ഉന്നത വിദ്യാഭ്യാസ രംഗത്തു സമാനതകളില്ലാത്ത വളർച്ച: മുഖ്യമന്ത്രി

Spread the love

കേരളത്തിന്റെ ഉന്നതവിദ്യാഭ്യാസ രംഗത്ത് സമാനതകളില്ലാത്ത വളർച്ചയാണ് കഴിഞ്ഞ ഏഴുവർഷങ്ങളിൽ സംസ്ഥാനത്തുണ്ടായതെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ജനാധിപത്യവും മതേതരത്വവും ഉൾപ്പെടെയുള്ള അടിസ്ഥാന ഭരണഘടനാമൂല്യങ്ങൾ നമ്മുടെ വിദ്യാലയങ്ങളിലും ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലും നിലനിർത്തുന്നതിൽ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും ഉന്നതവിദ്യാഭ്യാസ മേഖല പുതിയ തലത്തിലേക്കെത്തുന്ന ഘട്ടത്തിൽ ഈ നിലപാടിണ് വലിയ പ്രസക്തിയുണ്ടെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
സർവകലാശാലാ നിയമങ്ങളും ചട്ടങ്ങളും കാലോചിതമായി പരിഷ്‌കരിക്കുകയും ജനാധിപത്യപരമായ പ്രവർത്തനങ്ങളും അക്കാദമിക് സ്വയംഭരണവും ഉന്നത വിദ്യാഭ്യാസ രംഗത്ത് ഉറപ്പുവരുത്തുകയും ചെയ്തതായി മുഖ്യമന്ത്രി പറഞ്ഞു.2016ൽ സർക്കാർ അധികാരത്തിൽ വന്നതിനു ശേഷം ഈ നാൾ വരെ ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള സ്ഥാപനങ്ങളിൽ മാത്രം പുതിയ 1278 കോഴ്സുകൾ ആരംഭിച്ചു. ഇതുവഴി 47200ൽ അധികം പുതിയ സീറ്റുകളാണ് സൃഷ്ടിക്കപ്പെട്ടത്. ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നിലവാരം ഉയർത്താനും കഴിഞ്ഞു. നാക് അക്രഡിറ്റേഷനിൽ കേരളസർവകലാശാല എ++, കാലിക്കറ്റ്, കുസാറ്റ് എന്നീ സർവ്വകലാശാലകൾ എ+ ഗ്രേഡുകൾ നേടി. സംസ്ഥാനത്തെ കോളേജുകളിൽ 22 എണ്ണം രാജ്യത്തെ തന്നെ മികച്ച ഗ്രേഡ് ആയ എ++ ഉം 38 കോളേജുകൾ എ+ഉം 60 കോളേജുകൾ എ ഗ്രേഡും നേടി.
ഗണ്യമായ നേട്ടങ്ങൾ സ്വന്തമാക്കി ഉന്നതവിദ്യാഭ്യാസമേഖല മുന്നേറുമ്പോൾ അതിനു തടയിടാൻ വർഗീയശക്തികളും അവയുടെ ദല്ലാളുമാരും ശ്രമിക്കുകയാണ്. അത്തരം നശീകരണ ശ്രമങ്ങൾക്കെതിരെയുള്ള ചെറുത്തു നിൽപ്പാണ് കഴിഞ്ഞ ദിവസങ്ങളിൽ കാണുന്നത്. നാടിന്റെ ഭാവി പുതിയ തലമുറയിലാണ്. ആ തലമുറയുടെ മസ്തിഷ്‌കത്തിൽ വർഗീയതയുടെയും വിദ്വേഷത്തിന്റെയും വിഷം കുത്തിവെക്കുന്നവർക്കെതിരെ യോജിച്ച മുന്നേറ്റം ഉണ്ടാവേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

Author

Leave a Reply

Your email address will not be published. Required fields are marked *