കെ.എസ്.യു നേതാവിനെതിരെ ദേശാഭിമാനി വ്യാജരേഖ ചമച്ചത് സി.പി.എം നേതൃത്വത്തിന്റെ അറിവോടെ; ലേഖകനുമെതിരെ കേസെടുക്കണം : പ്രതിപക്ഷ നേതാവ്

Spread the love

പ്രതിപക്ഷ നേതാവ് കോഴിക്കോട് നടത്തിയ വാര്‍ത്താസമ്മേളനം (06/01/2024).

ആശുപത്രിയിൽ മരുന്നില്ലാതെ രോഗികൾ വലയുമ്പോൾ മുഖ്യമന്ത്രി സ്തുതിപാഠക സംഘത്തിന് നടുവിൽ; സ്വന്തം പാർട്ടിക്കാർ പോലീസിനെ അപമാനിക്കുന്നത് കാണുമ്പോൾ മുഖ്യമന്ത്രിക്ക് നാണമാകില്ലേ?

കോഴിക്കോട് : കെ.എസ്.യു നേതാവ് അന്‍സില്‍ ജലീല്‍ വ്യാജ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കിയെന്ന് ദേശാഭിമാനിയും സി.പി.എം- എസ്.എഫ്.ഐ നേതാക്കളും ഉയര്‍ത്തിയ ആരോപണം പച്ചക്കള്ളമാണെന്ന് തെളിഞ്ഞിരിക്കുകയാണ്. വ്യാജ സര്‍ട്ടിഫിക്കറ്റെന്ന നിലയില്‍ അന്‍സിലിന്റെ പേരില്‍ വ്യാജരേഖ ചമച്ചെന്ന റിപ്പോര്‍ട്ടാണ് പൊലീസ് കോടതിയില്‍ നല്‍കിയിരിക്കുന്നത്. വ്യാജരേഖ ചമച്ച ദേശാഭിമാനിയിലെ ലേഖകന്‍ കെ.പി.സി.സി അധ്യക്ഷനും പ്രതിപക്ഷ നേതാവിനും എതിരെ വ്യാജവാര്‍ത്തകള്‍ നിരന്തരമായി നല്‍കുന്ന ആളാണ്. ദേശാഭിമാനിയുടെയും സി.പി.എം നേതൃത്വത്തിന്റെയും അറിവോടെയാണ് വ്യാജരേഖ ചമച്ചത്. വീട്ടിലെ സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് കെ.എസ്.യു പ്രവര്‍ത്തനത്തിനിടെ ജോലിക്ക് പോയ അന്‍സില്‍ വ്യാജ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കിയെന്ന് വരുത്തിത്തീര്‍ത്ത് കേസില്‍ പ്രതിയാക്കാനുള്ള ശ്രമമാണ് നടന്നത്. സംസ്ഥാന സെക്രട്ടറി ഉള്‍പ്പെടെയുള്ള എസ്.എഫ്.ഐ നേതാക്കള്‍ പരീക്ഷ എഴുതാതെ പാസായെന്നും വ്യാജ ഡിഗ്രി സര്‍ട്ടിഫിക്കറ്റുകള്‍ ചമച്ചെന്നും ആരോപണം വന്നപ്പോള്‍ കെ.എസ്.യുവും ഇതുപോലെയാണെന്ന് വരുത്തിത്തീര്‍ക്കാനുള്ള ശ്രമമാണ് നടന്നത്. ആരോപണം തെറ്റാണെന്ന് ഞാന്‍ പറഞ്ഞതിന്റെ പിറ്റേന്ന് അന്‍സില്‍ ജലീലിനെ സംരക്ഷിക്കുകയാണെന്ന രീതിയിലുള്ള വാര്‍ത്ത വന്നു. അന്‍സിലിനുണ്ടായ അപകീര്‍ത്തിക്ക് ദേശാഭിമാനിയും സി.പി.എമ്മും നഷ്ടപരിഹാരം നല്‍കണം. നിരന്തരമായി വ്യാജവാര്‍ത്ത ചമയ്ക്കുന്ന ലേഖകനെ പിരിച്ചുവിടുകയാണ് ദേശാഭിമാനി ചെയ്യേണ്ടത്. കോണ്‍ഗ്രസ് നേതാക്കളെ അപമാനിക്കുന്നതിന് വേണ്ടി ദേശാഭിമാനിയില്‍ ചുമതലപ്പെടുത്തിയിരിക്കുന്ന സംഘത്തിന്റെ തലപ്പത്തുള്ള ഈ ലേഖകനാണ് അന്‍സിലിനെതിരെ വ്യാജരേഖയുണ്ടാക്കി കേസില്‍ പ്രതിയാക്കാന്‍ ശ്രമിച്ചത്. വ്യാജ വാര്‍ത്തയാണെന്നാണ് പൊലീസ് റിപ്പോര്‍ട്ടിലുമുള്ളത്. ക്രൂരമായ വേട്ടയാടലാണ് ഒരു വിദ്യാര്‍ത്ഥിക്കെതിരെ നടന്നതെന്ന് മനസിലാക്കി നടപടി ഉണ്ടായില്ലെങ്കില്‍ നിയമനടപടിക്കുള്ള എല്ലാ സഹായവും കോണ്‍ഗ്രസ് അന്‍സില്‍ ജലീലിന് നല്‍കും.

