കടലിൽ കുടുങ്ങിയ ബോട്ടും ഏഴ് മത്സ്യത്തൊഴിലാളികളെയും ഫിഷറീസ് റെസ്ക്യൂ ടീം രക്ഷപ്പെടുത്തി

Spread the love

ആഴക്കടൽ മത്സ്യബന്ധനത്തിന് പോയി ബോട്ടിന്റെ എഞ്ചിന്‍ നിലച്ച് കടലില്‍ കുടുങ്ങിയ മത്സ്യതൊഴിലാളികളെയും ബോട്ടും ഫിഷറീസ് വകുപ്പിന്റെ റെസ്ക്യൂ ടീം രക്ഷാപ്രവര്‍ത്തനം നടത്തി കരയിലെത്തിച്ചു. ചാവക്കാട് സ്വദേശി ചുമ്മാർ ചെറുവത്തൂർ വീട്ടിൽ ബാബുവിന്റെ ഉടമസ്ഥതയിലുള്ള സെൻ്റ് പീറ്റേഴ്സ് എന്ന ബോട്ടും കൊല്ലം സ്വദേശികളായ എഴ് മത്സ്യ തൊഴിലാളികളെയുമാണ് ശക്തിയായ കാറ്റിലും രക്ഷാപ്രവർത്തനം നടത്തി കരയിലെത്തിച്ചത്.

ചേറ്റുവ ഹാർബറിൽ നിന്നും മൂന്ന് ദിവസം മുൻപാണ് ബോട്ട് മത്സ്യബന്ധനത്തിന് പോയത്. കടലില്‍ പന്ത്രണ്ട് നോട്ടിക്കല്‍ മൈല്‍ അകലെ പൊക്ലായി വടക്ക് പടിഞ്ഞാറ് ഭാഗത്താണ് ബോട്ട് കുടുങ്ങിയത്.

രാവിലെ 8.30 നോട് കൂടിയാണ് ബോട്ട് കടലില്‍ കുടുങ്ങി കിടക്കുന്നതായി അഴീക്കോട് ഫിഷറീസ് സ്റ്റേഷനിൽ സന്ദേശം ലഭിച്ചത്.
ഫിഷറീസ് അസിസ്റ്റൻ്റ് ഡയറക്ടര്‍ പി.ഡി ലിസ്സിയുടെ നിര്‍ദ്ദേശാനുസരണം മറൈൻ എൻഫോഴ്സ്മെന്റ് വിജിലൻസ് വിങ് ഉദ്യേഗസ്ഥരായ ഇ.ആർ ഷിനിൽകുമാർ, വി.എൻ പ്രശാന്ത്കുമാർ, റസ്‌ക്യൂ ഗാര്‍ഡായ ഷിഹാബ്, ബോട്ട് സ്രാങ്ക് ദേവസ്സി മുനമ്പം, എഞ്ചിൻ ഡ്രൈവർ ഗഫൂർ എന്നിവരും രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി.

ജില്ലയില്‍ രക്ഷാപ്രവര്‍ത്തനത്തിന് ഫിഷറീസ് വകുപ്പിന്റെ രണ്ട് റെസ്ക്യൂ ബോട്ടുകൾ ചേറ്റുവയിലും, അഴീക്കോടും 24 മണിക്കൂറും പ്രവർത്തിക്കുന്ന മറെൻ എൻഫോഴ്സ്മെന്റ് യൂണിറ്റ് ഉൾപ്പെട്ട ഫിഷറീസ് സ്റ്റേഷനും സജ്ജമാണെന്നും ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ സുഗന്ധകുമാരി അറിയിച്ചു.

Author

Leave a Reply

Your email address will not be published. Required fields are marked *