യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദ്ദിച്ച സിപിഎം ക്രിമിനലുകള്‍ക്ക് പട്ടും വളയും നല്‍കിയും പോലീസുകാര്‍ക്ക് ഗുഡ് സര്‍വീസ് എന്‍ട്രി നല്‍കിയും ആദരിച്ച മുഖ്യമന്ത്രി പിണറായി വിജയന്‍ കൊടിയ മര്‍ദ്ദനമേറ്റ് ചികിത്സ കഴിഞ്ഞ് പുറത്തിറങ്ങിയ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ കയ്യാമം വെച്ച് അറസ്റ്റ് ചെയ്ത നടപടി പ്രതിഷേധാര്‍ഹമാണെന്ന് യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന്‍.
പ്രതികാര ദാഹിയായ രക്തരക്ഷസിനെപ്പോലെയാണ് മുഖ്യമന്ത്രി പ്രതിപക്ഷനേതാക്കള്‍ക്കെതിരെ തിരിയുന്നത്. പ്രതിഷേധം സഖാക്കള്‍ നടത്തിയാല്‍ ജനാധിപത്യവും കോണ്‍ഗ്രസ് നടത്തിയാല്‍ ജനാധിപത്യ വിരുദ്ധവുമാണെന്ന നിലപാട് ഇരട്ടത്താപ്പാണ്. ക്രിമിനല്‍ സംഘങ്ങളുമായുള്ള സഹവാസം മുഖ്യമന്ത്രിയേയും അതേ മനോനിലയില്‍ ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നു. വീടുവളഞ്ഞ് പുലര്‍ച്ചെ കസ്റ്റഡിയിലെടുക്കാന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ കൊടുംക്രിമിനല്ലെന്നും കേരളം അറിയുന്ന യുവജന പ്രസ്ഥാനത്തിന്റെ അധ്യക്ഷനാണെന്നും മുഖ്യമന്ത്രിയും പോലീസും വിസ്മരിക്കരുത്. പോലീസിനെയും ലാത്തിയേയും കണ്ട് നാടുവിടുന്ന പാരമ്പര്യം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കുമില്ല. ഒരു നോട്ടീസ് നല്‍കിയാല്‍ നേരിട്ട് ഹജാരാകുന്ന രാഹുലിനെ വളഞ്ഞിട്ട് പിടികൂടാനുള്ള ചോതോവികാരം എന്താണ്. ഓലപാമ്പ് കണ്ടാല്‍ പേടിക്കുന്ന പ്രസ്ഥാനമല്ല കോണ്‍ഗ്രസും യൂത്ത് കോണ്‍ഗ്രസെന്നും വരും ദിവസങ്ങളില്‍ മുഖ്യമന്ത്രിക്കും പോലീസിനും ബോധ്യപ്പെടുമെന്നും ഹസന്‍ മുന്നറിയിപ്പ് നല്‍കി.