സ്ത്രീശാക്തീകരണത്തിന്റെ ഉത്തമോദാഹരണമായി വിമൺ എൻജിനിയേർഡ് സാറ്റലൈറ്റ് – വീസാറ്റ് പുതുവർഷപ്പുലരിയിൽ ബഹിരാകാശത്തേക്ക് കുതിക്കുന്നു. വനിതകളുടെ നേതൃത്വത്തിൽ രൂപകല്പന ചെയ്‌ത രാജ്യത്തെ ആദ്യ ഉപഗ്രഹവും കേരളത്തിലെ ആദ്യത്തെ വിദ്യാർത്ഥി ഉപഗ്രഹവുമാണ് തിരുവനന്തപുരം പൂജപ്പുരയിലെ എൽ ബി എസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ഫോർ വിമണിലെ വിദ്യാർത്ഥിനിപ്രതിഭകളുടെ മുൻകൈയിൽ തയ്യാറായ വീസാറ്റ്.പുതുവർഷദിനത്തിൽ രാവിലെ 9:10ന് കേരളത്തെയും കേരളീയ പെൺകരുത്തിനെയും വാനോളം ഉയർത്തി വീസാറ്റ് ബഹിരാകാശയാത്ര ആരംഭിച്ച് പി.എസ്.എൽ.വി സി-58ന്റെ ഭാഗമാകും. ഇന്ത്യയുടെ അറുപതാമത് പി.എസ്.എൽ.വി ദൗത്യത്തെ അടയാളപ്പെടുത്തുന്നതാവും ഈ കുതിപ്പ്. നമ്മുടെ ബഹിരാകാശ പര്യവേഷണ ശ്രമങ്ങളിലെ ഏറ്റവും ശ്രദ്ധേയമായ ഏടായി ഇത് മാറുമെന്ന് ഉന്നതവിദ്യാഭ്യാസ- സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു.ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേസ് സെന്ററിൽ (SDSC) ഷാറിൽ (SHAR) നിന്നാണ് വിക്ഷേപണം നടക്കുക. അഭിമാനനേട്ടത്തിലേക്കുള്ള വിക്ഷേപണത്തിന് സാക്ഷ്യം വഹിക്കാൻ ടീം വീസാറ്റ് ഡിസംബർ 31 ന് രാവിലെ ആറു മണിക്ക് തിരുവനന്തപുരം പൂജപ്പുരയിലെ എൽ ബി എസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ഫോർ വിമണിൽ നിന്ന് പുറപ്പെടും. എൽ ബി എസ് ക്യാമ്പസിന്റെ വലിയ സ്‌ക്രീനിൽ രാവിലെ എട്ടു മണി മുതൽ ചരിത്രസംഭവത്തിന്റെ പ്രക്ഷേപണമുണ്ടാകും.തിളക്കമാർന്ന നേട്ടത്തിന് പിന്നിൽ പ്രവർത്തിച്ച എൽ ബി എസ് ക്യാമ്പസിലെ അധ്യാപകരടക്കമുള്ള മുഴുവൻ സംഘാംഗങ്ങൾക്കും മന്ത്രി ഡോ. ആർ ബിന്ദു അനുമോദനങ്ങൾ നേർന്നു.