റിസര്‍വ് ബാങ്ക് പ്രഖ്യാപിച്ച പുതിയ പണനയം വളര്‍ച്ചയ്ക്കും പണപ്പെരുപ്പത്തിനും ഇടയില്‍ സന്തുലിതാവസ്ഥ നിലനിര്‍ത്തുന്നതിന്

Spread the love

റിസര്‍വ് ബാങ്ക് പ്രഖ്യാപിച്ച പുതിയ പണനയം വളര്‍ച്ചയ്ക്കും പണപ്പെരുപ്പത്തിനും ഇടയില്‍ സന്തുലിതാവസ്ഥ നിലനിര്‍ത്തുന്നതിന് സഹായകമാകും. പലിശ നിരക്കുകള്‍ മാറ്റമില്ലാതെ നിലനിര്‍ത്തുന്നതോടൊപ്പം പണപ്പെരുപ്പ നിയന്ത്രണ നടപടികള്‍ തുടരുകയും ചെയ്യുന്നതിലൂടെ പണപ്പെരുപ്പ ഭീഷണിക്കും വളര്‍ച്ച സംബന്ധിച്ച ആശങ്കയ്ക്കും പരിഹാരമാകുന്നു. പണപ്പെരുപ്പ നിരക്ക് 4 ശതമാനത്തിലേക്ക് തിരിച്ചു വരുന്നതു വരെ നിരക്ക് കുറക്കില്ലെന്നും നയം വ്യക്തമാക്കിയിട്ടുണ്ട്. എന്റെ വീക്ഷണത്തില്‍, പണപ്പെരുപ്പം കുറയുന്നതു വരെ സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ മികച്ച നിലയില്‍ മുന്നോട്ടു പോകുന്നുണ്ടെന്ന് ഉറപ്പാക്കുന്ന നയം തന്നെ തുടരാനാണ് സാധ്യത.

കെ. പോള്‍ തോമസ്, എംഡി & സിഇഒ, ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്ക്.

പലിശ നിരക്കുകള്‍ അതേപടി നിലനിര്‍ത്താനുള്ള റിസര്‍വ് ബാങ്കിന്റെ തീരുമാനം നിലവിലെ സാമ്പത്തിക സാഹചര്യത്തില്‍ നല്ലൊരു നീക്കമാണ്. പണപ്പെരുപ്പം കുറയ്ക്കാന്‍ ഇത് സഹായിക്കും. പണപ്പെരുപ്പം നാലു ശതമാനത്തിന് താഴേക്ക് മടങ്ങിവരുന്നതു വരെ റിസര്‍വ് ബാങ്കിന്റെ നിയന്ത്രണ നടപടികള്‍ തുടരുമെന്നാണ്

പ്രതീക്ഷിക്കുന്നത്. ഭക്ഷ്യവിലകയറ്റം ഒരു പ്രധാന വെല്ലുവിളിയായതിനാല്‍ പണപ്പെരുപ്പം പ്രതീക്ഷിച്ച നിരക്കിലെത്താന്‍ ഏതാനും പാദങ്ങള്‍ കൂടി കാത്തിരിക്കേണ്ടി വന്നേക്കാം. ഇവിടെ എടുത്തു പറയേണ്ട കാര്യം, റിസര്‍വ് ബാങ്കിന്റെ മുന്‍കാല നയ നടപടികള്‍ ഫലം കണ്ടു തുടങ്ങിയിരിക്കുന്നു എന്നതാണ്. ഈ സാമ്പത്തിക വര്‍ഷം ജിഡിപി വളര്‍ച്ച 7 ശതമാനമാകുമെന്ന് റിസര്‍വ് ബാങ്ക് പ്രവചിക്കുന്നതോടെ സാമ്പത്തിക വിപുലീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് ആക്കം കൂടും. ഈ ഘട്ടത്തില്‍ പണപ്പെരുപ്പം സംബന്ധിച്ച നയം തുടരുന്നത് വിവേകപൂര്‍ണമാണ്. നിരക്ക് കുറക്കല്‍ നടപടികള്‍ ഉടന്‍ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നില്ല.

