വണ്ടിപ്പെരിയാറില്‍ ആറു വയസ്സുകാരി പെണ്‍കുട്ടിയെ പീഡിപ്പിച്ച് കൊന്നു കെട്ടിത്തൂക്കിയ കേസിലെ പ്രതിയെ കോടതി വെറുതെ വിട്ട സംഭവം ആഭ്യന്തര വകുപ്പിന് അങ്ങേയറ്റം നാണക്കേടാണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി .
പ്രതിക്ക് വേണ്ടി സര്‍ക്കാരിന്റെ സര്‍വ്വ സംവിധാനങ്ങളും ദുരുപയോഗിക്കപ്പെട്ടതിനാലാണ് തൂക്കിലേറ്റേണ്ട പ്രതി കൈയും വീശി കോടതിയില്‍ നിന്നിറങ്ങിപ്പോയത്.കേരളത്തിന്റെ മന:സ്സാക്ഷിയെ ഞെട്ടിക്കുന്ന കോടതി വിധിയാണ് വന്നിരിക്കുന്നത്. ഭരണകക്ഷിയുമായി വളരെ അടുപ്പമുള്ള പ്രതിയെ തെളിവുകള്‍ ഇല്ലാതാക്കി പിണറായി വിജയന്റെ പോലീസ് സംരക്ഷിച്ചു എന്നു പറയുന്നതാകും കൂടുതല്‍ ഉചിതം.
കൊലപാതകവും പീഡനവും പോസ്റ്റ്‌മോര്‍ട്ടത്തില്‍ കണ്ടെത്തിയിട്ടും കുറ്റം തെളിയിക്കാന്‍ ആവശ്യമായ യാതൊരു രേഖകളും പോലീസ് കോടതിയില്‍ ഹാജരാക്കിയില്ല. പോലീസും പ്രോസിക്യൂഷനും ഒത്തുകളിച്ചതും പ്രതിക്ക് സഹായകരമായി. പ്രതി പ്രാദേശിക ഡിവൈഎഫ് ഐ നേതാവ്
കൂടിയായിരുന്നു.പോക്‌സോ കേസിലെ പ്രതിയെ തെളിവുകളുടെ അഭാവത്തില്‍ വെറുതെ വിടുന്ന സാഹചര്യം മനഃപൂര്‍വ്വം സൃഷ്ടിക്കുന്നത് അത്യന്തം ഗൗരവതരമാണ്. നമ്മുടെ കുഞ്ഞുങ്ങളും സ്ത്രീകളും നിരന്തരം ആക്രമിക്കപ്പെടുന്ന കേരള സമൂഹത്തില്‍ ഏറെ ഭയപ്പാടുണ്ടാക്കുന്ന സമീപനമാണ് കേരള പോലീസ് സ്വീകരിച്ചത്. തുടര്‍ന്നാണ് ഒരമ്മയുടെ ചങ്ക് പൊട്ടിയ നിലവിളി ഉയരുന്നത്.
മുഖ്യമന്ത്രിയുടെ സുരക്ഷയുടെ പേരില്‍ ജനങ്ങളുടെ മേല്‍ കുതിര കയറിയും പാവപ്പെട്ട കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കരുതല്‍ തടങ്കലില്‍ അടച്ചും സാധാരണ ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം തടസ്സപ്പെടുത്തിയും വെറും അകമ്പടി സേവകര്‍ മാത്രമായി കേരള പോലീസിനെ ഈ സര്‍ക്കാര്‍ അധ:പതിപ്പിച്ചു.
നീതിക്കായി ഇരകള്‍ക്കൊപ്പം നില്‍ക്കുന്നതിന് പകരം വേട്ടക്കാര്‍ക്കൊപ്പം ചേരാനാണ് പിണറായി സര്‍ക്കാര്‍ പോലീസിനെ പ്രേരിപ്പിച്ചത്.വാളയാറിലും പ്രതികള്‍ക്ക് ഒപ്പം നിന്ന ഭരണകൂടമാണ് പിണറായി വിജയന്റേത്.പിഞ്ചുകുഞ്ഞുങ്ങളുടെ കാര്യത്തിലെങ്കിലും രാഷ്ട്രീയം ഇല്ലാതെ മികച്ച അന്വേഷണം നടപ്പിലാക്കാന്‍ പിണറായി സര്‍ക്കാരിന് കഴിയാതെ പോയത് ഈ നാട്ടിലെ അമ്മമാരോടും കുട്ടികളോടുമുള്ള വെല്ലുവിളിയാണ്. ഇങ്ങനെയാണോ പിണറായി വിജയന്‍ നവ കേരളം സൃഷ്ടിക്കുന്നത് ? പിഞ്ചുകുഞ്ഞിന്റെ ഘാതകനായ നരാധമന് നിയമം അനുശാസിക്കുന്ന ശിക്ഷ ഉറപ്പാക്കുന്നതിന് കീഴ്‌ക്കോടതിവിധിക്കെതിരെ മേല്‍ക്കോടതിയില്‍ പ്രോസിക്യൂഷന്‍ അപ്പീല്‍ നല്‍കുന്നതിനും കേസ് അന്വേഷണത്തിലുണ്ടായ വീഴ്ചകള്‍ പരിഹരിക്കുന്നതിനും ആവശ്യമായ നടപടി സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകണം. കൂടുതല്‍ തെളിവുകള്‍ ശേഖരിക്കാന്‍ പുനഃരന്വേഷണം ആവശ്യമെങ്കില്‍ അതിനും സര്‍ക്കാര്‍ തയ്യാറാകാണം. ഇക്കാര്യത്തില്‍ സര്‍ക്കാരിന് വീഴ്ചയുണ്ടായാല്‍ കോടതിയെ സമീപിക്കാനും നീതിക്കായുള്ള നിയമ പോരാട്ടത്തിനും കുഞ്ഞിന്റെ കുടുംബത്തിന് എല്ലാവിധ പിന്തുണയുമായി കോണ്‍ഗ്രസ് കൂടെയുണ്ടാകുമെന്നും സുധാകരന്‍ പറഞ്ഞു.