ചരിക്കുന്ന പുതിയ തലമുറ അനുഭവങ്ങളില്‍ സ്ഫുടംചെയ്ത പഴയ കാലത്തിന്റെ ഓര്‍മ്മകള്‍ നന്ദിപൂർവം ഏറ്റുവാങ്ങി.
ആദ്യതലമുറയെ പ്രതിനിധീകരിക്കുന്ന പയനിയര്‍ ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ വാര്‍ഷികവും അവാര്‍ഡ് ദാനവും ആദ്യകാൽ കുടിയേറ്റക്കാരുടെ വലിയ പ്രാതിനിധ്യത്തില്‍ തികച്ചും ധന്യമായി. അടുത്തയിടയ്ക്ക് വേര്‍പിരിഞ്ഞുപോയവര്‍ക്ക് പ്രണാമങ്ങളര്‍പ്പിച്ചും അവരുടെ ഓര്‍മ്മകള്‍ പുതുക്കിയും സമ്മേളനം വിതുമ്പല്‍കൊണ്ടു.
പ്രൊഫ ജോസഫ് ചെറുവേലി, ജോർജ് സി. അറക്കൽ, വെറോണിക്ക എ താനിക്കാട്ട്, തോമസ് മണിമല, ത്രേസ്യാമ്മ കുര്യൻ, വി.എം. ചാക്കോ, മേരി ജോസ് അക്കരക്കളം, ഡോ. ജോർജ്ജ് അറയ്ക്കൽ എന്നിവരാണ് അവാർഡ് ഏറ്റുവാങ്ങിയത്.
മുഖ്യ പ്രസംഗം നടത്തിയ പ്രൊഫ. പ്രഭു ഗുപതാര തനിക്ക് കേരളവുമായുള്ള ബന്ധം വിവരിച്ചു. ചെങ്ങന്നൂര്‍ക്കാരി നഴ്‌സായിരുന്നു അമ്മ. പിതാവ് നോര്‍ത്ത് ഇന്ത്യന്‍ ജയിനും. അക്കാലത്ത് അത്തരം വിവാഹങ്ങള്‍ അപൂര്‍വ്വമായിരുന്നു. സമ്പന്ന കുടുംബത്തിലായിരുന്നെങ്കിലും എട്ടാം വയസില്‍ പിതാവ് മരിച്ചതോടെ തങ്ങള്‍ തെരുവിലായി. മുസ്ലീം കുടുംബമാണ് തുണയായി വന്നത്. സ്‌പെഷല്‍ നഴ്‌സായിരുന്ന അമ്മയ്ക്ക് ഒരു മാസം നാലഞ്ച് ജോലി കിട്ടിയാല്‍ അത് വീട്ടില്‍ വലിയ സമൃദ്ധി നല്‍കും. ജോലി കിട്ടാത്ത മാസങ്ങളില്‍ ബുദ്ധിമുട്ടും.
പഠന കാലവും അധ്യാപന കാലവും എഴുത്തും വിവരിച്ച അദ്ദേഹം എഴുപതാം വയസില്‍ പബ്ലിഷറായ കഥയും വിവരിച്ചു. പരിസ്ഥിതിയെപ്പറ്റിയുള്ള പുസ്തകത്തിന് അവതാരിക എഴുതിയത് മാര്‍പാപ്പയാണ്. മറ്റൊന്നിന് ദലൈലാമയും.
അവാര്‍ഡ് ജേതാവും അധ്യാപകനുമായിരുന്ന തോമസ് മണിമല നമുക്ക് മുമ്പ് പയനിയര്‍മാര്‍ ഉണ്ടായിരുന്നുവെന്ന് പറഞ്ഞു. ന്യൂയോര്‍ക്കില്‍ മൗണ്ട് ഹോപ്പ് സെമിത്തേരിയില്‍ ചെന്നപ്പോള്‍ 1944-ല്‍ മരിച്ച വത്സ ആന്‍ മത്തായിയുടെ ശവകുടീരം കണ്ടു. ഇന്ത്യയുടെ ആദ്യ ധനമന്ത്രിയായിരുന്ന ജോണ്‍ മത്തായിയുടെ മകള്‍. സ്‌നോ കണ്ടിട്ടില്ലാത്ത അവര്‍ സ്‌നോയില്‍ പുറത്തിറങ്ങി വഴിതെറ്റി നദിയില്‍ വീണതാകാം എന്നാണ് കരുതുന്നത്. മാസങ്ങള്‍ക്ക് ശേഷമാണ് മൃതദേഹം കിട്ടിയത്. 1908-ല്‍ ഒരു ദേവസഹായം വന്നതിന്റെ രേഖകളും കണ്ടതായി അദ്ദേഹം പറഞ്ഞു.
