പ്രതിപക്ഷ നേതാവ് എറണാകുളത്ത് മാധ്യമങ്ങളോട് പറഞ്ഞത്.
കൊച്ചി : അയോധ്യയെ സി.പി.എം രാഷ്ട്രീയവത്ക്കരിക്കുകയാണ്. രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങില്‍ പാര്‍ട്ടി എന്ന നിലയില്‍ കോണ്‍ഗ്രസിന് ക്ഷണമില്ല. വ്യക്തികള്‍ക്കാണ് ക്ഷണം. ഇക്കാര്യത്തില്‍ പാര്‍ട്ടി ആലോചിച്ച് ഒരു തീരുമാനമെടുക്കും. കോണ്‍ഗ്രസ് തീരുമാനമെടുക്കുന്നതിന് മുന്‍പെ അതില്‍ അനാവശ്യ വിവാദം ഉണ്ടാക്കുകയാണ്. ഏക സിവില്‍ കോഡിനേയും പലസ്തീന്‍ വിഷയത്തയും രാഷ്ട്രീയ വത്കരിച്ചത് പോലെ അയോധ്യയേയും സി.പി.എം. രാഷ്ട്രീയവത്കരിക്കുന്നു. ബി.ജെ.പി ചെയ്യുന്ന അതേ പണിയാണ് സി.പി.എമ്മും ചെയ്യുന്നത്. സമൂഹത്തില്‍ ഭിന്നിപ്പുണ്ടാക്കാനാണ് ശ്രമം.
ജാതിയുടേയും മതത്തിന്റേയും പേരില്‍ സമൂഹത്തില്‍ ഭിന്നിപ്പ് ഉണ്ടാക്കി മുതലെടുപ്പ് നടത്തുന്നതാണ് ബി.ജെ.പിയുടെ ശൈലി. അതിന്റെ വേറൊരു ഫോര്‍മാറ്റാണ് സി.പി.എം കേരളത്തില്‍ നടപ്പാക്കുന്നത്. അങ്ങേയറ്റം സൂക്ഷ്മതയോടെയാട് പാണക്കാട് തങ്ങളും പി.കെ കുഞ്ഞാലിക്കുട്ടിയും പ്രതികരിച്ചത്. സമൂഹത്തില്‍ ഭിന്നിപ്പ് ഉണ്ടാകരുതെന്ന ആഗ്രഹത്തോടെയാണ് അവരുടെ പ്രതികരണങ്ങള്‍. മുസ്ലിം ലീഗ് നേതൃത്വം മാതൃകയാണ്. അവര്‍ അഭിനന്ദനം അര്‍ഹിക്കുന്നു.
സുപ്രഭാതം പത്രം ഈ വിഷയത്തില്‍ എഴുതിയ എഡിറ്റോറിയല്‍ നേരത്തെയുള്ളതും അപക്വവും തെറ്റായതുമായ നടപടിയാണ്. അത് സമസ്തയുടെ നിലപാടല്ലെന്ന് ജിഫ്രി തങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്. വോട്ട് കിട്ടാന്‍ സമസ്തയെ കൈകാര്യം ചെയ്യാമെന്ന സി.പി.എം. ധാരണയും പാളിപ്പോയി. സമൂഹത്തില്‍ ഭിന്നിപ്പ് ഉണ്ടാകരുതെന്നാണ് സമസ്ത നേതൃത്വവും കരുതുന്നത്. അതില്‍ ഞങ്ങള്‍ക്ക് നിറഞ്ഞ സന്തോഷമുണ്ട്. ഇത്തരം വിഷയങ്ങളെ വോട്ട് രാഷ്ട്രീയത്തിന് വേണ്ടി മാത്രം ഉപയോഗിക്കുന്ന സി.പി.എം നിലപാട് ലജ്ജിപ്പിക്കുന്നു.
സൂക്ഷ്മതയോടെ കൈകാര്യം ചെയ്യേണ്ട വിഷയമാണിത്. കോണ്‍ഗ്രസ് ചര്‍ച്ച ചെയ്ത് ഒരു തീരുമാനം എടുക്കും. സി.പി.എമ്മിന് എന്താണ് അലോചിക്കാന്‍ ളളത്? കേരളം പോലെ ഒരു ഇട്ടാവട്ട സ്ഥലത്തിന്റെ രാഷ്ട്രീയം മാത്രമാണ് സി.പി.എമ്മിനുള്ളത്. കാള പെറ്റെന്ന് കേട്ട് കയര്‍ എടുക്കേണ്ട കാര്യമില്ല. പോകണമെന്നും പോകേണ്ടെന്നും അഭിപ്രായമുള്ളവര്‍ എല്ലാ സമുദായത്തിലുമുണ്ട്. എല്ലാ വശങ്ങളും ആലോചിച്ച് പക്വതയുള്ള ഒരു തീരുമാനം കോണ്‍ഗ്രസ് എടുക്കും. അതിനുള്ള സമര്‍ഥമായ നേതൃത്വം കോണ്‍ഗ്രസിനുണ്ട്.
ഇന്ത്യയില്‍ മുഴുവന്‍ ക്രൈസ്തവരെ വേട്ടയാടുന്ന പ്രസ്ഥാനമാണ് സംഘപരിവാര്‍. ഇതിനിടയിലാണ് കേരളത്തിലെ ബി.ജെ.പിക്കാര്‍ ആട്ടിന്‍തോലിട്ട ചെന്നായ്ക്കളാണ് ക്രൈസ്തവരുടെ വീടുകളിലേക്ക് എത്തുന്നത്. ഇവര്‍ ആരാണെന്ന് തിരിച്ചറിയാനുള്ള ബുദ്ധി കേരളത്തിലെ ക്രൈസ്തവര്‍ക്കുണ്ട്. മതേതരത്വമാണ് കോണ്‍ഗ്രസ് നിലപാട്. കര്‍ണാടകത്തില്‍ ഉള്‍പ്പെടെ മതേതരത്വ നിലപാടാണ് കോണ്‍ഗ്രസ് സ്വീകരിച്ചത്.
സര്‍ക്കാരിന്റെ സമീപനം അനുസരിച്ചാണ് പ്രതിപക്ഷത്തിന്റെ പ്രതിഷേധം. ആളുകളെ കരുതല്‍ തടങ്കലില്‍ അടയ്ക്കുകയും കരിങ്കൊടി പ്രതിഷേധം നടത്തുന്നവരെ ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്താല്‍ തിരിച്ചടിയുണ്ടാകും. പ്രതിഷേധം ജനാധിപത്യപരമായ അവകാശമാണ്. കള്ളപ്പിരിവ് നടത്തിയും ജനങ്ങളുടെ നികുതി പണം ഉപയോഗിച്ചും നടത്തിയ ആര്‍ഭാട സദസായിരുന്നു നവകേരള സദസ്. അതിനെതിരെ പ്രതിഷേധം ഉണ്ടാകും. സമരക്കാരെ തല്ലിച്ചതച്ച പോലീസുകാര്‍ക്ക് ഗുഡ് സര്‍വീസ് എന്‍ട്രി നല്‍കി പ്രതിപക്ഷത്തെ പരിഹസിക്കുകയാണ് മുഖ്യമന്ത്രി ചെയ്തത്. കലാപത്തിന് ആഹ്വാനം ചെയ്ത മുഖ്യമന്ത്രി കേരളത്തെ ഗുണ്ടാ സ്റ്റേറ്റാക്കി മാറ്റി. പ്രവര്‍ത്തകരെ അടിച്ചാല്‍ ഇനിയുംതിരിച്ചടിക്കും.