ന്യൂയോർക്ക് : ലോങ്ങ് ഐലൻഡ് ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രശസ്ത കാരുണ്യ സംഘടനയായ എക്കോയുടെ (ECHO- Enhance Community through Harmonious Outreach) 2023-ലെ ഹ്യുമാനിറ്റേറിയൻ അവാർഡിന് അർഹനാകുന്ന വ്യക്തിയെ തെരഞ്ഞെടുക്കുന്ന തിനുള്ള അപേക്ഷ ഡിസംബർ 15-ന് മുമ്പായി സമർപ്പിക്കേണ്ടതാണ്. ലോകത്തിന്റെ ഏതെങ്കിലും ഭാഗങ്ങളിൽ വ്യക്തിപരമായി ജീവകാരുണ്യ പ്രവർത്തനങ്ങൾ ചെയ്യുന്ന അമേരിക്കൻ നിവാസിയും ഇന്ത്യൻ വംശജനുമായ ഏതൊരാൾക്കും അപേക്ഷ സമർപ്പിക്കാവുന്നതാണ്. 2024 ജനുവരി 7 ഞായറാഴ്ച വൈകിട്ട് 4 മുതൽ ജെറിക്കോയിലുള്ള കൊട്ടിലിയൻ റെസ്റ്റോറന്റിൽ (440 Jericho Turnpike, Jericho, NY 11753) വച്ച് നടത്തപ്പെടുന്ന വാർഷിക ഡിന്നർ മീറ്റിംഗിൽ സമൂഹത്തിലെ വിവിധ തലങ്ങളിലുള്ള പ്രമുഖരുടെ മഹനീയ സാന്നിദ്ധ്യത്തിൽ തെരഞ്ഞെടുക്കപ്പെടുന്ന വ്യക്തിക്ക് അവാർഡ് സമ്മാനിക്കുന്നതാണ്. 2,500 ഡോളറും പ്രശംസാ ഫലകവുമാണ് അവാർഡായി ലഭിക്കുന്നത്.
അവാർഡിന് അർഹരാകുന്നതിനുള്ള നിബന്ധനകൾ (1) അവാർഡിന് അപേക്ഷിക്കുന്നവർ വ്യക്തികളായിരിക്കണം. (2) അപേക്ഷകർ അമേരിക്കയിലെ ഏതെങ്കിലും സംസ്ഥാനത്തു താമസിക്കുന്നവരായിരിക്കണം (3) ലോകത്തിന്റെ ഏതു ഭാഗത്തും ജീവകാരുണ്യ പ്രവർത്തനങ്ങൾ ചെയ്യുന്നവരായിരിക്കണം (4) ക്യാഷ് അവാർഡായി ലഭിക്കുന്ന 2,500 ഡോളർ അവർ ചെയ്യുന്ന ഏതെങ്കിലും കാരുണ്യ പ്രവർത്തന പ്രോജെക്ടിലേക്കു ഉപയോഗിക്കേണ്ടതാണ് (5) ന്യൂയോർക്കിൽ വച്ച് 2024 ജനുവരി 7 ഞായറാഴ്ച നടത്തപ്പെടുന്ന അവാർഡ് ദാന ചടങ്ങിൽ നേരിട്ട് ഹാജരായി അവാർഡ് സ്വീകരിക്കാൻ തയ്യാറുള്ളവരായിരിക്കണം (6) അപേക്ഷകർ 18 വയസ്സിനു മുകളിൽ പ്രായമുള്ളവരും ഇന്ത്യൻ വംശജരും ആയിരിക്കണം (7) കഴിഞ്ഞ വർഷങ്ങളിൽ ചെയ്തിട്ടുള്ള കാരുണ്യ പ്രവർത്തനങ്ങളുടെ വിശദ റിപ്പോർട്ടും തെളിവുകളും സഹിതം അപേക്ഷകൾ ഡിസംബർ 15-ന് രാത്രി 12 മണിക്ക് (ന്യൂയോർക്ക് സമയം) മുമ്പായി [email protected] എന്ന ഈമെയിലിൽ ലഭിച്ചിരിക്കണം (8) മുൻ വർഷങ്ങളിൽ എക്കോയിൽ നിന്നും പ്രസ്തുത അവാർഡിന് അർഹരായവർ വീണ്ടും ഈ വർഷത്തെ അവാർഡിന് അപേക്ഷിക്കാൻ അനുവദനീയമല്ല (9) ECHO നിശ്ചയിക്കുന്ന അവാർഡ് കമ്മറ്റിയുടെ തീരുമാനം അന്തിമമായിരിക്കും.
ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവരെ പ്രോത്സാഹിപ്പിക്കുന്നതിനും ആദരിക്കുന്നതിനുമായി ECHO 2021-ൽ ആരംഭിച്ച ഹ്യുമാനിറ്റേറിയൻ അവാർഡിന്റെ മൂന്നാമത് അവാർഡ് ദാന ചടങ്ങാണ് ജനുവരി 7-ന് നടത്തുവാൻ ക്രമീകരിക്കുന്നത്. ന്യൂഹൈഡ് പാർക്കിൽ താമസിക്കുന്ന ജോൺ മാത്യു (ജോ) 2021-ലും യോങ്കേഴ്‌സ് സ്കാർസ്‌ഡേലിൽ റിയൽ എസ്റ്റേറ്റ് ബിസിനസ് നടത്തുന്ന ജോർജ് ജോൺ കല്ലൂർ (ബെന്നി) 2022-ലും പ്രസ്തുത അവാർഡിന് അർഹരായവരാണ്. ഒരു ദശാബ്ദം മുമ്പ് സമാന മനസ്കരായ ഏതാനും പേർ ചേർന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലും മാതൃരാജ്യത്തും പലവിധത്തിൽ കഷ്ടത അനുഭവിക്കുന്നവരെ തങ്ങളാലാവും വിധം കാരുണ്യസ്പർശം നൽകി സഹായിക്കാം എന്ന ചിന്തയിൽ രൂപപ്പെടുത്തിയ സംഘടനയാണ് ECHO.
ഓരോ വർഷവും പുതിയ മേഖലകളിൽ അർഹരായവർക്ക് സഹായം നൽകുന്നതിന് ECHO-യ്ക്ക് സാധിച്ചു. 501(c)(3) നോൺ പ്രോഫിറ്റ് ചാരിറ്റി സംഘടനയായി രജിസ്റ്റർ ചെയ്യപ്പെട്ട എക്കോ ചുരുങ്ങിയ വർഷങ്ങൾക്കുള്ളിൽ തന്നെ ധാരാളം ജീവകാരുണ്യ പ്രവർത്തനങ്ങൾ നടപ്പിലാക്കി കഴിഞ്ഞു. പ്രവർത്തന പന്ഥാവിൽ പത്തു വർഷം പൂർത്തീകരിക്കുന്ന ECHO ഈ വർഷം പത്ത് നിർധനരായവർക്കു വീട് നിർമ്മിച്ച് നൽകണമെന്നാണ് പദ്ധതി ഇടുന്നത്. അതിനുള്ള ഫണ്ട് ശേഖരണം കൂടിയാണ് ജനുവരി 7-ന് നടത്തപ്പെടുന്ന വാർഷിക ഡിന്നർ മീറ്റിംഗിൽ ക്രമീകരിക്കുന്നത്.
എല്ലാ വെള്ളിയാഴ്ചകളിലും വൈകിട്ട് മൂന്നര മുതൽ ഏഴു മണി വരെ ന്യൂ ഹൈഡ് പാർക്കിലെ ക്ലിന്റൺ ജി മാർട്ടിൻ ഹാളിൽ ECHO-യുടെ നേതൃത്വത്തിൽ നടത്തി വരുന്ന സീനിയർ വെൽനെസ്സ് പരിപാടി ഇതിനോടകം നല്ല ജനശ്രദ്ധ ആകർഷിച്ചു കഴിഞ്ഞു. ജീവിത യാത്രയുടെ സായാന്ഹ കാലങ്ങളിൽ റിട്ടയർമെന്റിനു ശേഷം സ്വന്തം ഭവനങ്ങളിൽ ഏകാന്തത അനുഭവിക്കുന്ന മുതിർന്ന പൗരന്മാരുടെ മാനസികോല്ലാസത്തിനും ആരോഗ്യ പരിപാലനത്തിനുമായി ആഴ്ചതോറും നടത്തിവരുന്ന സീനിയർ വെൽനെസ്സ് പരിപാടി ആഴ്ചയിൽ അഞ്ചു ദിവസവും നടത്തുന്നതിനുള്ള പദ്ധതിയും ആലോചനയിലുണ്ട്.
ലോങ്ങ് ഐലൻഡിലെ പ്രശ്‌സത ആരോഗ്യവിദഗ്ദ്ധനായ ഡോ. തോമസ് മാത്യു ചെയർമാൻ ആയ ECHO-യിൽ വിവിധ പരിപാടികൾ നടത്തുന്നതിനായി സാബു ലൂക്കോസ്, തോമസ് എം. ജോർജ് (ജീമോൻ), ബിജു ചാക്കോ, വർഗ്ഗീസ് ജോൺ, ടി.ആർ. ജോയി, ആനി മാത്യു, കെ. ബി. ശാമുവേൽ, കാർത്തിക് ധർമ്മ, മാത്യുക്കുട്ടി ഈശോ, വർഗ്ഗീസ് എബ്രഹാം (രാജു), ബെജി ജോസഫ്, സജി ജോർജ് തുടങ്ങിയവർ മുൻകൈ എടുത്ത് സുതാര്യമായി പ്രവർത്തിക്കുന്നു..
അവാർഡ് സംബന്ധിച്ചും ECHO യുടെ പ്രവർത്തനങ്ങൾ സംബന്ധിച്ചും കൂടുതൽ വിവരങ്ങൾ അറിയണമെന്ന് താൽപ്പര്യമുള്ളവർ 516-902-4300 എന്ന നമ്പറുമായി ബന്ധപ്പെടാവുന്നതാണ്. Visit: www.echoforhelp.org.
Report : മാത്യുക്കുട്ടി ഈശോ