കൊച്ചി മെട്രോയുടെയും വാട്ടർ മെട്രോയുടെയും വികസനം അതിവേഗം പൂർത്തിയാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എറണാകുളം ജില്ലയിലെ നവകേരള സദസിന്റെ രണ്ടാം ദിവസം കലൂരിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
എസ്.എൻ ജംഗ്ഷനിൽ നിന്ന് അവസാന സ്റ്റേഷനായ തൃപ്പൂണിത്തുറയിലേയ്ക്ക് മെട്രോ ട്രെയിനിന്റെ പരീക്ഷണയോട്ടം വിജയകരമായി പൂർത്തിയാക്കി. ഏഴു മാസം പിന്നിട്ട കൊച്ചി വാട്ടർ മെട്രോ സർവ്വീസ് ഇതുവരെ 12.5 ലക്ഷത്തിൽ അധികം ആളുകൾ ഉപയോഗിച്ചു.അന്താരാഷ്ട്രതലത്തിൽത്തന്നെ ശ്രദ്ധിക്കപ്പെട്ട വാട്ടർ മെട്രോ സർവീസ് വിപുലമാക്കുന്നതിന്റെ ഭാഗമായി കൂടുതൽ ടെർമിനലുകളുടെ നിർമ്മാണം കാര്യക്ഷമമായി പുരോഗമിക്കുകയാണ്. 1136.83 കോടി രൂപ ചെലവ് കണക്കാക്കുന്ന ഈ പദ്ധതി കൊച്ചിയിലെ വിവിധ ദ്വീപ് നിവാസികളുടെ യാത്രാ ദുരിതത്തിനുള്ള പരിഹാരമാകുന്നതിനൊപ്പം വലിയ തോതിൽ ടൂറിസം സാധ്യതകളെ വളർത്തും. കൊച്ചി നഗരത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിനു സർക്കാർ നടത്തുന്ന നിശ്ചയദാർഢ്യത്തോടു കൂടിയുള്ള പ്രവർത്തനങ്ങളുടെ ഫലമാണ് ഈ പദ്ധതികളുടെ വിജയമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കുറച്ചു ദിവസങ്ങൾക്കു മുൻപ് ഐബിഎം സോഫ്റ്റ്‌വെയറിന്റെ സീനിയർ വൈസ് പ്രസിഡന്റ് (പ്രോഡക്ട്സ്) ദിനേശ് നിർമ്മൽ പറഞ്ഞത് കേരളത്തിലേയ്ക്ക് ഒരു റിവേഴ്സ് മൈഗ്രേഷൻ നടക്കുന്നുവെന്നാണ്. അതായത് മറ്റു സംസ്ഥാനങ്ങളിൽ നിന്നും രാജ്യത്തിന് പുറത്തും ഉള്ള ഐബിഎംലെ ജീവനക്കാർ കേരളത്തിലേക്ക് തിരികെ വരാൻ ആഗ്രഹം പ്രകടിപ്പിക്കുന്നു. ഇതാണ് കഴിഞ്ഞ ഏഴു വർഷങ്ങൾ കൊണ്ടു നാടിനുണ്ടായ മാറ്റം. വൻകിട വികസനം സാധ്യമല്ലെന്നും വ്യവസായ സൗഹൃദമല്ലെന്നും മുദ്ര കുത്തപ്പെട്ടിരുന്ന കേരളം ആ ധാരണകളെല്ലാം തിരുത്തിക്കുറിക്കുകയാണ്. കേന്ദ്ര സർക്കാരിന്റെ ഈസ് ഓഫ് ഡൂയിംഗ് റാങ്കിങ്ങിൽ 15ആം സ്ഥാനത്ത് ഇക്കാലയളവിൽ കേരളമെത്തിയെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.