കെപിസിസിയുടെ ഡിജിപി ഓഫീസ് മാര്‍ച്ച് ഡിസംബര്‍ 23ന്

Spread the love

കെ.എസ്.യു- യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ നടക്കുന്ന പോലീസിന്റെയും സിപിഎമ്മിന്റെയും മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍മാരുടെയും ആക്രമണത്തില്‍ പ്രതിഷേധിച്ച് ഡിസംബര്‍ 23ന് ശനിയാഴ്ച രാവിലെ 10ന് കാല്‍ലക്ഷം പേരെ അണിനിരത്തി കെപിസിസിയുടെ നേതൃത്വത്തില്‍ ഡിജിപി ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തുമെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി ടി.യു.രാധാകൃഷ്ണന്‍ അറിയിച്ചു.

ഡിജിപി ഓഫീസിലേക്കുള്ള പ്രതിഷേധ മാര്‍ച്ചിന് മുന്‍പായി ശനിയാഴ്ച രാവിലെ 9ന് കെപിസിസി ആസ്ഥാനത്ത് മുന്‍ മുഖ്യമന്ത്രി ലീഡര്‍ കെ.കരുണാകരന്റെ ചരമവാര്‍ഷിക ദിനത്തോട് അനുബന്ധിച്ച് പുഷ്പാര്‍ച്ചന നടക്കും. കോണ്‍ഗ്രസിന്റെ മുഴുവന്‍ നേതാക്കളും പുഷ്പാര്‍ച്ചനയില്‍ പങ്കെടുക്കും. തുടര്‍ന്ന് ഡിജിപി ഓഫീസിലേക്ക് നടക്കുന്ന പ്രതിഷേധ മാര്‍ച്ച് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി ഉദ്ഘാടനം ചെയ്യും. പ്രതിപക്ഷനേതാവ് വിഡി സതീശന്‍

മുഖ്യാതിഥിയായി പങ്കെടുക്കും. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗങ്ങളായ രമേശ് ചെന്നിത്തല, ഡോ.ശശി തരൂര്‍ എംപി, കൊടിക്കുന്നില്‍ സുരേഷ് എംപി,യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന്‍, മുന്‍ കെപിസിസി പ്രസിഡന്റ് കെ.മുരളീധരന്‍ എംപി,കേരളത്തില്‍ നിന്നുള്ള എഐസിസി ഭാരവാഹികള്‍,കെപിസിസി ഭാരവാഹികള്‍,എംപിമാര്‍,എംഎല്‍എമാര്‍,ഡിസിസി പ്രസിഡന്റുമാര്‍-ഭാരവാഹികള്‍, പോഷക സംഘടനകളുടെയും സെല്ലുകളുടെയും സംസ്ഥാന നേതാക്കളും ബ്ലോക്ക്-മണ്ഡലം പ്രസിഡന്റുമാരും ഡിജിപി ഓഫീസിലേക്കുള്ള പ്രതിഷേധ മാര്‍ച്ചിന് നേതൃത്വം നല്‍കും. ഡിസംബര്‍ 20ന് അഞ്ചു ലക്ഷത്തിലധികം പ്രവര്‍ത്തകരെ അണി നിരത്തി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ സംസ്ഥാനത്തെ 564 പോലീസ് സ്‌റ്റേഷനുകളിലേക്ക് സംഘടിപ്പിക്കുന്ന ബഹുജന പോലീസ് സ്റ്റേഷന്‍ മാര്‍ച്ചിന്റെ തുടര്‍ച്ചയായിട്ടാണ് ഡിജിപി ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിക്കുന്നത്.

കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപിയുടെ അധ്യക്ഷതയില്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന ഓണ്‍ലൈന്‍ യോഗത്തിലാണ് ഡിജിപി ഓഫീസ് മാര്‍ച്ച് സംഘടിപ്പിക്കാന്‍ തീരുമാനിച്ചത്. സിപിഎം ക്രിമിനലുകളും മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥരും പോലീസുകാരും ചേര്‍ന്ന് വ്യാപകമായ അക്രമം അഴിച്ചുവിടുകയാണ്. ഭിന്നശേഷിക്കാരനായ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനേയും കെപിസിസി ഭാരവാഹിയേയും കോണ്‍ഗ്രസ് ജനപ്രതിനിധിയേയും കയ്യേറ്റം ചെയ്തു. ജനാധിപത്യ മര്യാദയുടെ എല്ലാ സീമകളും ലംഘിച്ച് കൊണ്ട് നടക്കുന്ന അക്രമത്തെ കെപിസിസിക്ക് കണ്ടില്ലെന്ന് നടിക്കാനാവില്ലെന്നും ടി.യു.രാധാകൃഷ്ണന്‍ പറഞ്ഞു.

 

Author

Leave a Reply

Your email address will not be published. Required fields are marked *