തൊഴിൽ വർധനയ്ക്ക് തൊഴിൽ മിഷൻ എന്ന ആശയം സർക്കാർ ചർച്ച ചെയ്യും : മുഖ്യമന്ത്രി

Spread the love

സംസ്ഥാനത്തു തൊഴിൽ സാധ്യതകൾ കൂടുതൽ വർധിപ്പിക്കുന്നതിനായി തൊഴിൽ മിഷൻ എന്ന ആശയം സർക്കാർ ചർച്ച ചെയ്യുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. നവകേരള സദസിന്റെ തിരുവനന്തപുരം ജില്ലയിലെ പര്യടനത്തിന്റെ പ്രഭാത സദസിലാണ് ഇത്തരമൊരു ആശയം ഉയർന്നത്. സംസ്ഥാനത്തിന്റെ ഭാവി വികസനത്തിനു മുതൽക്കൂട്ടാകുന്ന നിരവധി ക്രിയാത്മക ആശയങ്ങളും നിർദേശങ്ങളും ആറ്റിങ്ങൽ പൂജ കൺവൻഷൻ സെന്ററിൽ നടന്ന പ്രഭാത യോഗത്തിൽ ഉയർന്നു.
നാടിന്റെ വികസന സങ്കൽപ്പങ്ങൾ ഏതു രീതിയിൽ യാഥാർഥ്യമാക്കണമെന്നതിന്റെ മികച്ച ആശയങ്ങളാണു നവകേരള സദസിന്റെ പ്രഭാത യോഗങ്ങളിൽ ഉയരുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. 13 ജില്ലകളിലും നടന്ന പ്രഭാത സദസുകൾ ഇത്തരം ആശയങ്ങൾകൊണ്ടു സമ്പന്നമായിരുന്നു. ഭാവി പ്രവർത്തനങ്ങളെ ഒട്ടേറെ സഹായിക്കുന്നതാണ് ഇവയിൽ മിക്കവയെന്നും പ്രഭാത സദസിന് ആമുഖമായി മുഖ്യമന്ത്രി പറഞ്ഞു. തുടർന്നു സമൂഹത്തിന്റെ വിവിധ തുറകളിൽപ്പെട്ടവർ വികസന, ക്ഷേമ പ്രവർത്തനങ്ങളുടെ പുരോഗതി സംബന്ധിച്ചും തൊഴിൽ, വ്യവസായം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിൽ നടത്തേണ്ട ഇടപെടലുകളെക്കുറിച്ചുമുള്ള ആശയങ്ങൾ മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും മുൻപാകെ പങ്കുവച്ചു. ഇവ ഓരോന്നിലും വ്യക്തമായ തീരുമാനങ്ങളും നിർദേശങ്ങളുമുണ്ടായി.തൊഴിൽ മേഖലയിൽ സർക്കാർ നടത്തുന്ന ഇടപെടലുകൾ മാതൃകാപരമാണെന്നും കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയെന്ന ലക്ഷ്യം മുൻനിർത്തി തൊഴിൽ മിഷൻ എന്ന ആശയത്തിന്റെ സാധ്യതകൾ പരിഗണിക്കണമെന്നും ആറ്റിങ്ങൽ മണ്ഡലത്തിൽനിന്നുള്ള ഷജിൻ അന്ത്രുയ യോഗത്തിൽ അഭിപ്രായപ്പെട്ടു. ഇതിനു മറുപടിയായാണ് തൊഴിൽ മിഷൻ എന്ന ആശയം സർക്കാർ ചർച്ച ചെയ്യുമെന്നു മുഖ്യമന്ത്രി യോഗത്തിൽ പറഞ്ഞത്. ഡയാലിസിസ് രോഗികൾക്ക് ആശ്വാസ് പദ്ധതി പ്രകാരം അഞ്ചു ഡയാലിസിസ് സൗജന്യമായി നൽകുന്നത് മാതൃകാപരമാണെന്നും ഇത് എട്ടു മുതൽ 10 വരെയാക്കുന്നത് സാധാരണക്കാർക്കു കൂടുതൽ ഉപകാരപ്പെടുമന്നും ഫാ. ജോസ് കിഴക്കേടത്ത് അഭിപ്രായപ്പെട്ടു. ഈ ആവശ്യം സർക്കാർ പരിഗണിക്കുമെന്നു മുഖ്യമന്ത്രി പറഞ്ഞു.

Author

Leave a Reply

Your email address will not be published. Required fields are marked *