കോട്ടയം മാഞ്ഞൂർ സ്വദേശിയാണ് തോമസ് മണിമല. 30 വർഷം യോർക്ക് ടൗൺ ഹൈറ്റ്സിൽ സയൻസ് പഠിപ്പിച്ച അദ്ദേഹം ഡിപ്പാർട്ട്മെന്റ് തലവനായി വിരമിച്ചു. പുതുതായി കുടിയേറിയ കുടുംബങ്ങളെ സഹായിക്കുന്നതിന് അദ്ദേഹം സദാ സന്നദ്ധനായിരുന്നു. നിരവധി സാമൂഹിക, ചാരിറ്റബിൾ സംഘടനകളിലും സജീവമായിരുന്നു.
മറ്റൊരു അവാര്‍ഡ് ജേതാവായ പ്രൊഫ. ജോസഫ് ചെറുവേലി നാം അനുഭവിച്ച വിഷമതകള്‍ ഏറെ ആയിരുന്നുവെന്ന് ചൂണ്ടിക്കാട്ടി. എന്നാല്‍ ഒരു കാര്‍ഗോ ഷിപ്പില്‍ 1620-ല്‍ അമേരിക്കയ്ക്ക് പുറപ്പെട്ട പില്‍ഗ്രിം ഫാദേഴ്‌സിന്റെ സ്ഥിതിയുമായി നോക്കുമ്പോള്‍ അത് ഒന്നുമല്ലായിരുന്നു. മാസങ്ങളെടുത്ത് അമേരിക്കയിലെത്തുമ്പോഴേയ്ക്കും അവരില്‍ മൂന്നിലൊന്നു പേര്‍ മരിച്ചിരുന്നു. ഇവിടെ എത്തിയശേഷവും ഒട്ടേറെ പേര്‍ മരിച്ചു. മഹാ ദുരിതങ്ങളാണ് അവര്‍ നേരിട്ടത്. അവിടെ നിന്നാണ് ഈ മഹാരാജ്യം രൂപപ്പെടുന്നത്- അറുപത്തിമൂന്ന് വര്ഷം മുൻപ് 1960-ല്‍ കപ്പലില്‍ രണ്ടു മാസം സഞ്ചരിച്ച് അമേരിക്കയിലെത്തിയ അദ്ദേഹം ചൂണ്ടിക്കാട്ടി.
കുട്ടനാട്ടിലെ കൈനകിരിയിൽ നിന്ന് 1960-ൽ അമേരിക്കയിലേക്ക് കുടിയേറിയ പ്രൊഫ. ജോസഫ് ചെറുവേലി ന്യൂയോർക്കിലെ സെന്റ് ജോൺസ് യൂണിവേഴ്സിറ്റിയിൽ നിന്ന് സ്വർണ്ണ മെഡൽ നേടിയ ഇംഗ്ലീഷ് പ്രൊഫസറാണ്. കേരള സമാജം ഓഫ് ഗ്രേറ്റർ ന്യൂയോർക്ക്, പയനിയർ ക്ലബ് ഓഫ് നോർത്ത് അമേരിക്ക എന്നിവയുൾപ്പെടെ വിവിധ ഇന്ത്യൻ സംഘടനകളുടെ സ്ഥാപക അംഗമാണ്. തന്റെ ജീവചരിത്രം ‘പാസേജ് ടു അമേരിക്ക’ ഉൾപ്പെടെ അദ്ദേഹം വിപുലമായി രചനകൾ നടത്തിയിട്ടുണ്ട് .
പയനിയര്‍ ക്ലബ് ജോയിന്റ് സെക്രട്ടറി ലോണ ഏബ്രഹാം സ്വാഗതം പറഞ്ഞു. പ്രസിഡന്റ് ജോണി സഖറിയയുടെ പ്രസംഗത്തില്‍ സംഘടനയുടെ ഉദ്ദേശ ലക്ഷ്യങ്ങളും പ്രവര്‍ത്തനങ്ങളും വിവരിച്ചു. സെക്രട്ടറി രാജു വർഗീസ് റിപ്പോര്‍ട്ട് വായിച്ചു.