മരുന്നില്ലാതെ രോഗികള്‍ വലയുകയാണ്. സര്‍ക്കാര്‍ ആശുപത്രികളില്‍ 75 ശതമാനം മരുന്നുകളുമില്ല. കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്‍ ആശുപത്രികളുടെ ഇന്റന്റുകള്‍ അനുസരിച്ചുള്ള മരുന്നുകള്‍ വിതരണം ചെയ്യുന്നില്ല. കോടികള്‍ കുടിശികയുള്ളതു കൊണ്ട് കമ്പനികള്‍ മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന് മരുന്നുകള്‍ വിതരണം ചെയ്യുന്നില്ല. ഒരു ബാച്ച് മരുന്ന് മാത്രം ലഭ്യമാകുന്നതു കൊണ്ട് ഗുണനിലവാര പരിശോധനയും സംസ്ഥാനത്ത് നടക്കുന്നില്ല. കോവിഡ് കാലത്ത് കാലാവധി കഴിഞ്ഞ മരുന്ന് വിതരണം ചെയ്ത സര്‍ക്കാരാണിത്. എല്ലായിടത്തും മരുന്നുണ്ടെന്നാണ് മന്ത്രി പറയുന്നത്. സപ്ലൈകോയ്ക്ക് സംഭവിച്ചതു തന്നെയാണ് മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷനിലും സംഭവിക്കുന്നത്. മരുന്ന് വിതരണം സ്തംഭിച്ചത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ മുഖ്യമന്ത്രിയും മന്ത്രിമാരും ശ്രദ്ധിക്കുന്നില്ല.

