കൊച്ചി: ഇന്ത്യയിലെ ഏറ്റവും മികച്ച ബാങ്കായി ഫെഡറല്‍ ബാങ്ക് തെരഞ്ഞെടുക്കപ്പെട്ടു. ആഗോള ധനകാര്യ പ്രസിദ്ധീകരണമായ ദി ബാങ്കറിന്റെ ‘ബാങ്ക് ഓഫ് ദി ഇയര്‍ അവാര്‍ഡ്സ് 2023’ എന്ന ബഹുമതിയാണ് ഫെഡറല്‍ ബാങ്ക് സ്വന്തമാക്കിയത്. 120 രാജ്യങ്ങളിലെ ബാങ്കുകളുടെ പ്രവര്‍ത്തനം വിലയിരുത്തുന്ന ഏറ്റവും പ്രധാന മൂന്ന് ആഗോള പുരസ്‌കാരങ്ങളിലൊന്നാണ് ഫിനാഷ്യല്‍ ടൈംസിന്റെ ഭാഗമായ ദി ബാങ്കര്‍ നല്‍കുന്ന ഈ പുരസ്‌കാരം. നൂതന ബാങ്കിങ് സൗകര്യങ്ങളും ഉപഭോക്തൃ കേന്ദ്രീകൃത സേവനങ്ങളും ലഭ്യമാക്കുന്നതില്‍ ഫെഡറല്‍ ബാങ്കിനുള്ള പ്രതിബദ്ധതയും ബാങ്കിങ് മേഖലയ്ക്ക് നല്‍കിയ സംഭാവനകളും വിലയിരുത്തിയാണ് പുരസ്‌കാരത്തിനു തെരഞ്ഞെടുത്തത്.
പൂര്‍ണമായും ഓണ്‍ലൈനായി പേഴ്സനല്‍ ലോണ്‍ ലഭ്യമാക്കുന്ന ഫെഡറല്‍ ബാങ്കിന്റെ ഡിജിറ്റല്‍ പേഴ്സനല്‍ ലോണ്‍ സൗകര്യം പുരസ്‌കാര നിര്‍ണയ സമിതി എടുത്തു പറഞ്ഞു. സാങ്കേതികവിദ്യയുടെ സഹായത്തോടെ പേഴ്സനലൈസ്ഡ് ലോണുകള്‍ നല്‍കുന്നതിനുള്ള സൗകര്യങ്ങള്‍ ഫെഡറല്‍ ബാങ്കിന്റെ റീട്ടെയില്‍ വായ്പാ വിതരണ ബിസിനസ് വിപുലീകരിക്കാന്‍ കാര്യമായി സഹായിച്ചിട്ടുണ്ട്. ബാങ്കിങ് സേവനം ലഭ്യമല്ലാത്ത ഗ്രാമീണ മേഖലകളില്‍ സേവനം ഉപഭോക്താക്കളിലേക്ക് നേരിട്ട് എത്തിക്കുന്നതിന് അവതരിപ്പിച്ച ബാങ്ക് ഓണ്‍ ദി ഗോ സേവനവും, ഇടപാടുകാര്‍ക്കുള്ള പിന്തുണ മെച്ചപ്പെടുത്തുന്നതിന് അവതരിപ്പിച്ച നിര്‍മിത ബുദ്ധി അടിസ്ഥാനമാക്കിയുള്ള ചാറ്റ് ബോട്ടായ ഫെഡ്ഡിയും പ്രത്യേകം പരാമര്‍ശിക്കപ്പെട്ടു.
‘ഇന്ത്യയിലെ മികച്ച ബാങ്ക് എന്ന അംഗീകാരം തീര്‍ച്ചയായും ഞങ്ങള്‍ക്കു വളരെ വിലപ്പെട്ടതാണ്. ഏറ്റവും ആദരിക്കപ്പെടുന്ന ബാങ്കായി ഫെഡറല്‍ ബാങ്കിനെ മാറ്റുന്നതിലാണ് ഞങ്ങളുടെ ടീമിന്റെ ശ്രദ്ധ. ഞങ്ങളില്‍ നിന്ന് ഏറ്റവും മികച്ചതു പ്രതീക്ഷിക്കുകയും പിന്തുണ നല്‍കുകയും ചെയ്യുന്ന ഇടപാടുകാരോട് വളരെ നന്ദിയുണ്ട്. ഞങ്ങളെ പ്രചോദിപ്പിച്ചു കൊണ്ടിരിക്കുക. എല്ലായ്പ്പോഴും ഏറ്റവും മികച്ചതു മാത്രം നിങ്ങള്‍ക്കു നല്‍കാന്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്,’ ഫെഡറല്‍ ബാങ്ക് എംഡിയും സിഇഒയുമായ ശ്യാം ശ്രീനിവാസന്‍ പറഞ്ഞു.
Ajith V Raveendran