വണ്ടിപ്പെരിയാര്‍ പോക്‌സോ കേസില്‍ പൊലീസിനും പ്രോസിക്യൂഷനും ഗുരുതര വീഴ്ച – പ്രതിപക്ഷ നേതാവ്

Spread the love

പ്രതിപക്ഷ നേതാവിന്റെ വാര്‍ത്താക്കുറിപ്പ് .

തിരുവനന്തപുരം : വണ്ടിപ്പെരിയാറില്‍ ആറുവയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയെ കോടതി വെറുതെ വിട്ട സംഭവം കേരളത്തിന്റെ പൊതുമനസാക്ഷിയെ ഞെട്ടിക്കുന്നതാണ്. പീഡനവും കൊലപാതകവും പോസ്റ്റമോര്‍ട്ടത്തില്‍ തെളിഞ്ഞതാണ്. പ്രതി കുറ്റം സമ്മതിക്കുകയും പ്രതിയുമായെത്തി പൊലീസ് തെളിവുകള്‍ ശേഖരിച്ചിട്ടും കേസ് കോടതിയില്‍ പരാജയപ്പെട്ടതിന് പിന്നില്‍ ബാഹ്യഇടപെടലുകള്‍ ഉണ്ടായിട്ടുണ്ടോയെന്ന് അന്വേഷിക്കണം.

വാളയാറിന് സമാനമായ അവസ്ഥ വണ്ടിപ്പെരിയാര്‍ കേസിലും ഉണ്ടാകരുതെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടിയിരുന്നതാണ്. വാളയാറിലെ പ്രതിക്ക് പാര്‍ട്ടി ബന്ധം ഉള്ളതിനാല്‍ തെളിവുകള്‍ നശിപ്പിക്കപ്പെട്ടു. വണ്ടിപ്പെരിയാറിലെ പ്രതിയുടെ ഡി.വൈ.എഫ്.ഐ ബന്ധമാണ് തെളിവ് നശിപ്പിക്കപ്പെടാന്‍ കാരണമെന്ന്

പൊതുസമൂഹം സംശയിക്കുന്നു. വണ്ടിപ്പെരിയാര്‍ പോക്‌സോ കേസിലെ കോടതിവിധി കുട്ടികളുടെ സുരക്ഷ സംബന്ധിച്ച കേസുകളില്‍ സര്‍ക്കാരിന് അല്‍പം പോലും ഗൗരവം ഇല്ലെന്ന് അടിവരയിട്ട് പറയുന്നുണ്ട്. അപ്പീല്‍ പോയതുകൊണ്ട് മാത്രം പരിഹാരമാകില്ല. പൊലീസിനും പ്രോസിക്യൂഷനും വീഴ്ച പറ്റിയെന്ന് പകല്‍ പോലെ വ്യക്തമായി. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി മറുപടി പറയണം.

പ്രോസിക്യൂഷന്‍ അങ്ങേയറ്റം ദുര്‍ബലമായിരുന്നു. പ്രതിക്ക് ഒളിവില്‍ പോകുന്നതിനുള്ള സഹായം നല്‍കിയത് സി.പി.എം പ്രാദേശിക നേതൃത്വമാണെന്ന ആരോപണം നേരത്തേയുണ്ട്. കുട്ടിയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്യുന്നതിന് മുന്‍പ് അടക്കാന്‍ ശ്രമിച്ചതും കേസ് അന്വേഷണം അട്ടിമറിക്കുന്നതിന് വേണ്ടിയുള്ള ഗൂഡാലോചനയുടെ ഭാഗമായിരുന്നു. എസ്.സി എസ്.ടി പീഡനനിരോധന നിയമപ്രകാരമുള്ള വകുപ്പ് കൂടി ചേര്‍ക്കണമെന്ന പെണ്‍കുട്ടിയുടെ കുടുംബത്തിന്റെ ആവശ്യം പൊലീസ് അവഗണിച്ചത് ദുരൂഹമാണ്.

പെണ്‍കുട്ടിയുടെ കുടുംബത്തിന് എല്ലാതരത്തിലുള്ള പിന്തുണയും നിയമ സഹായവും ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് വണ്ടിപ്പെരിയാര്‍ സന്ദര്‍ശിച്ച ശേഷം പ്രതിപക്ഷ നേതാവെന്ന നിലയില്‍ മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിരുന്നു. എന്നിട്ടും ഗൗരവമുള്ള നടപടികള്‍ ഉണ്ടായില്ലെന്നത് അപലപനീയമാണ്.

കുട്ടിയുടെ അമ്മ കോടതി വളപ്പില്‍ നീതി തേടി നിലവിളിക്കുമ്പോള്‍ ആ ശബ്ദം കേരളത്തെ ഒന്നാകെ പൊള്ളിക്കുന്നുണ്ട്. മകളെ നഷ്ടപ്പെട്ട കുടുംബത്തിന് നീതി കിട്ടിയേ തീരൂ. പൗരപ്രമുഖരുടെ പ്രശ്‌നങ്ങള്‍ മാത്രം ഇരുന്ന് കേള്‍ക്കുന്ന മുഖ്യമന്ത്രിയും സര്‍ക്കാരും ഈ അമ്മയുടെ ചങ്കുപൊട്ടിയുള്ള വേദന കൂടി കാണണം.

Author

Leave a Reply

Your email address will not be published. Required fields are marked *