വിദ്യാര്‍ത്ഥികളോട് പോലീസ് പെരുമാറിയത് തെരുവുഗുണ്ടകളുടെ നിലവാരത്തില്‍: കെ.സി.വേണുഗോപാല്‍ എംപി

Spread the love

തെരുവുഗുണ്ടകളുടെ നിലവാരത്തിലാണ് കേരളാ പോലീസ് ഡി.ജി.പി ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയ കെ.എസ്.യു പ്രവര്‍ത്തകരെ കൈകാര്യം ചെയ്തതെന്നും കുട്ടികളാണെന്ന പരിഗണനപോലും നല്‍കാതെ നിഷ്ഠൂരമായി തല്ലിച്ചതച്ചെന്നും എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ എംപി.

എ.കെ.ജി സെന്ററില്‍ നിന്നുള്ള നിര്‍ദ്ദേശം അതേപടി അനുസരിച്ചാണ് പൊലീസ് കുട്ടികളെ വളഞ്ഞിട്ട് തല്ലിയത്. കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറിനെ വളഞ്ഞിട്ട് തല്ലുന്ന കാഴ്ച ദാരുണമാണ്. പെണ്‍കുട്ടിയാണെന്ന പരിഗണന പോലുമില്ലാതെയാണ് വൈസ് പ്രസിഡന്റ് ആന്‍ സെബാസ്റ്റ്യന്‍ അടക്കമുള്ള വനിതാ പ്രവര്‍ത്തകരെ പൊലീസ് ആക്രമിച്ചത്. പ്രതിരോധിക്കാനെത്തിയ മാത്യു കുഴല്‍നാടനെയും എം.എല്‍.എയാണെന്ന പരിഗണന പോലുമില്ലാതെ പൊലീസ് ആക്രമിച്ചെന്നും വേണുഗോപാല്‍ കുറ്റപ്പെടുത്തി.

എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറിയെയും വനിതാ പ്രവര്‍ത്തകരെയും ലാളിക്കുന്ന പൊലീസാണ് സ്വയം പ്രതിരോധം തീര്‍ക്കാന്‍ തെരുവില്‍ പ്രക്ഷോഭവുമായി ഇറങ്ങിയ കെ.എസ്.യു കുട്ടികളെ ലാത്തികൊണ്ട് മൃഗീയമായി തല്ലിച്ചതച്ചത്. മുഖ്യമന്ത്രിയും സി.പി.എം നേതാക്കളും അക്രമത്തിന് ആഹ്വാനം ചെയ്തതിന്റെ പിന്‍പറ്റിയാണ് പൊലീസ് ‘ജീവനരക്ഷാ പ്രവര്‍ത്തന’ത്തിനിറങ്ങിയത്. പെണ്‍കുട്ടികളെ നിലത്തിട്ട് മര്‍ദ്ദിക്കുന്ന കാഴ്ച കണ്ണില്‍ച്ചോരയില്ലാത്തതാണെന്നും വേണുഗോപാല്‍ പറഞ്ഞു.

കലാപാഹ്വാനത്തിന് മുഖ്യമന്ത്രിക്കെതിരെ കേസെടുക്കാന്‍ ധൈര്യമില്ലാത്ത അടിമക്കൂട്ടമായ പൊലീസ് ഇന്നലെ പ്രതിപക്ഷ നേതാവിനും കോണ്‍ഗ്രസ് എം.എല്‍.എമാര്‍ക്കും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റിനുമെതിരെ കേസെടുത്തു. അതോടെ ഭയന്നോടുമെന്നാകും മുഖ്യമന്ത്രിയുടെ ധാരണയെങ്കില്‍ അത് തെറ്റാണെന്ന് ബോധ്യപ്പെടുമെന്നും പൊലീസിലെ ഗുണ്ടകളെ നിലയ്ക്കുനിര്‍ത്താന്‍ ആഭ്യന്തരവകുപ്പിന് കഴിയുന്നില്ലെങ്കില്‍ ഇത്തരം ക്രിമിനലുകളെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് കോണ്‍ഗ്രസിന് നന്നായറിയാമെന്നും വേണുഗോപാല്‍ പറഞ്ഞു.

പിണറായിക്ക് പാദസേവ ചെയ്യുന്ന പൊലീസ് ഏമാന്മാര്‍ അത് മനസ്സില്‍ സൂക്ഷിക്കുന്നത് നല്ലതാണ്. എന്നും മുഖ്യമന്ത്രി കസേരയില്‍ ഗോഡ്ഫാദറായി പിണറായി വിജയനെന്ന യജമാനന്‍ ഉണ്ടാകില്ല. പൊലീസിലെ ക്രിമിനലുകള്‍ നന്ദി കാണിക്കാനിറങ്ങുമ്പോള്‍ അത് നല്ലതുപോലെ മനസ്സില്‍ കുറിച്ചുവെയ്ക്കണം. ഞങ്ങളുടെ കുട്ടികളുടെ ദേഹത്ത് വീണ ഓരോ അടിക്കും നിങ്ങളെക്കൊണ്ട് എണ്ണിയെണ്ണി കണക്ക് പറയിപ്പിക്കുമെന്നും കെ.സി.വേണുഗോപാല്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

 

 

Author

Leave a Reply

Your email address will not be published. Required fields are marked *