ഇടതുമുന്നണി സര്‍ക്കാരിന്റെ പ്രതിച്ഛായ മെച്ചപ്പെടുത്താനും വികസന നേട്ടങ്ങള്‍ പെരുപ്പിച്ചു കാട്ടി അഴിമതി ആരോപണങ്ങളില്‍ നിന്നും ജനശ്രദ്ധ മാറ്റാനും ലക്ഷ്യമിട്ട് കേരള സര്‍ക്കാരിന്റെ പേരില്‍ നടത്തിയ നവകേരളയാത്ര വെളുക്കാന്‍ തേച്ചത് പാണ്ടായി എന്ന ചൊല്ലു പോലെയാണ് അവസാനിച്ചതെന്ന് യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന്‍.
ഇന്ത്യയില്‍ ആദ്യമായി മുഖ്യമന്ത്രിയും മന്ത്രിമാരും ഒന്നടങ്കം ഒന്നരമാസക്കാലം സെക്രട്ടറിയേറ്റ് പൂട്ടിയിട്ട് നടത്തിയ നവകേരള ബെന്‍സ് യാത്ര സംസ്ഥാനത്ത് ഭരണസ്തംഭന മുണ്ടാക്കുകയും ലക്ഷക്കണക്കിന് തീര്‍ത്ഥാടകര്‍ക്ക് ശബരിമല ദര്‍ശനത്തിന് സൗകര്യം ഒരുക്കുന്നതില്‍ സര്‍ക്കാര്‍ സംവിധാനത്തെ
പരാജയപ്പെടുത്തുകയും ചെയ്തു.സംസ്ഥാനം നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയെ രൂക്ഷമാക്കുകയും ക്രമസമാധാന നില തകര്‍ക്കുകയും ചെയ്ത യാത്രയായി മാറിയെന്നും എംഎം ഹസന്‍ വിമര്‍ശിച്ചു.
കര്‍ഷകര്‍ക്ക് അര്‍ഹമായ പണം ലഭിക്കാതെ തകഴിയിലെ കെജി പ്രസാദും കെ ആര്‍ രാജപ്പനും ഉള്‍പ്പെടെ 7 കര്‍ഷകരും ലൈഫ് മിഷന്‍ പദ്ധതിക്ക് പണം കിട്ടാത്ത ലോട്ടറി തൊഴിലാളി ഓമല്ലൂരിലെ ഗോപിയും ആത്മഹത്യ ചെയ്തത് നവകേരളയാത്ര തുടങ്ങിയ ശേഷമാണ്.അടിമാലിയില്‍ നവ കേരള സദിന്റെ വേദിയില്‍
ചികിത്സാ സഹായത്തിനുള്ള അപേക്ഷയുമായി വന്നു കാത്തുനിന്ന് കുഴഞ്ഞുവീണ് മരണമടഞ്ഞ ഗണേശന്‍ എന്ന തൊഴിലാളി യുവാവ് നവ കേരള സദസിന്റെ ആദ്യത്തെ രക്തസാക്ഷി ആണെന്ന് ഹസ്സന്‍ പറഞ്ഞു.നവ കേരളസദസിനുവേണ്ടി 14 സര്‍ക്കാര്‍ സ്‌കൂളുകളുടെ മതിലുകള്‍ പൊളിച്ചു. സ്‌കൂള്‍ ബസുകള്‍ നവകേരള യാത്രയ്ക്ക് നല്‍കുന്നതിന് എതിരേയും കൊച്ചുകുട്ടികളെ മുഖ്യമന്ത്രിയെയും മന്ത്രിമാരെയും അഭിവാദ്യം ചെയ്യാന്‍ ചുട്ടുപൊള്ളുന്ന വെയിലത്ത് ഇറക്കി നിര്‍ത്തിയതിനെതിരേയും ഹൈക്കോടതി ഇടപെടല്‍വരെ ഉണ്ടായി.കരിങ്കൊടികാട്ടി പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് യൂത്ത് ലീഗ് കെഎസ്യു പ്രവര്‍ത്തകര്‍ക്കെതിരെ കല്യാശ്ശേരി മുതല്‍ കാട്ടാക്കട വരെ പോലീസും ഡിവൈഎഫ്‌ഐ ഗുണ്ടകളും ക്രൂരമായ അക്രമവും മര്‍ദ്ദനങ്ങളും നടത്തി.
കല്യാശ്ശേരി മുതല്‍ കാട്ടാക്കട വരെ നടന്ന ഡിവൈഎഫ്‌ഐ ആക്രമണങ്ങളെ ജീവന്‍ രക്ഷാപ്രവര്‍ത്തനമായി പ്രശംസിച്ച മുഖ്യമന്ത്രി പിണറായി വിജയന്‍ ആക്രമത്തെ പ്രോത്സാഹിപ്പിച്ചു. കേരളം കണ്ട ഏറ്റവും വലിയ മര്‍ദ്ദകവീരനായ ആഭ്യന്തരമന്ത്രിയെന്ന ബഹുമതിയാണ് നവ കേരള യാത്രയിലൂടെ പിണറായി വിജയന്‍ എന്ന മുഖ്യമന്ത്രിക്ക് ലഭിച്ചത്. ഇരട്ടചങ്കന്‍ എന്ന വിശേഷണത്തിന് ഇതോടെ മാറ്റം വന്നു.സ്റ്റാലിന്റെയും ഹിറ്റ്‌ലറുടെയും മുഖച്ഛായയുള്ള ഇരട്ട മുഖമാണ് ഈ ഇടതുമുന്നണി നേതാവിന്റെ മുഖമുദ്ര.കേരളത്തിലെ ജനങ്ങള്‍ സാമ്പത്തികമായി നട്ടംതിരിയുമ്പോള്‍ ജനങ്ങളില്‍നിന്ന് കോടികള്‍ പിരിച്ചെടുത്ത് നടത്തിയ ഈ ധൂര്‍ത്തിന്റെ ആഡംബര യാത്ര രാഷ്ട്രീയ രംഗത്ത് ചോര ചൊരിച്ചിലും അക്രമങ്ങളും കൊണ്ട് വിദ്വേഷവും പകയും വെറുപ്പും വര്‍ധിപ്പിക്കാന്‍ മാത്രമേ ഉപകരിച്ചിട്ടുള്ളൂ എന്നും ഹസന്‍ പറഞ്ഞു.