വാട്ടർ മെട്രോയിൽ യാത്ര ചെയ്ത് മുഖ്യമന്ത്രിയും മന്ത്രിമാരും

Spread the love

വാട്ടർ മെട്രോയിലെ യാത്ര വ്യത്യസ്ത അനുഭവമെന്ന് മുഖ്യമന്ത്രി

കേരളത്തിന്റെ അഭിമാനമായ കൊച്ചി വാട്ടർ മെട്രോയിൽ യാത്ര ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും. മുഖ്യമന്ത്രി ഉൾപ്പെടെ ഭൂരിപക്ഷം മന്ത്രിമാരും ആദ്യമായാണ് വാട്ടർ മെട്രോയിൽ യാത്ര ചെയ്തത്. മന്ത്രിമാരായ പി.രാജീവ്, ആന്റണി രാജു എന്നിവർ മാത്രമാണ് മുൻപ് യാത്ര ചെയ്തിട്ടുള്ളത്.

‘നവകേരള സദസ്സിന്റെ ഭാഗമായുള്ള നവകേരള യാത്ര എറണാകുളത്ത് നിന്ന് വൈപ്പിനിലേക്ക് കൊച്ചി വാട്ടർ മെട്രോയിൽ യാത്ര ചെയ്തത് തികച്ചും വ്യത്യസ്തമായ അനുഭവമായി. കൊച്ചി വാട്ടർ മെട്രോയ്ക്ക് ആശംസകൾ…’ മുഖ്യമന്ത്രി സന്ദർശക ഡയറിയിൽ കുറിച്ചു.

വൈപ്പിൻ മണ്ഡലത്തിലെ നവകേരള സദസിൽ പങ്കെടുക്കുന്നതിനാണ് വാട്ടർ മെട്രോ ഹൈക്കോർട്ട് ജംഗ്ഷൻ ടെർമിനലിൽ നിന്ന് വൈപ്പിൻ ടെർമിനലിലേക്ക് മുഖ്യമന്ത്രിയും മന്ത്രിമാരും യാത്ര ചെയ്തത്. വാട്ടർ മെട്രോയുടെ നീല തൊപ്പിയണിഞ്ഞാണ് മുഖ്യമന്ത്രി ഉൾപ്പെടെ എല്ലാവരും കൊച്ചിക്കായലിലൂടെ യാത്ര നടത്തിയത്. ആദ്യയാത്ര മന്ത്രിമാർ സ്വന്തം ഫോണിലും ”സെൽഫി”യാക്കി.

കലൂർ ഐ.എം.എ ഹൗസിൽ നടന്ന പ്രഭാതയോഗത്തിന് ശേഷമാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ മന്ത്രിമാർ വാട്ടർ മെട്രോയിൽ യാത്ര ചെയ്തത്. വാട്ടർ മെട്രോയുടെ പ്രവർത്തനങ്ങൾ കെ.എം.ആർ.എൽ ഉദ്യോഗസ്ഥർ വിശദീകരിച്ചു. വാട്ടർ മെട്രോയുടെ മാതൃക മന്ത്രിസഭയ്ക്ക് സമ്മാനിച്ചാണ് സംഘത്തെ വൈപ്പിനിലേക്ക് യാത്രയാക്കിയത്.

1136.83 കോടി രൂപ ചെലവ് കണക്കാക്കുന്ന ഈ പദ്ധതി കൊച്ചിയിലെ വിവിധ ദ്വീപ് നിവാസികളുടെ യാത്ര ദുരിതത്തിന് പരിഹാരം കാണുക മാത്രമല്ല ടൂറിസം സാധ്യതകളെ മുന്നിൽ നിർത്തി അവരുടെ ജീവിത നിലവാരം ഉയർത്തുന്നതിനും സഹായകരമായി. നഗരവുമായി ബന്ധിപ്പിക്കുന്ന ഗതാഗത മാർഗ്ഗങ്ങൾ ഇല്ലാതെ ഒറ്റപ്പെട്ട് കിടക്കുന്ന ദ്വീപുകളിലെ നിവാസികളുടെ യാത്രാ ദുരിതങ്ങൾ ഇല്ലാതാക്കാൻ കൊച്ചി വാട്ടർ മെട്രോയ്ക്ക് സാധിക്കുമെന്നത് കേരളത്തിന്റെ പൊതുഗതാഗത രംഗത്തിന് നേട്ടമാണ്.

Author

Leave a Reply

Your email address will not be published. Required fields are marked *