സ്ത്രീധനത്തിന്റെ പേരില്‍ ആത്മഹത്യ ചെയ്ത ഡോ.ഷഹനയുടെ വീട് യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന്‍ സന്ദര്‍ശിച്ചു. വെഞ്ഞാറുമൂടിലെ ഷഹനയുടെ വസതിയിലെത്തിയ അദ്ദേഹം ഉമ്മയും സഹോദരനെയും ആശ്വസിപ്പിച്ചു അവരുടെ ദുഖത്തില്‍ പങ്കുചേര്‍ന്നു.
മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥന് അന്വേഷണ ചുമതല നല്‍കുകയും മുതിര്‍ന്ന അഭിഭാഷകനെ സ്‌പെഷ്യല്‍ പബ്ലിക്ക് പ്രോസിക്യൂട്ടറായി നിയോഗിക്കണമെന്നും ഹസന്‍ ആവശ്യപ്പെട്ടു. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ കുറ്റവാളികള്‍ക്ക് ശക്തമായ ശിക്ഷ ഉറപ്പാക്കണം. അതിനാവശ്യമായ നടപടി പോലീസ് സ്വീകരിക്കണം. ഷഹനയുടെ ആത്മഹത്യക്കുറിപ്പ് കണ്ടെത്തിയിട്ടും അത് സംബന്ധമായി കേസെടുക്കുന്നതില്‍ പോലീസിന് ജാഗ്രത കുറവുണ്ടായിട്ടുണ്ടോയെന്ന് പരിശോധിക്കണം. സ്ത്രീധന നിരോധന നിയമം ശക്തമായി നടപ്പാക്കാന്‍ വേണ്ട നടപടി സര്‍ക്കാര്‍ സ്വീകരിക്കണം. സ്ത്രീധനം എന്ന സാമൂഹ്യവിപത്തിനെതിരെ ശക്തമായ പോരാട്ടം തുടരുമെന്നും ഹസന്‍ പറഞ്ഞു. കോണ്‍ഗ്രസ് നേതാക്കളായ ഇ ഷംസുദീന്‍,പുരുഷോത്തമന്‍, ബിനു എസ് നായര്‍,അഡ്വ.സുധീര്‍ എന്നിവര്‍ എംഎം ഹസനോടൊപ്പം ഉണ്ടായിരുന്നു.