ക്രൂയ്‌സ് ഷിപ്പിംഗ് രംഗത്ത് ബേപ്പൂർ പ്രധാന കേന്ദ്രമായി മാറുമെന്ന് ധനമന്ത്രികോഴിക്കോട് ബേപ്പൂരിന്റെ കടലിനും കരയ്ക്കും ഉത്സവത്തുടിപ്പ്! മേൽപ്പരപ്പിലൂടെ ചീറിപ്പാഞ്ഞും ഓളങ്ങളെ തഴുകിയൊഴിഞ്ഞും ജലനീലിമ മൂന്നാമത് ഇന്റർനാഷണൽ വാട്ടർ ഫെസ്റ്റിവലിന് സ്വാഗതമരുളിയപ്പോൾ കര ആകാശമുയരത്തിൽ പട്ടം പറത്തിയും കൊതിയൂറും ഭക്ഷണം നുകർന്നും ഉത്സവത്തെ വരവേറ്റു.ബേപ്പൂർ മറീന ബീച്ചിൽ ഡിസംബർ 26ന് വൈകിട്ട് ഏഴിന് ധനന്ത്രി കെ.എൻ ബാലഗോപാലും പൊതുവിദ്യാഭ്യാസ, തൊഴിൽ മന്ത്രി വി. ശിവൻകുട്ടിയും ദീപം തെളിയിച്ചു ഉദ്ഘാടനം നിർവഹിച്ചതോടെ സംസ്ഥാനത്തെ ഏറ്റവും വലിയ ജലോത്സവത്തിന്റെ മൂന്നാം സീസണ് പ്രൗഢഗംഭീര തുടക്കമായി.അടുത്ത വർഷം സർക്കാർ ശ്രദ്ധ കേന്ദ്രീകരിക്കുന്ന പ്രധാന മേഖല ക്രൂയ്‌സ് ഷിപ്പിങ്ങ് ആണെന്നും ബേപ്പൂർ ക്രൂയ്‌സ് ഷിപ്പിങ്ങ് രംഗത്ത് പ്രധാന കേന്ദ്രമായി മാറുമെന്നും മന്ത്രി കെ.എൻ ബാലഗോപാൽ പറഞ്ഞു. ഇപ്പോൾ വരുന്നതിലും വലിയ കപ്പലുകൾ വരാൻ ഡ്രെഡ്ജിങ് നടത്താനായി ബേപ്പൂർ തുറമുഖത്തിന് സംസ്ഥാന സർക്കാർ പണം അനുവദിച്ചിട്ടുണ്ട്. കൂടാതെ സാഗർമല പദ്ധതിയിൽ പുതിയ വാർഫ് ഉൾപ്പെടെ സമഗ്ര വികസനത്തിനും ഫണ്ടുണ്ട്. 300 മുതൽ 500 പേർ വരെ കയറുന്ന ക്രൂയിസ് കപ്പൽ അടുക്കാനായാൽ ബേപ്പൂർ ഈ രംഗത്തെ പ്രധാന കേന്ദ്രമായി മാറും. കേരളത്തിന്റെ പ്രകൃതിയും കാലാവസ്ഥയും നമുക്ക് നല്ല രീതിയിൽ മാർക്കറ്റ് ചെയ്യാൻ സാധിക്കും. ഒരുമയുടെയും സഹോദര്യത്തിന്റെയും കൂട്ടായ്മ ഊട്ടിയുറപ്പിക്കാൻ ബേപ്പൂർ ഫെസ്റ്റ് പോലുള്ള മേളകൾ സഹായിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.