ശബരിമല – സർക്കാർ ഇടപെടൽ ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവിൻ്റെ കത്ത്

Spread the love

തിരുവനന്തപുരം : ശബരിമലയിലെ അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത ചൂണ്ടിക്കാട്ടിയും സർക്കാരിൻ്റെ അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ടും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ മുഖ്യമന്ത്രിക്ക് കത്ത് നൽകി.

കത്ത് പൂർണ രൂപത്തിൽ

ശബരിമലയില്‍ ഈ മണ്ഡലകാലത്ത് ഭക്തജനങ്ങളുടെ തിരക്ക് വര്‍ധിക്കുകയാണ്. അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. തുടര്‍ച്ചയായ അവധി ദിവസങ്ങള്‍ കൂടി വന്നതോടെ തിരക്ക് നിയന്ത്രണാതീതമായി.

പമ്പയില്‍നിന്ന് സന്നിധാനത്തേക്ക് 15 മുതല്‍ 20 മണിക്കൂര്‍ വരെ ക്യൂവാണ്. ഭക്തര്‍ക്ക് കുടിവെള്ളം പോലും ലഭിക്കുന്നില്ല. 12 വയസ്സുകാരി കഴിഞ്ഞ ദിവസം അപ്പാച്ചിമേട്ടില്‍ കുഴഞ്ഞുവീണു മരിച്ച ദാരുണ സംഭവം ഉണ്ടായി. സ്ത്രീകളുടേയും കുട്ടികളുടേയും കാര്യത്തില്‍ പ്രത്യേക ശ്രദ്ധ വേണമെന്ന് ഹൈക്കോടതി ആവര്‍ത്തിക്കുന്നുണ്ടെങ്കിലും സര്‍ക്കാര്‍ അനങ്ങുന്നില്ല. ആവശ്യത്തിന് പോലീസിനെ ശബരിമലയില്‍ വിന്യസിച്ചിട്ടില്ലെന്ന് ഭക്തര്‍ തന്നെ പരാതിപ്പെടുന്നു.

തിരുവനന്തപുരത്ത് ഭരണസിരാകേന്ദ്രമായ സെക്രട്ടേറിയറ്റ് നാഥനില്ലാ കളരി ആയതും ശബരിമല മുന്നൊരുക്കങ്ങളെ ബാധിച്ചു. കാര്യമായ അവലോകന യോഗങ്ങള്‍ നടന്നിട്ടില്ല. മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും സുരക്ഷ ഒരുക്കുന്നതില്‍ കാണിക്കുന്നതിന്റെ പത്തിലൊന്ന് ശ്രദ്ധ ശബരിമലയുടെ കാര്യത്തില്‍ പോലീസ് കാണിക്കുന്നില്ലെന്നത് ദുഃഖകരമാണ്. പോലീസും ദേവസ്വം ബോര്‍ഡും തമ്മിലുള്ള തര്‍ക്കങ്ങളും തീര്‍ഥാടന കാലത്തെ ദോഷകരമായി ബാധിക്കുന്നു. പമ്പ മുതല്‍ സന്നിധാനം വരെ മതിയായ ശൗചാലയങ്ങള്‍ ഇല്ല. എന്തെങ്കിലും ആവശ്യം ഉണ്ടായാല്‍ മതിയായ ആംബുലന്‍സ് സര്‍വീസും ഒരുക്കിയിട്ടില്ല.

ഹൈക്കോടതി നിര്‍ദേശിച്ച പല മാര്‍ഗനിര്‍ദ്ദേശങ്ങളും ശബരിമലയില്‍ നടപ്പായിട്ടില്ല. പ്രത്യേകം ക്യൂ കോപ്ലക്‌സ് സംവിധാനം ഉപയോഗപ്പെടുത്തുന്നതില്‍ ദേവസ്വം ബോര്‍ഡും പോലീസും പരാജയപ്പെട്ടു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ പ്രവര്‍ത്തനം പരിതാപകരമാണ്. ഈ സ്ഥിതി തുടര്‍ന്നാല്‍ ശബരിമലയില്‍ ഭക്തര്‍ക്ക് കടുത്ത പ്രതിസന്ധിയുണ്ടാകും. ഈ വിഷയം സര്‍ക്കാര്‍ അതീവ ഗൗരവത്തോടെ കാണണം. അടിയന്തര നടപടികള്‍ ഉടന്‍ സ്വീകരിക്കണം.

Author

Leave a Reply

Your email address will not be published. Required fields are marked *