ഇന്‍റർസ്കൂൾ ടെക് ക്വിസിന്‍റെ 2023ലെ പതിപ്പിൽ ഇന്ത്യയൊട്ടാകെയുള്ള 4800ല്‍ അധികം സ്‌കൂളുകളിൽ നിന്നായി 17545 പേരുടെ പങ്കാളിത്തം.
തൃശൂർ: ടാറ്റ കൺസൾട്ടൻസി സർവീസസിന്‍റെ ഇന്‍റർസ്കൂൾ ചലഞ്ച് ക്വിസ് മത്സരമായ ടിസിഎസ് ഇൻക്വിസിറ്റീവ് 2023 ദേശീയ കിരീടം മലയാളി വിദ്യാര്‍ത്ഥിക്ക്. തൃശൂരിലെ വിജയഗിരി പബ്ലിക് സ്കൂളിലെ ആദിത്യ കെ ബിയാണ് ദേശീയ ചാമ്പ്യൻഷിപ്പ് സ്വന്തമാക്കിയത്. രാജസ്ഥാനിലെ ജയ്പൂർ കേംബ്രിഡ്ജ് കോർട്ട് വേൾഡ് സ്കൂളിലെ രോഹൻ ഗുപ്ത ഫസ്റ്റ് റണ്ണറപ്പും കര്‍ണ്ണാടകയിലെ ചിക്കമംഗളൂരു ആംബർ വാലി റസിഡൻഷ്യൽ സ്കൂളിലെ അതിന്ദ്ര സൗന്ദർ രാജ സെക്കൻഡ് റണ്ണറപ്പും ആയി തെരഞ്ഞെടുക്കപ്പെട്ടു.
ടെക്‌നോളജി ക്വിസിന്‍റെ ഈ പതിപ്പില്‍ ഇന്ത്യയൊട്ടാകെയുള്ള 4800-ലധികം സ്‌കൂളുകളിൽ നിന്നുള്ള 17500-ലധികം വിദ്യാർത്ഥികള്‍ പങ്കെടുത്തു. പ്രമുഖ ക്വിസ്‌മാസ്റ്റർ ഗിരി ബാലസുബ്രഹ്മണ്യമാണ് ക്വിസ് മത്സരത്തിന്‍റെ ഫൈനൽ നിയന്ത്രിച്ചത്.
മുംബൈയിൽ നടന്ന ചടങ്ങിൽ ടിസിഎസിന്‍റെ മാനേജിംഗ് ഡയറക്ടറും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ കെ കൃതിവാസൻ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. തദവസരത്തില്‍ സംസാരിക്കവെ ഇന്ത്യയിലെ യുവതലമുറയുടെ ഡിജിറ്റൽ ബൗദ്ധിക ശേഷി പരിപോഷിപ്പിക്കുന്നതിനുള്ള ടിസിഎസിന്‍റെ പ്രതിബദ്ധത അദ്ദേഹം ആവർത്തിച്ച് പ്രഖ്യാപിച്ചു.
ഇൻക്വിസിറ്റീവിന്‍റെ 2023 ലെ പതിപ്പിൽ വിദ്യാര്‍ത്ഥികള്‍ പ്രദർശിപ്പിച്ച കഴിവുകൾ അത്ഭുതപ്പെടുത്തുന്നതാണെന്നും മത്സരത്തിന്‍റെ ഓരോ സെഷനുകളും വളരെ ആകർഷകവും അറിവ് പകര്‍ന്നുതരുന്നതുമായിരുന്നു എന്നും കെ കൃതിവാസൻ പറഞ്ഞു. കുട്ടികൾ പ്രകടിപ്പിക്കുന്ന ബുദ്ധികൂര്‍മ്മതയും ആത്മവിശ്വാസവും ഏറെ പ്രചോദിപ്പിക്കുന്നതാണ്. സങ്കീർണ്ണമായ വിഷയങ്ങളിലുള്ള അവരുടെ ധാരണയും കഠിനമായ ചോദ്യങ്ങൾക്കുള്ള ഉത്തരം മിനിറ്റുകൾക്കുള്ളിൽ കണ്ടെത്താനുള്ള സാമര്‍ഥ്യവും അവരുടെ കഴിവിനെ മാത്രമല്ല കാണിച്ചുതരുന്നത് മാറുന്ന ലോകവുമായി പൊരുത്തപ്പെടാനും പഠിക്കാനും മറ്റുള്ളവരെ പ്രേരിപ്പിക്കുക കൂടി ചെയ്യുന്നു. ഏറ്റവും പ്രധാനം ജിജ്ഞാസയുടെ തീപ്പൊരി സജീവമായി നിലനിർത്തുന്നതിനുള്ള ഒരു ഓർമ്മപ്പെടുത്തലായി ടിസിഎസ് ഇന്‍ക്വിസിറ്റീവ് മാറി എന്നുള്ളതാണെന്നും എല്ലാ വിജയികൾക്കും അഭിനന്ദനങ്ങൾ അറിയിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
Rita