പ്രതിപക്ഷ നേതാവ് കാസര്‍ഗോഡ് നടത്തിയ വാര്‍ത്താസമ്മേളനം.
പിണറായിയുടേത് ആരാന്റെ മക്കളെ തല്ലുന്നത് ആസ്വദിക്കുന്ന സാഡിസ്റ്റ് മനസ്; മുഖ്യമന്ത്രി കസേരയില്‍ ക്രൂരനായ ഒരാള്‍ ഇരിക്കുന്നത് കേരളത്തിന് അപമാനം.
കാസര്‍ഗോഡ് : നവകേരള സദസിന്റെ പേരില്‍ സി.പി.എം ക്രിമിനലുകള്‍ സംസ്ഥാനത്ത് വ്യാപകമായി അക്രമം അഴിച്ചുവിടുകയാണ്. അക്രമത്തിന് മുഖ്യമന്ത്രിയാണ് പ്രോത്സാഹനം നല്‍കുന്നത്. നിരപരാധികളെ പോലും ക്രിമിനലുകള്‍ മര്‍ദ്ദിക്കുകയാണ്. കാക്കി പാന്റും വെള്ള ടി ഷര്‍ട്ടും ഇട്ടവര്‍ മര്‍ദ്ദിച്ചവരുടെ
കൂട്ടത്തിലുണ്ട്. അവര്‍ പൊലീസുകാരാണോ പാര്‍ട്ടിക്കാരാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. പാര്‍ട്ടിക്കാര്‍ എന്തിനാണ് കാക്കി പാന്റും വെള്ള ഷര്‍ട്ടും ഇട്ട് പോകുന്നത് ? യൂണിഫോം ധരിച്ചവരാണ് വഴിയരുകില്‍ നില്‍ക്കുന്ന നിരപരാധികള്‍ ഉള്‍പ്പെടെയുള്ളവരെ ക്രൂരമായി മര്‍ദ്ദിക്കുന്നത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ചവരെ കാണാന്‍ പോയ എല്‍ദേസ് കുന്നപ്പള്ളി എം.എല്‍.എയെ കയ്യേറ്റം ചെയ്തു. അദ്ദേഹത്തിന്റെ സ്റ്റാഫ് അംഗത്തിന്റെ മൂക്കിന്റെ പാലം തകര്‍ത്തു. ആശുപത്രിയിലാണ് ആക്രമണം നടന്നത്. പെട്രോള്‍ അടിക്കാന്‍ പോയ മണ്ഡലം പ്രസിഡന്റിന്റെ കൈ തല്ലിയൊടിച്ചു.
മുന്നിലും പിന്നിലും രണ്ട് ടെമ്പോ ട്രാവലറുകളിലായി ഗുണ്ടാ സംഘത്തിനൊപ്പമാണ് മുഖ്യമന്ത്രി യാത്ര ചെയ്യുന്നത്. കേരളത്തിലെ പൊലീസിനെ മുഖ്യമന്ത്രിക്ക് വിശ്വാസമില്ലേ? മുഖ്യമന്ത്രിക്ക് സംരക്ഷണം നല്‍കാന്‍ പൊലീസിന് സാധിക്കില്ലേ? വഴിയില്‍ നിന്ന് നാലു പേര്‍ കരിങ്കൊടി കാട്ടുമ്പോള്‍ ആയിരക്കണക്കിന് പൊലീസുകാരുടെയും ക്രിമിനലുകലുടെയും അകമ്പടിയില്‍ സഞ്ചരിക്കാന്‍ കേരളത്തിന്റെ മുഖ്യമന്ത്രി ഇത്രയ്ക്ക് ഭീരുവാണോ? ഇത്രയ്ക്ക് ധൈര്യമെ നിങ്ങള്‍ക്കുള്ളോ?
