പ്രതിപക്ഷ നേതാവ് കൊച്ചിയില്‍ നടത്തിയ വാര്‍ത്താസമ്മേളനം.
ശബരിമലയില്‍ നിന്ന് സര്‍ക്കാര്‍ ഒളിച്ചോടി; ഏകോപന ചുമതലയുള്ള മുഖ്യമന്ത്രിയും മന്ത്രിമാരും ടൂറില്‍; സംസ്ഥാനത്തിന്റെ കെടുകാര്യസ്ഥതയും കേന്ദ്ര അവഗണനയും ചൂണ്ടിക്കാട്ടി യു.ഡി.എഫ് എം.പിമാര്‍ ധനമന്ത്രിക്ക് കത്ത് നല്‍കും.
കൊച്ചി : ശബരിമലയില്‍ ഒരു കുഴപ്പവുമില്ലെന്നും രാഷ്ട്രീയ പ്രേരിതമായ ആരോപണങ്ങളാണെന്നും മുഖ്യമന്ത്രി പറയുന്നത്. ശബരിമലയില്‍ നടന്നതെല്ലാം പുറത്തെത്തിച്ചത് മാധ്യമങ്ങളാണ്. വെള്ളവും ഭക്ഷണവും ഇല്ലാതെ 10 മുതല്‍ 20 മണിക്കൂറുകളാണ് കുഞ്ഞുങ്ങളും സ്ത്രീകളും പ്രായമായവരും ക്യൂ നിന്നത്. ആവശ്യത്തിന് കെ.എസ്.ആര്.ടി.സി ബസുകള്‍ പോലും ഇല്ലായിരുന്നു. ഇതെല്ലാം എല്ലാവരും കണ്ടതാണ്. അതില്‍ എന്ത് രാഷ്ട്രീയമാണുള്ളത്. അബദ്ധം പറ്റിയെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് തന്നെ സമ്മതിച്ചതാണ്. ആവശ്യത്തിന് പൊലീസുകാരില്ലെന്നും ഉള്ളവര്‍ പരിചയസമ്പന്നരല്ലെന്ന് പറഞ്ഞതും ദേവസ്വം ബോര്‍ഡ്
പ്രസിഡന്റാണ്. ദേവസ്വം ബോര്‍ഡ് പ്രസിഡന്റും മാധ്യമങ്ങളും അയ്യപ്പ ഭക്തരുമാണ് ശബരിമലയെ കുറിച്ച് പരാതി പറഞ്ഞത്. എന്നിട്ടാണ് അവിടെ ഒരു പരാതിയും ഇല്ലെന്ന് മുഖ്യമന്ത്രി പറയുന്നത്.
ശബരിമലയുമായി ബന്ധപ്പെട്ട് ഒരു യോഗം പോലും വിളിച്ചു ചേര്‍ത്തില്ല. ഇന്നലെ ഓണ്‍ലൈന്‍ യോഗമാണ് ചേര്‍ന്നത്. നട തുറപ്പോള്‍ വന്ന് പോയതാണ് ദേവസ്വം
മന്ത്രി. ഇത്രയും പ്രശ്നങ്ങള്‍ ഉണ്ടായിട്ടും ദേവസ്വം മന്ത്രി പോലും തിരിഞ്ഞു നോക്കിയില്ല. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നിട്ട് പറഞ്ഞത്, ഭക്തര്‍ സ്വയം നിയന്ത്രിക്കണമെന്നാണ്. യോഗത്തില്‍ ദേവസ്വവും തമ്മില്‍ വാക്പോരായിരുന്നു. മുഖ്യമന്ത്രി ഇടപെട്ടാണ് നിര്‍ത്തിവച്ചത്. ഏകോപനമില്ലായ്മയാണ് ശബരിമലയില്‍ കണ്ടത്. ഭക്തര്‍ക്ക് അയ്യപ്പ ദര്‍ശനം ഉറപ്പു വരുത്തേണ്ടത് സര്‍ക്കാരിന്റെയും ദേവസ്വത്തിന്റെയും കടമയാണ്. ആ കടമയില്‍ നിന്നാണ് ഒളിച്ചോടിയത്. മുഖ്യമന്ത്രിയും മന്ത്രിമാരും ടൂര്‍ പോയിരിക്കുകയാണ്. ഏകോപനത്തിനായി ഉദ്യോഗസ്ഥന് പോലും ശബരിമലയിലില്ല. വലിയൊരു വിഭാഗം ഭക്തര്‍ പന്തളത്ത് ഉള്‍പ്പെടെ യാത്ര അവസാനിപ്പിച്ച് തിരിച്ച് പോയി.
