നെൽകർഷകരുടെ പിആർഎസ് വായ്പയെക്കുറിച്ച് പരിഭ്രാന്തി വേണ്ട – മുഖ്യമന്ത്രി

Spread the love

നെൽകർഷകരുടെ പിആർഎസ് വായ്പയെക്കുറിച്ച് അനാവശ്യമായ പരിഭ്രാന്തി വേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കുറവിലങ്ങാട് നടന്ന പ്രഭാതയോഗത്തിൽ ചോദ്യങ്ങൾക്കും നിർദ്ദേശങ്ങൾക്കും മറുപടി നൽകുകയായിരുന്നു അദ്ദേഹം. വായ്പാ ബാധ്യത കർഷകനല്ല സർക്കാരിനാണെന്നും മറ്റേതെങ്കിലും തരത്തിൽ വായ്പ എടുക്കുന്നതിൽ കർഷകന് യാതൊരു തടസ്സവും ഉണ്ടാവില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പി.ആർ.എസ് വ്യവസ്ഥ പ്രകാരമുള്ള ത്രികക്ഷി കരാർ കർഷകന് കടബാധ്യതയായി നിൽക്കുന്നതിനാൽ മറ്റ് ബാങ്ക് ഇടപാടുകളിൽ പ്രതിസന്ധി നേരിടുന്നുമെന്ന ആശങ്കയ്ക്ക് മറുപടി നൽകുകയായിരുന്നു മുഖ്യമന്ത്രി.സ്‌കൂളുകളിൽ വായന നിർബന്ധമാക്കുന്ന കാര്യം സർക്കാർ ഗൗരവതരമായി പരിശോധിക്കുമെന്നു മുഖ്യമന്ത്രി പറഞ്ഞു. വായന സ്‌കൂൾ കരിക്കുലത്തിന്റെ ഭാഗമാക്കുന്നതും പരിഗണിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഈ സർക്കാർ അധികാരത്തിൽ വന്നപ്പോൾ ഉന്നതവിദ്യാഭ്യാസത്തിന്റെ നവീകരണത്തിനാണു മുൻഗണന കൊടുത്തതെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേരളത്തെ ഉന്നതവിദ്യാഭ്യാസത്തിന്റെ ഹബ് ആക്കുക എന്ന ലക്ഷ്യത്തോടെയാണ് സർക്കാർ നീങ്ങുന്നത്. നിലവിലുള്ള പ്രശ്‌നങ്ങൾ സർക്കാർ പരിഹരിച്ച് ലാബുകളും ലൈബ്രറികളും പോലുള്ള അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കിക്കൊണ്ടിരിക്കുകയാണ്. വിദേശരാജ്യങ്ങളിലെ പോലെ ഈ സൗകര്യങ്ങൾ വിദ്യാർഥികൾക്ക് എപ്പോഴും ഉപയോഗിക്കാനാകാവുന്ന തരത്തിലുള്ള മാറ്റമാണ് ലക്ഷ്യമിടുന്നത്. ഉന്നതവിദ്യാഭ്യാസത്തിന്റെ മാറ്റം സംബന്ധിച്ചു പഠനങ്ങൾ നടക്കുകയാണെന്നും മുഖ്യമന്ത്രി അറിയിച്ചു.

യുവാക്കൾ വിദേശ രാജ്യങ്ങളിലേക്ക് പോകുന്നതിൽ ആശങ്ക വേണ്ടെന്നും അതു കാലത്തിന്റെ മാറ്റമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. എയ്ഡഡ് സ്‌കൂൾ വികസനത്തിന് മാനേജ്‌മെന്റുകൾ എത്ര തുക മുടക്കുന്നുവോ അത്രയും തുക സർക്കാരും നൽകും. ഇത്തരത്തിൽ ഒരു കോടി രൂപ വരെയാണു നൽകുന്നതെന്നു മുഖ്യമന്ത്രി പറഞ്ഞു. ന്യൂനപക്ഷ വകുപ്പിനെപ്പറ്റി യാതൊരു ആശങ്കയ്ക്കും അടിസ്ഥാനമില്ലെന്നും ആരു വകുപ്പു കൈകാര്യം ചെയ്താലും സർക്കാർ ഒരേ രീതിലിലുള്ള നിലപാടാണ് സ്വീകരിക്കുന്നതെന്നും ഭരണനടപടിയുമായി ബന്ധപ്പെട്ട് എന്തെങ്കിലും പ്രശ്‌നങ്ങൾ ഉണ്ടെങ്കിൽ അതു പ്രത്യേകമായി പരിശോധിക്കാവുന്നതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികൾക്കായുള്ള സ്ഥാപനങ്ങളിൽ പതിനെട്ടു വയസിനുശേഷവും തുടരാനുള്ള അവകാശം നൽകുന്ന രീതിയിൽ മാറ്റമുണ്ടാക്കുക, ദേശീയ, രാജ്യാന്തര തലത്തിലുള്ള മത്സരങ്ങളിൽ പങ്കെടുക്കുന്നവർക്കു സർക്കാർ ജോലി നൽകുക, മാനസിക വെല്ലുവിളി നേരിടുന്നവർക്കും സർക്കാർ ജോലികളിൽ സംവരണം നൽകുക തുടങ്ങിയ വിഷയങ്ങൾ സർക്കാർ ഗൗരവതരമായി പരിശോധിക്കുന്നതാണെന്നു മുഖ്യമന്ത്രി പറഞ്ഞു.

 

Author

Leave a Reply

Your email address will not be published. Required fields are marked *