ക്രിമിനല്‍ മനസുള്ള ഒരാള്‍ കേരളത്തിന്റെ മുഖ്യമന്ത്രി കസേരയില്‍ ഇരിക്കുന്നതാണ് കേരളത്തിന്റെ ദുര്യോഗം. ആരാന്റെ മക്കളെ റോഡിലിട്ട് പേപ്പട്ടിയെ പോലെ തല്ലിക്കൊല്ലാന്‍ ശ്രമിക്കുന്നത് ആസ്വദിക്കുകയും ആഹ്ലാദിക്കുകയും ചെയ്യുന്ന സാഡിസ്റ്റിന്റെ മനസാണ് കേരളത്തിന്റെ മുഖ്യമന്ത്രിക്ക്. ഷൂ എറിഞ്ഞതിനെ പ്രോത്സാഹിപ്പിക്കില്ല. അതു തന്നെയാണ് കെ.എസ്.യു നിലപാടും. അതൊരു വൈകാരിക പ്രതികരണമായിരുന്നു. വ്യാപകമായി യൂത്ത് കോണ്‍ഗ്രസ് കെ.എസ്.യു പ്രവര്‍ത്തകരെ റോഡിലിട്ട് ചവിട്ടിക്കൂട്ടുന്നത് കണ്ടിട്ടുള്ള വൈകാരിക പ്രതികരണമായിരുന്നു. അതിനെ പ്രോത്സാഹിപ്പിക്കില്ല. പ്രോത്സാഹിപ്പിച്ചാല്‍ ഞങ്ങളും പിണറായി വിജയനും തമ്മില്‍ എന്ത് വ്യത്യാസം. ഷൂ എറിഞ്ഞതിന്റെ പേരില്‍ വധശ്രമത്തിന് കേസെടുത്ത് പൊലീസിനെ മുഖ്യമന്ത്രി പരിഹാസ്യരാക്കുകയാണ്. പിണറായിയെ പോലെ ക്രൂരനായ ഒരാളാണ് മുഖ്യമന്ത്രി കസേരയില്‍ ഇരിക്കുന്നത് എന്നതോര്‍ത്ത് കേരളം ലജ്ജിച്ച് തലതാഴ്ത്തും. പ്രതിഷേധങ്ങള്‍ പാടില്ലെന്ന നിലപാടിനെതിരെ കടുത്ത രീതിയില്‍ പ്രതിരോധിക്കും.
സി.പി.എമ്മിന്റെ പാരമ്പര്യം ഞങ്ങളെക്കൊണ്ട് പറയിപ്പിക്കരുത്. എഴുപതുകളുടെ തുടക്കത്തില്‍ ട്രാന്‍സ്‌പോര്‍ട്ട് സമരത്തിന്റെ പേരില്‍ ചാവശേരിയില്‍ ബസ് കത്തിച്ച് നാല് യാത്രക്കാര്‍ വെന്തുമരിച്ച സംഭവം മുതല്‍ അഞ്ച് പതിറ്റാണ്ടുകാലമായി സി.പി.എം നടത്തിയ അതിക്രമങ്ങള്‍ എണ്ണിപ്പറയാനാകും. കരിങ്കൊടി പ്രതിഷേധം നടത്താന്‍ പാടില്ലെന്ന് പറയുന്ന മുഖ്യമന്ത്രി സ്റ്റാലിന്‍ ചമയുകയാണോ? രാഷ്ട്രീയ എതിരാളികള്‍ക്ക് പ്രവര്‍ത്തിക്കാനും പ്രതിഷേധിക്കാനും അവസരം നല്‍കില്ലെന്നത് സ്റ്റാലിന്റെ നിലപാടാണ്. പിണറായി വിജയന്‍ സ്റ്റാലിന്‍ ചമയേണ്ട. സ്റ്റാലിന്‍ ചമയാന്‍ ഇത് റഷ്യയല്ല. ഇത് ജനാധിപത്യ കേരളമാണെന്ന് പിണറായി വിജയനെ ബോധ്യപ്പെടുത്താനുള്ള കരുത്ത് കേരളത്തിലെ പ്രതിപക്ഷത്തിനുണ്ടെന്നത് ഓര്‍മ്മിപ്പിക്കുന്നു.