കേരളത്തെ മോശമാക്കാനാണ് എം.പിമാര്‍ ഡല്‍ഹിയില്‍ ശബരിമലയെ കുറിച്ച് പറഞ്ഞതെന്നാണ് മുഖ്യമന്ത്രി പറയുന്നത്. ശബരിമലിയില്‍ കേന്ദ്ര സഹായം കൂടി വേണമെന്നാണ് എം.പിമാര്‍ ആവശ്യപ്പെട്ടത്. മണിയാറിലും അടൂരിലുമുള്ള ബറ്റാലിയനുകളിലെ പൊലീസുകാരെ പോലും സംസ്ഥാന സര്‍ക്കാര്‍ ശബരിമലയില്‍ പ്രയോജനപ്പെടുത്തുന്നില്ല. ആവശ്യത്തിന് പൊലീസ് ഇല്ലാത്ത സാഹചര്യത്തില്‍ കേന്ദ്ര സേനയും സഹായം കൂടി തേടട്ടെ. 2200 പൊലീസുകാരെയാണ് നവകേരള
സദസിന് വിന്യസിച്ചിരിക്കുന്നത്. മുന്നൊരുക്കങ്ങള്‍ക്ക് വേണ്ടി വേറെയും പൊലീസുകാരെ നിയോഗിച്ചിട്ടുണ്ട്. സന്നദ്ധ സേവരെ വെള്ളവും ഭക്ഷണവും നല്കാന് പൊലീസ് അനുവദിക്കുന്നില്ല. പൊലീസ് ഭക്തരോട് മോശമായും ക്രൂരമായും അയ്യപ്പ ഭക്തരോട് പെരുമാറുന്നെന്ന പരാതിയും പുറത്ത് വന്നിട്ടുണ്ട്. ശബരിമല തീര്‍ത്ഥാടന കാലം ഇത്രയും ലഘവത്തത്തോടെ കൈകാര്യം ചെയ്തൊരു സര്‍ക്കാര്‍ ഇതിന് മുന്‍പ് ഉണ്ടായിട്ടില്ല. കുഞ്ഞുങ്ങളെയും സ്ത്രീകളെയും ഭക്തരെയും ബസില്‍ കുത്തി നിറച്ച് നിലയ്ക്കലില്‍ നിന്നും പമ്പയിലേക്ക് കൊണ്ടു പോകുന്നത് എല്ലാവരും കണ്ടതാണ്. എന്നിട്ടും മുഖ്യമന്ത്രി ഇതൊന്നും കണ്ടില്ലെന്ന് പറയുന്നത്. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ എന്ത് ഭരണമാണ് കേരളത്തില്‍ നടക്കുന്നത് എന്നതിന്റെ ഉദാഹരണമാണ്.
തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ നേതൃത്വത്തില്‍ ശബരിമല സന്ദര്‍ശിച്ച യു.ഡി.എഫ് സംഘം റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ നടപടി എടുക്കണം. കുഞ്ഞുങ്ങളുടെ സങ്കടങ്ങളും നിലവിളികളും ഒരു കുട്ടി മരിച്ച് പോയതുമൊക്കെ മാധ്യമങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. എന്നിട്ടാണ് രാഷ്ട്രീയ പ്രേരിതമെന്ന് പറയുന്നത്. ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയായിരുന്ന കാലത്ത് പമ്പയിലും സന്നിധാനത്തും എത്തിയാണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചത്. ചെയ്യേണ്ട കാര്യങ്ങള്‍ ചെയ്യാന്‍ പറ്റാത്തതിന്റെ ജാള്യതയാണ് മുഖ്യമന്ത്രിക്ക്. സന്നിധാനത്ത് തിരക്കില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ പോലും തെറ്റിദ്ധരിപ്പിക്കുകയാണ്. പമ്പയിലും നിലയ്ക്കലും ഭക്തരെ തടഞ്ഞ് വച്ചിരിക്കുന്നത് കൊണ്ടാണ് സന്നിധാനത്ത് തിരക്കില്ലാത്തത്.