അസംബ്ലിമാന്‍ എഡ്വേര്‍ഡ് ബ്രോണ്‍സ്റ്റെയിന്റെ പ്രതിനിധിയായി എത്തിയ കോശി തോമസ്, ജോര്‍ജ് ഏബ്രഹാം, തോമസ് ടി. ഉമ്മന്‍ എന്നിവര്‍ പ്രസംഗിച്ചു.
അവാര്‍ഡ് ജേതാവായ വി.എം. ചാക്കോയെ അവതരിപ്പിച്ച മാത്യു സഖറിയ താനും ചാക്കോയും ജോര്‍ജ് ഏബ്രഹാമും ഒരു മുറിയില്‍ 1970-ല്‍ തങ്ങിയത് ഓര്‍മ്മിച്ചു. ത്രീ മസ്‌കറ്റിയേഴ്‌സ് എന്നാണ് അദ്ദേഹം തങ്ങളെ വിശേഷിപ്പിച്ചത്. ആ എളിയ തുടക്കത്തില്‍ നിന്ന് ഓരോരുത്തരും പുതിയ പാതകള്‍ കണ്ടെത്തി.
തൊടുപുഴ സ്വദേശിയായ വി.എം. ചാക്കോ, തന്റെ ജീവിതത്തിന്റെ ഭൂരിഭാഗവും മറ്റുള്ളവരെ സഹായിക്കാനും മലയാളികൾക്ക് അമേരിക്കയിലെ മുഖ്യധാരാ പ്രവർത്തനങ്ങളിൽ പങ്കാളികളാകാനുള്ള വഴികൾ കണ്ടെത്താനും വേണ്ടി നീക്കിവച്ച അറിയപ്പെടുന്ന ഒരു കമ്മ്യൂണിറ്റി ആക്ടിവിസ്റ്റാണ്. 20 വർഷത്തോളം അദ്ദേഹം NYC കമ്മ്യൂണിറ്റി ബോർഡിൽ അംഗമായി സേവനമനുഷ്ഠിച്ചു. പയനിയർ ക്ലബ്ബിന്റെ സ്ഥാപക അംഗവും ന്യൂയോർക്കിലെ ബെൽറോസിൽ ‘ ക്വീൻസ് ഇന്ത്യ ഡേ പരേഡ്’ ആരംഭിച്ചവരിൽ ഒരാളുമാണ്. അദ്ദേഹത്തിന്റെ സമീപകാല ജീവകാരുണ്യ പ്രവർത്തനങ്ങളിൽ തൊടുപുഴയിലെ പാവപ്പെട്ടവർക്ക് വീടുകൾ നിർമ്മിക്കുക, അനാഥാലയങ്ങൾക്ക് ചാരിറ്റി, നിർധനർക്ക് വിദ്യാഭ്യാസ സഹായം എന്നിവ ഉൾപ്പെടുന്നു.
പാലായിലെ ചേർപുങ്കലിൽ ജനിച്ച മേരി ജോസ് അക്കരക്കളം മെറ്റ്‌ലൈഫിൽ ഉദ്യോഗസ്ഥയായിരുന്നു. അവിടെ ‘ബെസ്റ്റ് എംപ്ലോയി ഓഫ് ദ ഇയർ’ അവാർഡ് കരസ്ഥമാക്കി. ഫ്ലഷിംഗിലെ കോളേജ് പോയിന്റിലെ ഒരു വയോധികർക്കുള്ള നഴ്സിംഗ് ഹോമിൽ അവർ വോളന്റിയറായി പ്രവർത്തിച്ചു. ചേർപുങ്കൽ മെഡിസിറ്റി ഹോസ്പിറ്റലിനായി ചാപ്പലും ഭവനരഹിതർക്കു ഭവനവും നിർമ്മിക്കാൻ പൂർവ്വിക സ്വത്തുക്കൾ വിറ്റുകിട്ടിയ തുക ഉപയോഗിച്ചു. ഇതടക്കം വിവിധ ചാരിറ്റി പ്രവർത്തനങ്ങളിൽ പങ്കാളിയായി.