സ്തുതിപാഠകവൃന്ദത്തിന് ഇടയിലാണ് മുഖ്യമന്ത്രി. മുഖ്യമന്ത്രി സൂര്യനാണ് കഴുകനാണ് കാരണഭൂതനാണ് കുന്തമാണ് കുടച്ചക്രമാണ് ദൈവത്തിന്റെ വരദാനമാണ് എന്നൊക്കെ മന്ത്രിമാര്‍ തന്നെ പറയുകയാണ്. ഇതൊക്കെ കേട്ട് മയങ്ങി ഇരിക്കുന്ന മുഖ്യമന്ത്രി ഭരിക്കാന്‍ മറന്നു പോയിരിക്കുകയാണ്. സ്തുതിപാഠകരെ പ്രോത്സാഹിപ്പിക്കുന്ന എല്ലാ ഭരണാധികാരികള്‍ക്കും സംഭവിച്ചതാണ് പിണറായി വിജയനും സംഭവിച്ചിരിക്കുന്നത്. സ്തുതിപാഠകര്‍ക്കിടയില്‍ പെട്ടുപോയ എല്ലാ ഭരണാധികാരികള്‍ക്കും ചരിത്രത്തില്‍ ദുരന്തമാണ് ഉണ്ടായിട്ടുള്ളത്. പി.ജയരാജന് വേണ്ടി പാട്ട് ഇറക്കിയപ്പോള്‍ വ്യക്തിപൂജയാണെന്ന് പറഞ്ഞ പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറിയാണ് ഇപ്പോള്‍ മുഖ്യമന്ത്രി സൂര്യനാണെന്നും അടുത്തേക്ക് പോയാല്‍ കരിഞ്ഞു പോകുമെന്ന് പറയുന്നത്. കരിഞ്ഞു പോയില്ലെങ്കില്‍ വീട്ടിലേക്ക് ഇന്നോവ കാര്‍ അയച്ച് 51 വെട്ടുവെട്ടി കരിയിച്ചു കളയും. ഒരാള്‍ സൂര്യനാണെന്ന് പറയുമ്പോഴാണ് മറ്റൊരാള്‍ കഴുകനാണെന്നും മറ്റൊരാള്‍ കാരണഭൂതനാണെന്നും വേറൊരാള്‍ ദൈവത്തിന്റെ വരദാനമാണെന്നുമാണ് പറയുന്നത്. ശരിക്കും ആരാണ് പിണറായി വിജയന്‍? അയാള്‍ ആരായാലും കെ.എസ്.ആര്‍.ടി.സിയും കെ.എസ്.ഇ.ബിയും പൂട്ടാറായി, ആശുപത്രികളില്‍ മരുന്നില്ല, സാമൂഹിക സുരക്ഷാ പെന്‍ഷനുകള്‍ മുടങ്ങി, ജീവനകാര്‍ക്കും കരാറുകാര്‍ക്കും കോടികളാണ് കുടിശിക നല്‍കാനുള്ളത്, പട്ടികജാതിക്കാര്‍ക്ക് മൂന്ന് കൊല്ലമായി അനുകൂല്യങ്ങളില്ല, ലൈഫ് മിഷന്‍ സ്തംഭിച്ചു, വികസന പരിപാടികളും നിലച്ചു. ഇതൊക്കെയാണ് നാട്ടിലെ സാഹചര്യമെന്നിരിക്കെയാണ് സ്തുതിപാഠക സംഘം ഇറങ്ങി മുഖ്യമന്ത്രി പുതിയ അവതാരമാണെന്ന് വരുത്തിത്തീര്‍ക്കുന്ന ദയനീയ സ്ഥിതിയിലേക്ക് മാറിയിരിക്കുകയാണ്. സി.പി.എമ്മിന്റെ ജീര്‍ണത എത്രത്തോളം ഉണ്ടെന്ന് വ്യക്തമാക്കുന്നതാണ് പിണറായിയെ സ്തുതിച്ചുള്ള വീഡിയോ. ഇതു തന്നെയാണ് മോദിക്ക് വേണ്ടി ബി.ജെ.പിയും ചെയ്യുന്നത്. അതേരീതിയിലാണ് പിണറായിയെയും അവതരിപ്പിക്കുന്നത്. ഇത് കേട്ട് കേരളത്തിലെ ജനം ചിരിക്കുമെന്ന് മനസിലാക്കാനുള്ള ബോധം പോലും ഇല്ലാത്തവരായി സി.പി.എം നേതൃത്വം അധപതിച്ചു.

എല്ലാ നേതാക്കളും ഒന്നിച്ച് ആലോചിച്ചാണ് കോണ്‍ഗ്രസും യു.ഡി.എഫും സമരപരിപാടികളുമായി മുന്നോട്ട് പോകുന്നത്. എല്ലാ നിയോജകമണ്ഡലങ്ങളിലും ജനകീയ വിചാരണ സദസുകള്‍ നടക്കുകയാണ്. കെ.പി.സി.സി അധ്യക്ഷനും പ്രതിപക്ഷ നേതാവും സംയുക്തമായി നയിക്കുന്ന സമരാഗ്നി എന്ന ജാഥയും തീരുമാനിച്ചിട്ടുണ്ട്. എ.ഐ.സി.സി നിര്‍ദ്ദേശ പ്രകാരമുള്ള പരിപാടികളും തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളും നടക്കുന്നുണ്ട്. കെ.പി.സി.സി അധ്യക്ഷനും പ്രതിപക്ഷ നേതാവും നടത്തുന്ന ജാഥയുടെ മുന്നൊരുക്കം നടത്തുന്നതിനുള്ള പരിപാടി ഈ മാസം എട്ട് മുതല്‍ ആരംഭിക്കും. ഏറ്റവും കൂടുതല്‍ യു.ഡി.എഫ് യോഗങ്ങള്‍ നടന്നൊരു കാലമാണിത്. എല്ലാ മാസവും യു.ഡി.എഫ് യോഗം ചേരാറുണ്ട്. ആറ് മാസത്തിനിടെ രണ്ട് തവണ സെക്രട്ടേറിയറ്റ് ഉപരോധിച്ചു. സര്‍ക്കാരിനെതിരായ സമരം ഇപ്പോഴും തുടരുകയാണ്. വണ്ടിപ്പെരിയാറില്‍ മകളെ മാപ്പ് എന്ന പേരില്‍ നാളെ പരിപാടി നടക്കും. നിരവധി പേരാണ് ഇപ്പോഴും ജയിലില്‍ കഴിയുന്നത്. യു.ഡി.എഫിന്റെ സംഘടനകളെല്ലാം സമരത്തിലാണ്. ഇത്രയും സമരം നടന്നൊരു കാലഘട്ടം ഉണ്ടായിട്ടില്ല.