യു.ഡി.എഫ് എം.എല്‍.എമാര്‍ക്ക് നവകേരള സദസില്‍ വന്ന് വിമര്‍ശിക്കാമായിരുന്നല്ലോയെന്നാണ് മുഖ്യമന്ത്രി പറയുന്നത്. വിമര്‍ശിക്കുന്നത് പോയിട്ട് സംസാരിച്ച ശൈലജ ടീച്ചറിനെയും റബര്‍ കര്‍ഷകരുടെ വിഷയം പറയാന്‍ ശ്രമിച്ച കോട്ടയം എം.പി തോമസ് ചാഴിക്കാടനെയും മുഖ്യമന്ത്രി അപമാനിച്ചു. കെ.എം മാണി സാറിന്റെ നാടായ പാലായില്‍ നവകേരള സദസ് നടക്കുമ്പോള്‍ സ്വഗതം പറയുന്ന ചാഴിക്കാടന് റബര്‍ കര്‍ഷകരെ കുറിച്ച് സംസാരിക്കാതെ പ്രസംഗിക്കാനാകുമോ? 250 രൂപ വിലസ്ഥിരത നല്‍കുമെന്ന് എല്‍.ഡി.എഫ് പ്രകടനപത്രികയിലെ വാഗ്ദാനം ഇതുവരെ നടപ്പാക്കിയിട്ടില്ല. കഴിഞ്ഞ വര്‍ഷം 500 കോടിയും ഈ വര്‍ഷം 600 കോടിയും ഉള്‍പ്പെടെ 1100 കോടിയും മാറ്റിവച്ചിട്ട് അകെ നല്കിയ 53 കോടി രൂപ മാത്രമാണ്. റബര്‍ കൃഷി തകര്‍ന്ന് തരിപ്പണമായിരിക്കുകയാണ്. നവകേരള സദസ് ജനകീയ പ്രശ്നങ്ങളാണ് ചര്‍ച്ച ചെയ്യുന്നതെങ്കില്‍ കോട്ടയം പാര്‍ലമെന്റ് മണ്ഡലത്തെ പ്രതിനിധാനം ചെയ്യുന്ന ചാഴിക്കാടന് റബര്‍ കര്‍ഷകരുടെ കാര്യം പറഞ്ഞത് മുഖ്യമന്ത്രിക്ക് അലോസരമുണ്ടാക്കി. എല്‍.ഡി.എഫിലെ എം.എല്‍.എയും എം.പിയും പറയുന്നത് പോലും കേള്‍ക്കാനുള്ള മനസ് മുഖ്യമന്ത്രിക്കില്ല. അസഹിഷ്ണുതയാണ്. എന്നിട്ടാണ് യു.ഡി.എഫിന് വന്ന് പറയാമായിരുന്നില്ലേയെന്ന് പറയുന്നത്. റബര്‍ കര്‍ഷകരുടെ കാര്യം പറഞ്ഞ ചാഴിക്കാടനെ മുഖ്യമന്ത്രി പരിഹസിക്കുകയും അപമാനിക്കുകയും ചെയ്തു. ജനപ്രതിനിധികളോട് ഇത്ര അസഹിഷ്ണുതയില്‍ മുഖ്യമന്ത്രി പെരുമാറരുത്. തോമസ് ചാഴിക്കാടനോടും ശൈലജ ടീച്ചറിനോടും ചെയ്തത് തെറ്റാണ്. ഇങ്ങോട്ട് പറയുന്നത് കേള്‍ക്കണം, അങ്ങോട്ട് ഒന്നും പറയാന്‍ പാടില്ലെന്ന നിലാപാടിലാണ് മുഖ്യമന്ത്രി. ഈ സമീപനം ശരിയല്ല.
ധനകാര്യമന്ത്രിക്ക് നല്കാന് കേരളം തയാറാക്കിയ നിവേദനത്തില്‍ എം.പിമാര്‍ ഒപ്പുവച്ചില്ലെന്നതാണ് മുഖ്യമന്ത്രിയുടെ അടുത്ത ആക്ഷേപം. സര്‍ക്കാര്‍ എഴുതിക്കൊടുക്കുന്നതിന്റെ അടിയില്‍ ഒപ്പുവയ്ക്കാനായി തെരഞ്ഞെടുക്കപ്പെട്ടവരല്ല യു.ഡി.എഫ് എം.പിമാര്‍. നിവേദനത്തിലെ വസ്തുതാവിരുദ്ധമായ കാര്യങ്ങള്‍ക്ക് അടിയില്‍ യു.ഡി.എഫ് എം.പിമാര്‍ ഒപ്പുവയ്ക്കില്ല. അവര്‍ പ്രത്യേകമായി തയാറാക്കിയ നിവേദനം കേന്ദ്ര ധനകാര്യമന്ത്രിക്ക് സമര്‍പ്പിക്കും. ഒന്നിച്ച് നിവേദനം നല്കുമ്പോള് രണ്ട് കൂട്ടര്‍ക്കും സ്വീകാര്യമായ കാര്യങ്ങള്‍ നിവേദനത്തില്‍ പറയണം. അല്ലാതെ ഏകപക്ഷീയമായി സര്‍ക്കാര്‍ അടിച്ചേല്‍പ്പിക്കുന്ന കാര്യങ്ങള്‍ക്ക് താഴെ എം.പിമാര്‍ ഒപ്പുവയ്ക്കില്ല. കേന്ദ്രം കേരളത്തോട് ചെയ്യുന്ന ദേഷകരമായ കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് യു.ഡി.എഫ് എം.പിമാര്‍ക്ക് അറിയാം. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി അവര്‍ കേന്ദ്രത്തിന് കത്ത് നല്‍കും.
