അര്‍ഹമായ കേന്ദ്ര ഫണ്ട് അനുവദിക്കാത്തത് രാജ്യത്തെ ഫെഡറല്‍ ആശയത്തിന് തന്നെ എതിര് : മന്ത്രി വീണാ ജോര്‍ജ്

Spread the love

തിരുവനന്തപുരം : സംസ്ഥാനത്തിന് അര്‍ഹമായ കേന്ദ്ര വിഹിതം അനുവദിക്കാത്തത് ഫെഡറല്‍ ആശയത്തിന് തന്നെ എതിരാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. 2023-24 ലെ കേന്ദ്രാവിഷ്‌കൃത പദ്ധതികളില്‍ കേന്ദ്രം പറഞ്ഞിരിക്കുന്ന ഫണ്ടുകള്‍ പോലും തന്നിട്ടില്ല. അതിനാല്‍ തന്നെ എന്‍എച്ച്എം പദ്ധതികള്‍ നടത്തിക്കാന്‍ ഏറെ ബുദ്ധിമുട്ടുന്നു. എന്‍എച്ച്എം പദ്ധതികള്‍ക്കായി 60:40 അനുപാതത്തില്‍ കേന്ദ്രം അനുവദിക്കേണ്ടത് 826.02 കോടിയാണ്. സംസ്ഥാനം നല്‍കുന്നത് 550.68 കോടിയും. എന്‍എച്ച്എം പ്രവര്‍ത്തനങ്ങള്‍ക്ക് ക്യാഷ് ഗ്രാന്റായി അനുവദിക്കുന്ന 371.20 കോടി 4 ഗഡുക്കളായാണ് (25 ശതമാനം വീതം) അനുവദിക്കുന്നത്. ഒരു ഗഡു 92.80 കോടി രൂപയാണ്. 3 ഗഡുക്കള്‍ അനുവദിക്കേണ്ട സമയം ഇതിനകം കഴിഞ്ഞുവെങ്കിലും ഒരു ഗഡു പോലും അനുവദിച്ചിട്ടില്ല. അതേസമയം സംസ്ഥാന വിഹിതം ലഭ്യമാക്കിയിട്ടുണ്ട്. കേന്ദ്ര വിഹിതം ലഭിക്കാത്തതിനാല്‍ ഇപ്പോള്‍ കേരളത്തിന്റെ സംസ്ഥാന വിഹിതമുപയോഗിച്ചാണ് എന്‍.എച്ച്.എം. പദ്ധതികള്‍ മുന്നോട്ട് പോകുന്നതെന്നും മന്ത്രി വ്യക്തമാക്കി. മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.

കേന്ദ്ര ഫണ്ട് ലഭിക്കാത്തത് മൂലം ആശാവര്‍ക്കര്‍മാരുടെ ഇന്‍സെന്റീവ്, സൗജന്യ പരിശോധനകള്‍, സൗജന്യ ചികിത്സകള്‍, എന്‍എച്ച്എം മുഖേന നിയമിക്കപ്പെട്ട ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ളവരുടെ ശമ്പളം, ബയോമെഡിക്കല്‍ മാനേജ്‌മെന്റ്, കനിവ് 108 ആംബുലന്‍സ് തുടങ്ങിയയെല്ലാം പ്രതിസന്ധിയിലാണ്. അതിനാല്‍ എത്രയും വേഗം ഫണ്ട് അനുവദിക്കേണ്ടതാണ്. കോ-ബ്രാന്‍ഡിംഗ് നടത്തിയില്ല എന്നതാണ് ഫണ്ടനുവദിക്കുന്നതില്‍ കേന്ദ്രം തടസമായി പറയുന്നതെങ്കില്‍ അതും വാസ്തവവിരുദ്ധമാണ്. കേന്ദ്ര നിര്‍ദേശ പ്രകാരം 6825 സ്ഥാപനങ്ങളില്‍ 99 ശതമാനം കോ ബ്രാന്‍ഡിംഗ് പൂര്‍ത്തിയായി കഴിഞ്ഞ ഒക്‌ടോബറില്‍ തന്നെ കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന് കത്ത് നല്‍കിയിരുന്നു. കേന്ദ്രം നിര്‍ദേശിച്ചിട്ടുള്ള എല്ലാ നടപടിക്രമങ്ങളും പാലിച്ചിട്ടുണ്ട്. കൂടാതെ സംസ്ഥാന ആരോഗ്യ മന്ത്രി തന്നെ കേന്ദ്ര ആരോഗ്യ മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തുകയും മന്ത്രി തലത്തിലും ഉദ്യോഗസ്ഥ തലത്തിലും കത്തയയ്ക്കുകയും ചെയ്തു.

പെരിട്ടോണിയല്‍ ഡയാലിസിസ് പദ്ധതിയ്ക്കായി കേന്ദ്രം അനുവദിക്കാനുള്ളത് 7 കോടി രൂപയാണ്. സംസ്ഥാനം ഇടപെട്ട് പെരിട്ടോണിയല്‍ ഡയാലിസിസിന് ആവശ്യമായ ഫ്‌ളൂയിഡ് വിതരണം ചെയ്തിരുന്നു. 800 ഓളം രോഗികള്‍ക്കാണ് നിലവില്‍ പെരിട്ടോണിയല്‍ ഡയാലിസിസ് ചെയ്യുന്നത്. എത്രയും വേഗം ആരോഗ്യ മേഖലയ്ക്കുള്ള കേന്ദ്ര വിഹിതം അനുവദിക്കണമെന്നും മന്ത്രി പറഞ്ഞു.

ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി മുഹമ്മദ് ഹനീഷ്, എന്‍എച്ച്എം സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍ ജീവന്‍ ബാബു, ആയുഷ് മിഷന്‍ ഡയറക്ടര്‍ ഡോ. സജിത് ബാബു എന്നിവര്‍ പങ്കെടുത്തു.

Author

Leave a Reply

Your email address will not be published. Required fields are marked *