ജനാധിപത്യ മൂല്യങ്ങളും ഭരണഘടനയുടെ കരുത്തും ഉയർത്തി കുടുംബശ്രീ ബാലസഭാംഗങ്ങളുടെ നേതൃത്വത്തിൽ പഴയ നിയമസഭാ മന്ദിരത്തിൽ സംഘടിപ്പിച്ച സംസ്ഥാനതല ബാലപാർലമെന്റ് വേറിട്ട അനുഭവമായി. ആരോഗ്യം, വിദ്യാഭ്യാസം, പരിസ്ഥിതി, ശുചിത്വം, ലിംഗനീതി തുടങ്ങി വിവിധ വിഷയങ്ങൾ കുട്ടികൾ പാർലമെൻറിൽ ഉന്നയിച്ചു. സംസ്ഥാനത്ത് 31612 ബാലസഭകളിൽ അംഗങ്ങളായ 4.59 ലക്ഷം അംഗങ്ങളുടെ പ്രതിനിധികളായി എത്തിയവർ നാളെയുടെ വാഗ്ദാനങ്ങളാണ് തങ്ങളെന്ന് തെളിയിക്കുന്ന പ്രകടനമാണ് ബാലപാർലമെൻറിൽ കാഴ്ച വച്ചത്. പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം അഡ്വ.ആൻറണി രാജു എം.എൽ.എ നിർവഹിച്ചു. കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടർ ജാഫർ മാലിക് അധ്യക്ഷത വഹിച്ചു.ശാസ്ത്രസാങ്കേതിക മേഖലകളിലെ അറിവു നേടുന്നതിനൊപ്പം നിയമസഭ, പാർലമെന്റ്, ജനാധിപത്യം എന്നിവ സംബന്ധിച്ച് കുട്ടികൾക്ക് വ്യക്തമായ അവബോധം നൽകാൻ ബാലപാർലമെന്റ് പോലെയുള്ള പരിപാടികൾ സഹായകമാകുമെന്ന് ആൻറണി രാജു എംഎൽഎ പറഞ്ഞു. ക്ലാസ് മുറികളിൽ നിന്നു ലഭിക്കുന്ന വിദ്യാഭ്യാസത്തിനപ്പുറം സാമൂഹിക പ്രതിബദ്ധതയുള്ള ഒരു യുവതലമുറയെ രൂപപ്പെടുത്താൻ ഇത് സഹായിക്കും. ഇത്തരം അമൂല്യമായ അറിവുകൾ ഭാവിയിൽ മുന്നേറാനുളള കരുത്താക്കി മാറ്റാൻ കുട്ടികൾക്ക് കഴിയണം. കുടുംബശ്രീ ബാലസഭയുടെ നേതൃത്വത്തിൽ തയ്യാറാക്കിയ ‘അറിവൂഞ്ഞാൽ’ മാസിക കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടർ ജാഫർ മാലിക്കിന് നൽകി അദ്ദേഹം പ്രകാശനം ചെയ്തു.