ഡോ. ജോർജ്ജ് അറയ്ക്കൽ മെഡിക്കൽ ബിരുദവുമായി യു.എസിൽ എത്തി. എം.ഡി നേടിയ ശേഷം ഇൻഷുറൻസ് കമ്പനികളുടെ മെഡിക്കൽ കൺസൾട്ടന്റായി. സ്വന്തമായി മെഡിക്കൽ സപ്ലൈസ് ഔട്ട്‌ലെറ്റ് സ്ഥാപിച്ച് സംരംഭകനുമായി. വിവിധ സാമൂഹിക, ജീവകാരുണ്യ സംരംഭങ്ങളിൽ ഏർപ്പെട്ടിട്ടുള്ള അദ്ദേഹം പയനിയർ ക്ലബ്ബിന്റെ സജീവ അംഗവുമാണ്.
പ്രൊഫഷണൽ എഞ്ചിനീയറായ ജോർജ് സി. അറക്കൽ മെട്രോപൊളിറ്റൻ ട്രാൻസിറ്റ് അതോറിറ്റിയിലും പോർട്ട് അതോറിറ്റിയിലും വിവിധ തലങ്ങളിൽ പ്രവർത്തിച്ചു. ഭവനരഹിതരെ സഹായിക്കാനും വിവാഹങ്ങൾ നടത്തുന്നതിനു സഹായമെത്തിക്കുന്നതിനും അദ്ദേഹം എക്കാലവും പരിശ്രമിച്ചു.
ഇടുക്കി ജില്ലയിലെ കുണിഞ്ഞിയിൽ നിന്നാണ് വെറോണിക്ക എ താനിക്കാട്ട് യു.എസിൽ എത്തിയത്. വൈക്കോഫ് ഹോസ്പിറ്റലിലും ന്യൂയോർക്കിലെ വെറ്ററൻസ് ഹോസ്പിറ്റലിലും ജോലി ചെയ്യുമ്പോൾ ‘ബെസ്റ് പെർഫോമിംഗ് നഴ്‌സ്’ ഉൾപ്പെടെ നിരവധി നഴ്‌സിംഗ് അവാർഡുകൾ അവർക്ക് ലഭിച്ചു. വിദ്യാഭ്യാസത്തിൽ, പ്രത്യേകിച്ച് നഴ്‌സിംഗ് മേഖലയിൽ ലക്ഷ്യങ്ങൾ കൈവരിക്കാൻ പലരെയും സഹായിച്ചു. ദാരിദ്ര്യം അനുഭവിക്കുന്നവർക്ക് തുണയാകാൻ മുന്നിട്ടിറങ്ങിയ അവർ മറ്റുള്ളവരെപ്പറ്റി എപ്പോഴും കരുതലുള്ള വ്യക്തിയായാണ് അറിയപ്പെടുന്നത്.
ത്രേസ്യാമ്മ കുര്യൻ ചങ്ങനാശ്ശേരി കിടങ്ങറ സ്വദേശിയാണ്. ന്യൂയോർക്കിലെ ലോംഗ് ഐലൻഡ് ജ്യൂവിഷ് ഹോസ്പിറ്റലിലും സെന്റ് ബർണബാസിലും ഉൾപ്പെടെ നിരവധി ആശുപത്രികളിൽ നഴ്‌സായി തന്റെ പ്രൊഫഷണൽ ജീവിതത്തിൽ മികവ് പുലർത്തി. ‘ബെസ്റ്റ് ഓപ്പറേറ്റിംഗ് റൂം നഴ്‌സ്’ അവാർഡ് നേടിയിട്ടുണ്ട്. തന്റെ പ്രവർത്തനങ്ങളിലൂടെ മറ്റുള്ളവരിൽ ഗണ്യമായ സ്വാധീനം ചെലുത്തുകയും ചെയ്തു. കേരളത്തിലെ നിരാലംബർക്കും ഭവനരഹിതർക്കും അനാഥാലയങ്ങൾക്കുമായി അവൾ തന്റെ പൂർവ്വിക സ്വത്ത് ദാനം ചെയ്തു.
വൈസ് പ്രസിഡന്റ് തോമസ് തോമസ് പാലാത്ര, ട്രഷറര്‍ ജോണ്‍ പോള്‍ എന്നിവര്‍ അവാര്‍ഡ് പരിപാടിക്ക് നേതൃത്വം നല്‍കി.
60-കളിലും 70-കളിലും അതിനുശേഷവും യുഎസിലേക്ക് കുടിയേറിയ മലയാളികളെ ഒരുമിച്ച് കൊണ്ടുവരുന്ന, രജിസ്റ്റർ ചെയ്ത ലാഭേച്ഛയില്ലാത്ത സാഹോദര്യ കൂട്ടായ്‌മയാണ് പയനിയർ ക്ലബ്ബ്.