മുഖ്യമന്ത്രിയും മന്ത്രിമാരും ഭരണസിരാ കേന്ദ്രമായ തിരുവനന്തപുരത്ത് നിന്നും മാറി നില്‍ക്കുന്ന വിചിത്രമായ കാലത്ത് കൂടിയാണ് നാം കടന്നു പോകുന്നത്. ട്രഷറി പൂട്ടിയിട്ടും ധനമന്ത്രി ടൂറിലാണ്. ഒരു ഓട പണിയാനുള്ള പണം പോലും സര്‍ക്കാരിന്റെ കയ്യിലില്ല. സപ്ലൈകോയും കെ.എസ്.ആര്‍.ടി.സിയും കെ.എസ്.ഇ.ബിയും തകര്‍ത്തവരാണ് നവകേരളം ഉണ്ടാക്കാന്‍ നടക്കുന്നത്. കര്‍ഷകരെല്ലാം പ്രതിസന്ധിയിലാണ്. കെടുകാര്യസ്ഥതയും അഴിമതിയും മുഖമുദ്രയാക്കിയ കൊള്ളക്കാരുടെ സര്‍ക്കാരാണ് കേരളം ഭരിക്കുന്നത്.
വ്യാജരേഖ സമര്‍പ്പിച്ച എസ്.എഫ്.ഐ നേതാവിനെതിരെ ആറ് മാസമായി കുറ്റപത്രം സമര്‍പ്പിക്കാത്ത പൊലീസാണ് ഷൂ എറിഞ്ഞവര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തത്. എന്ത് ഗുരുതര കുറ്റകൃത്യം ചെയ്താലും സ്വന്തക്കാരെ സംരക്ഷിക്കുന്ന നിലപാടാണ് സര്‍ക്കാരിന്. ഗവര്‍ണര്‍ക്കെതിരെ എസ്.എഫ്.ഐ കരിങ്കൊടി കാട്ടിയതില്‍ മുഖ്യമന്ത്രിക്ക് ഒരു കുഴപ്പവുമില്ല. വാഹനത്തിന് മുന്നിലേക്ക് ചാടിയ എസ്.എഫ്.ഐക്കാര്‍ക്കെതിരെ രക്ഷാപ്രവര്‍ത്തനം നടത്താന്‍ മുഖ്യമന്ത്രി എന്തുകൊണ്ടാണ് ആഹ്വാനം ചെയ്യാതിരുന്നത്? മഹാരാജാവാണെന്ന് സ്വയം വിചാരിക്കുന്നത് കൊണ്ടാണ് പ്രതിഷേധങ്ങളെ അടിച്ചമര്‍ത്താന്‍ മുഖ്യമന്ത്രി ശ്രമിക്കുന്നത്.
എന്‍ഡോസള്‍ഫാന്‍ ബാധിത മേഖലയില്‍ നിശ്ചിത കാലയളവിനുള്ളില്‍ മെഡിക്കല്‍ പരിശോധന നടത്തി പുതിയ രോഗികളുണ്ടെങ്കില്‍ അവര്‍ക്ക് കൂടി ആനുകൂല്യങ്ങള്‍ നല്‍കാമെന്നതായിരുന്നു നേരത്തെയുണ്ടായിരുന്ന ധാരണ. 2011 ന് ശേഷമുള്ള ആര്‍ക്കും ആനുകൂല്യങ്ങള്‍ നല്‍കേണ്ടെന്നത് വേദനാജനകമായ തീരുമാനമാണ്. ഈ ഉത്തരവ് പിന്‍വലിച്ച്, കൃത്യമായ കാലയളവില്‍ പരിശോധന നടത്തി പുതിയെ രോഗികള്‍ക്ക് കൂടി ആനുകൂല്യങ്ങള്‍ നല്‍കണം. കിട്ടിക്കൊണ്ടിരിക്കുന്നവര്‍ക്ക് കൂടി ആനുകൂല്യങ്ങള്‍ നിഷേധിക്കുന്ന ക്രൂരമായ നിലപാടാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. അതിനെതിരെ ശക്തമായ സമരം സംഘടിപ്പിക്കും.