മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടക്കുന്ന നവകേരള സദസ്സിന് ഇടുക്കി ജില്ലയില്‍ തുടക്കം കുറിച്ചപ്പോള്‍ ജനങ്ങള്‍ക്ക് ആശ്വാസമായി പരാതി പരിഹാര കൗണ്ടറുകള്‍. 9434 നിവേദനങ്ങളാണ് ആദ്യദിനം നവകേരള സദസ്സ് സംഘടിപ്പിച്ച തൊടുപുഴ മണ്ഡലത്തിൽ നിന്ന് സ്വീകരിച്ചത്. എല്ലായിടത്തും ഭിന്നശേഷിക്കാര്‍, വയോജനങ്ങള്‍, സ്ത്രീകള്‍ എന്നിവര്‍ക്കായി പ്രത്യേകം കൗണ്ടറുകള്‍ ഒരുക്കിയിരുന്നു. ഓരോ വേദിയിലും പരിപാടി തുടങ്ങുന്നതിന്റെ മൂന്ന് മണിക്കൂര്‍ മുൻപ് നിവേദനം സ്വീകരിച്ചു തുടങ്ങി.മന്ത്രിസഭ ഒന്നാകെ ജനങ്ങളിലേക്ക് നേരിട്ടെത്തുന്ന നവകേരള സദസിന്റെ ഇടുക്കി ജില്ലയിലെ ആദ്യ പര്യടനത്തിൽ വമ്പിച്ച ജനപങ്കാളിത്തമാണുണ്ടായത്. കാസർഗോഡ് ജില്ലയിലെ മഞ്ചേശ്വരത്ത് നിന്ന് ആരംഭിച്ച യാത്ര ഇടുക്കി ജില്ലയിലെ തൊടുപുഴ നിയോജക മണ്ഡലത്തിൽ എത്തി നിൽക്കുമ്പോൾ ആരവങ്ങളും ആഘോഷങ്ങളുമായി അനേകായിരങ്ങളാണ് നവകേരളസദസിൽ പങ്കാളികളായത്.