ജനസാഗരമായി കോവളം നവകേരളസദസ്സ്

Spread the love

ലഭിച്ചത് 3715 നിവേദനങ്ങൾ.
നാനാതുറകളിൽപ്പെട്ടവരുടെ ജനകീയപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായ കോവളം മണ്ഡലം നവകേരള സദസ്സിൽ 3715 നിവേദനങ്ങൾ ലഭിച്ചു. സ്വീകരിച്ച നിവേദനങ്ങൾ ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറി. വിഴിഞ്ഞത്ത് നടന്ന ചടങ്ങിൽ സമൂഹത്തിലെ വിവിധ ശ്രേണികളിൽപെട്ട വ്യക്തികളെത്തിയിരുന്നു. വാദ്യമേളങ്ങളുടെയും നാടൻ കലാരൂപങ്ങളുടെയും സാന്നിദ്ധ്യത്തിലാണ് മുഖ്യമന്ത്രിയെയും മന്ത്രിമാരെയും വേദിയിലേക്ക് സ്വീകരിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ മറ്റ് മന്ത്രിമാരും എത്തിയതോടെ വേദിയിൽ അക്ഷരാർഥത്തിൽ ആവേശക്കടലിളകി. ബാലരാമപുരം കൈത്തറി മുണ്ടും പേനയും മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും സ്‌നേഹോപഹാരമായി സമ്മാനിച്ചു. നവകേരള സദസ്സിന്റെ ഉദ്ഘാടനത്തിനു ശേഷം സാന്താക്ലോസ് വേഷധാരികളായ വിദ്യാർത്ഥികൾക്കൊപ്പം മുഖ്യമന്ത്രി കേക്കു മുറിച്ചു. റോളർ സ്‌കേറ്റിംഗിൽ സംസ്ഥാന തല വിജയികളായ വെങ്ങാനൂർ വി.പി.എസ് മലങ്കര എച്ച്.എസ്.എസിലെ വിദ്യാർത്ഥികളായ സാനിയ സണ്ണിയെയും സന സണ്ണിയെയും ചടങ്ങിൽ മുഖ്യമന്ത്രി ആദരിച്ചു.സദസിനെത്തിയവർക്ക് എല്ലാ സൗകര്യങ്ങളും സജ്ജീകരണങ്ങളും ഒരുക്കിയിരുന്നു. മെഡിക്കൽ സംഘം, ഫയർഫോഴ്സ്, പൊലീസ് എന്നിവരുടെ സേവനങ്ങൾ ഒരുക്കിയിരുന്നു. ഹരിത കർമസേന, കുടുംബശ്രീ, ആശ, അങ്കണവാടി പ്രവർത്തകരും വിവിധ വകുപ്പുകളും സദസ്സിന്റെ ഭാഗമായി. സദസ്സിൽ നിവേദനങ്ങൾ നൽകുന്നതിനായി 20 കൗണ്ടറുകൾ സജ്ജീകരിച്ചു. സ്ത്രീകൾക്കും വയോജനങ്ങൾക്കും ഭിന്നശേഷിക്കാർക്കും പ്രത്യേകം കൗണ്ടറുകളും ഒരുക്കിയിരുന്നു. വിനോദ് വൈശാഖി രചന നിർവഹിച്ച സ്വാഗത ഗാനവും ഗാനമേളയും പരിപാടിയുടെ ഭാഗമായി നടന്നു.

Author

Leave a Reply

Your email address will not be published. Required fields are marked *