സ്വകാര്യ ആശുപത്രികള്‍ കാരുണ്യ ഇൻഷൂറൻസ് കാർഡ് സ്വീകരിക്കേണ്ടെന്ന് തീരുമാനിച്ചിരിക്കുകയാണ്. കോടികളാണ് ആശുപത്രികള്‍ക്കുള്ള കുടിശിക. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വേണ്ടിയുള്ള മെഡിസെപ് തകര്‍ന്നു. കേരളം കണ്ട ഏറ്റവും പരിതാപകരമായ അവസ്ഥയിലേക്കാണ് സംസ്ഥാനം കൂപ്പ് കുത്തുന്നത്. യു.ഡി.എഫ് പുറത്തിറക്കിയ രണ്ട് ധവള പത്രങ്ങളിലും അപകടകരമായ അവസ്ഥയിലേക്കാണ് സംസ്ഥാനം പോകുന്നതെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നതാണ്. കേരളീയത്തിനും നവകരള സദസിനും പണം പരിച്ചത് ഉദ്യോഗസ്ഥരാണ്. നികുതി വെട്ടിപ്പ് തടയേണ്ട ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലായിരുന്നു പിരിവ്. നികുതി വെട്ടിപ്പുകാരുടെ പറുദീസയാണ് കേരളം. ഇതിനൊക്കെ എതിരെയാണ് യു.ഡി.എഫും കോണ്‍ഗ്രസും സമരം ചെയ്യുന്നത്.

പ്രതിപക്ഷ നേതാവിന്റെ നഗരസഭ വരെ നവകേരള സദസിന് പണം നല്‍കിയെന്നാണ് ഏഴ് നവകേരള സദസിന്റെ വേദികളിലും മുഖ്യമന്ത്രി പരിഹസിച്ചത്. കൗണ്‍സില്‍ തീരുമാനത്തിന് വിരുദ്ധമായി മന്ത്രിയുടെ ഓഫീസില്‍ നിന്നും സെക്രട്ടറിയെ ഭീഷണിപ്പെടുത്തിയാണ് പണം കൊടുപ്പിച്ചത്. നവകേരള സദസിന്റെ സംഘാടകസമതി കൈപ്പറ്റിയ ഒരു ലക്ഷം രൂപയും അവര്‍ തന്നെ നഗരസഭയില്‍ തിരിച്ചടച്ചെന്ന് മാധ്യമ പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയെ കാണുമ്പോള്‍ പറയണം.

പോയ് കക്കൂസ് കഴുകെടാ എന്ന് പൊലീസിനോട് പറഞ്ഞ എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറിയെ മറ്റൊരു ഉദ്യോഗസ്ഥന്‍ ലാളിച്ചാണ് വണ്ടിയില്‍ കയറ്റിയത്. കണ്ണൂരില്‍ എം.എല്‍.എ പൊലീസിനെ പരസ്യമായി വെല്ലുവിളിച്ചു. പൊലീസിന്റെ പിടിപ്പുകേടാണ് അക്രമത്തിന് കാരണമെന്ന് കല്യാശേരി ഏരിയാ സെക്രട്ടറി പറഞ്ഞു. എം.വി ജയരാജനും നിരന്തരമായി പൊലീസിനെതിരെ ആക്ഷേപം ഉന്നയിക്കുകയാണ്. ആലപ്പുഴയിലും തിരുവനന്തപുരത്തും പാര്‍ട്ടി നേതാക്കള്‍ പൊലീസുമായി സംഘര്‍ഷത്തിലാണ്. പൊലീസിനെ നോക്കുകുത്തിയാക്കി മാറ്റിയിരിക്കുകയാണ്. പൊലീസിനെ അപമാനിക്കുമ്പോള്‍ ആഭ്യന്തരവകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി എവിടെ പോയിരിക്കുകയാണ്? എന്തിനാണ് മുഖ്യമന്ത്രി ഇങ്ങനെ ഭരിക്കുന്നത്. സ്വന്തം പാര്‍ട്ടിക്കാര്‍ പൊലീസിനെ അപമാനിക്കുന്നത് കണ്ടിട്ട് മുഖ്യമന്ത്രിക്ക് നാണമാകുന്നില്ലേ?

 

 

Author

Leave a Reply

Your email address will not be published. Required fields are marked *