പ്രതിപക്ഷം ഒരു കാലത്തും ഗവര്‍ണര്‍ക്കൊപ്പം നിന്നിട്ടില്ല. ഇപ്പോള്‍ സംഘപരിവാറെന്ന് പറയുന്ന മുഖ്യമന്ത്രി തന്നെയാണ് ഗവര്‍ണറുടെ വീട്ടില്‍ പോയി എന്റെ ജില്ലയിലെ വി.സിക്ക് പുനര്‍നിയമനം നല്‍കണമെന്ന് ആവശ്യപ്പെട്ടത്. സെനറ്റിലേക്ക് സംഘപരിവാര്‍ അംഗങ്ങളെ നോമിനേറ്റ് ചെയ്യാന്‍ ഗവര്‍ണറെ സഹായിക്കുന്ന
സ്റ്റാഫിനെ നിയമിച്ച് നല്‍കിയത് മുഖ്യമന്ത്രിയല്ലേ? അന്ന് ഇവര്‍ ഒന്നിച്ച് നിയമവിരുദ്ധമായി കാര്യങ്ങള്‍ ചെയ്യുന്ന കാലമായിരുന്നു. അന്ന് പ്രതിപക്ഷം പറഞ്ഞതാണ് സംഘപരിവാറുകാരനെ നിയമിക്കരുതെന്ന്. എന്നിട്ടാണ് ഇപ്പോള്‍ പിണറായി വിജയന് പ്രതിപക്ഷത്തിന് മേല്‍ കുതിര കയറുന്നത്. ഞങ്ങളെ സംഘപരിവാര്‍ വിരുദ്ധത പഠിപ്പിക്കുന്നത് കയ്യില്‍ വച്ചാല്‍ മതി. ഗവര്‍ണറെക്കൊണ്ട് എല്ലാ ചെയ്യിപ്പിച്ചിട്ട് പെട്ടുപോയപ്പോള്‍ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട ചതിയനാണ് മുഖ്യമന്ത്രി. സെനറ്റിലേക്ക് വിദ്യാര്‍ത്ഥി പ്രതിനിധികള്‍ ഉള്‍പ്പെടെയുള്ള സംഘപരിവാറുകാരെയാണ് ഗവര്‍ണര്‍ നോമിനേറ്റ് ചെയ്തത്. പക്ഷം ഗവര്‍ണറുടെ വാഹനം തടഞ്ഞവരെ സി.പി.എം ന്യായീകിരിക്കുകയാണ്. എന്നിട്ടാണ് മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ചവര്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്ത്. ഇതാണ് കേരളത്തിലെ ജനാധിപത്യം. നാണമുണ്ടോ ഇവര്‍ക്ക്?
യൂത്ത് കോണ്‍ഗ്രസ് കെ.എസ്.യു പ്രവര്‍ത്തകരെ മര്‍ദ്ദിച്ച സി.പി.എം ഡി.വൈ.എഫ്.ഐ ക്രിമിനലുകള്‍ക്കെതിരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. അതിനെതിരെ ശക്തമായ പ്രതിഷേധം തുടരും. മുഖ്യമന്ത്രി ഭീരു ആയതുകൊണ്ടാണ് പൊലീസിനെ കൂടാതെ ക്രിമിനലുകളുടെ സംഘത്തെയും കൂട്ടി സഞ്ചരിക്കുന്നത്. മൂന്ന് പേര് കരിങ്കൊടി കാട്ടുമ്പോള്‍ പേടിക്കുന്ന മുഖ്യമന്ത്രിക്കെതിരെ ആയിരം പേര് കരിങ്കൊടി കാട്ടിയാല്‍ പരിപാടി തന്നെ നിര്‍ത്തിവച്ചേനെ. കേരളത്തിലെ ജനങ്ങള്‍ക്ക് ഊതാന്‍ ഒരു അവസരം കിട്ടട്ടെ. ഊതാന്‍ അവസരം കിട്ടുമ്പോള്‍ ആരൊക്കെ പറന്നു പോകുമെന്ന് അപ്പോള്‍ കാണം. ജനങ്ങള്‍ നന്നായി പ്രതികരിക്കുന്നുണ്ട്. മൊത്തത്തില്‍ ഊതാന്‍ അവസരം കിട്ടുമ്പോള്‍ ജനങ്ങള്‍ അത് നന്നായി ചെയ്തോളും.