വി. പി. നന്ദകുമാര്‍, എം.ഡി & സിഇഒ, മണപ്പുറം ഫിനാന്‍സ് ലിമിറ്റഡ്

ആഗോളതലത്തിലേയും ഇന്ത്യയിലേയും സാമ്പത്തിക മേഖലയിലെ സ്ഥൂല ഘടകങ്ങള്‍ കണക്കിലെടുത്ത് പലിശനിരക്കുകള്‍ മാറ്റം വരുത്താതിരുന്നത് പ്രതീക്ഷകള്‍ക്കനുസൃതമായി തന്നെയാണ്. ഓണ്‍ലൈന്‍ വായ്പകളെ നിയന്ത്രിക്കുന്നതിനുള്ള ചട്ടക്കൂടിന്റെ പ്രഖ്യാപനവും ഫിന്‍ടെക്ക് റെപോസിറ്ററി രൂപീകരണവും സ്വാഗതാര്‍ഹമാണ്. ഇടപാടുകാര്‍ക്ക് സുരക്ഷിതവും സുതാര്യവും ന്യായവുമായ ഡിജിറ്റല്‍ വായ്പാ സേവനങ്ങള്‍ ഉറപ്പാക്കാന്‍ ഇത് സഹായകമാകും. ഡേറ്റാ സ്വകാര്യത, സുരക്ഷ, സമഗ്രത എന്നിവ ഉറപ്പുവരുത്തുന്നതിലേക്കുള്ള ശരിയായ ദിശയിലുള്ള ഒരു ചുവടുവെപ്പാണ് ധനകാര്യ സ്ഥാപനങ്ങള്‍ക്കുള്ള ക്ലൗഡ് സൗകര്യം.

 

ഹര്‍ഷ് ദുഗര്‍, എക്സിക്യൂട്ടീവ് ഡയറക്ടര്‍, ഫെഡറല്‍ ബാങ്ക്.

പണപ്പെരുപ്പം നിയന്ത്രിക്കാനുള്ള ക്രമീകരണ നടപടികളുമായി യോജിക്കുന്നതാണ് ധനനയ സമിതിയുടെ ശുപാര്‍ശകള്‍. ഈ നടപടികളിലൂടെ റിസര്‍വ് ബാങ്കിന് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ സുസ്ഥിരമായ നിലനിര്‍ത്താന്‍ കഴിഞ്ഞു. ആഗോളതലത്തില്‍ അസ്ഥിരത നിലനില്‍ക്കുമ്പോഴും ഇത് വളര്‍ച്ചയ്ക്ക് ആക്കം കൂട്ടി. മിതമായ നിരക്ക് വര്‍ധനകളിലൂടെ അധിക പണലഭ്യത കുറച്ച് പണപ്പെരുപ്പം നിയന്ത്രിക്കുന്നതിന് മുന്‍ഗണന നല്‍കുന്ന, ദീര്‍ഘവീക്ഷണത്തോടെയുള്ള റിസര്‍വ് ബാങ്ക് നയം പ്രശംസനീയമാണ്. വിലക്കയറ്റം നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ക്കൊപ്പം ഈ നയവും നന്നായി വര്‍ത്തിച്ചു. മികച്ച ഫണ്ട് മാനേജ്മെന്റിനായി വാരാന്ത്യങ്ങളിലും അവധി ദിവസങ്ങളിലും പോലും മാര്‍ജിനല്‍ സ്റ്റാന്‍ഡിംഗ് ഫെസിലിറ്റി, സ്റ്റാന്‍ഡിംഗ് ഡെപ്പോസിറ്റ് ഫെസിലിറ്റി എന്നീ സൗകര്യങ്ങള്‍ ലഭ്യമാക്കും. കൂടാതെ, ആശുപത്രികളിലേയും വിദ്യാഭ്യാസ സ്ഥാപനങ്ങളിലേയും യുപിഐ ഇടപാടുകളുടെ പരിധി അഞ്ചു ലക്ഷം രൂപയായി ഉയര്‍ത്തും. ഈ നടപടികള്‍ ഡിജിറ്റല്‍ ഇന്ത്യയെ ത്വരിതപ്പെടുത്തുകയും ഇടപാടുകള്‍ എളുപ്പമാക്കുകയും ചെയ്യും. ധന നയ സമിതിയുടെ പ്രഖ്യാപനങ്ങള്‍ ലക്ഷ്യമിടുന്ന വളര്‍ച്ച കൈവരിക്കാനും പണപ്പെരുപ്പം നാല് ശതമാനമാക്കി കുറയ്ക്കാനും സഹായിക്കുമെന്ന് ഞങ്ങള്‍ക്ക് ഉറപ്പുണ്ട്.

പി ആര്‍ ശേഷാദ്രി, എം.ഡി & സി.ഇ.ഒ, സൗത്ത് ഇന്ത്യന്‍ ബാങ്ക്.

Report : Ajith V Raveendran

 

Author

Leave a Reply

Your email address will not be published. Required fields are marked *