അന്താരാഷ്ട്ര കായിക ഉച്ചകോടി മുന്നൊരുക്ക പരിപാടികള്‍ 12ന് തുടങ്ങും

Spread the love

ടൂര്‍ ഡി കേരള സൈക്ലത്തോണും റോഡ് ഷോയും 12ന് ആരംഭിക്കും.
കേരളം ഒരുമിച്ചു നടക്കും കെ വാക്ക് 22ന്.

തിരുവനന്തപുരം: ഈ മാസം 23 മുതല്‍ 26 വരെ തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്‌പോര്‍ട്‌സ് ഹബില്‍ നടക്കുന്ന പ്രഥമ അന്താരാഷ്ട്ര കായിക ഉച്ചകോടിയുടെ മുന്നൊരുക്ക പരിപാടികള്‍ 12ന് ആരംഭിക്കുമെന്ന് കായിക മന്ത്രി വി അബ്ദുറഹിമാന്‍ പറഞ്ഞു. കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ ടൂര്‍ ഡി കേരള സൈക്ലത്തോണും റോഡ് ഷോയുമാണ് പ്രധാന പരിപാടി. ഇത് 12ന് കാസര്‍കോട് നിന്നാരംഭിച്ച് 23ന് തിരുവനന്തപുരത്ത് എത്തിച്ചേരും. ഒരൊറ്റ ലക്ഷ്യത്തിലേക്ക് കേരളം ഒരുമിച്ച് എന്ന പ്രമേയത്തില്‍ സംഘടിപ്പിക്കുന്ന കെ-വാക്ക് എന്ന മെഗാ വാക്കത്തോണ്‍ 22നാണ്. കേരളത്തിന്റെ തനത് കായിക രൂപങ്ങളെ ആസ്പദമാക്കി ഹൈബ്രിഡ് ക്യാമ്പയിനും സംഘടിപ്പിക്കുന്നുണ്ട്.

ജനുവരി 23ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കായിക ഉച്ചകോടി ഉദ്ഘാടനം ചെയ്യും. കായിക കലാ രൂപങ്ങള്‍ സമന്വയിക്കുന്ന സാംസ്‌ക്കാരിക പ്രകടനവും ഉദ്ഘാടന ദിവസം അരങ്ങേറും. സ്‌പോര്‍ട്‌സ് പ്രധാന പ്രമേയമായ മ്യൂസിക് ബാന്‍ഡിന്റെ പ്രകടനവും ഉണ്ടാകും.

കായിക ഉച്ചകോടിയോട് അനുബന്ധിച്ച് ആസൂത്രണം ചെയ്ത് വെബിനാര്‍ പരമ്പരയ്ക്കും തുടക്കമായി. 15 ദിവസം നീളുന്ന ഓണ്‍ലൈന്‍ സെമിനാറുകള്‍ എല്ലാ ദിവസവും വൈകീട്ട് 7നാണ് നടന്നു വരുന്നത്.

1000ല്‍ അധികം പദ്ധതി നിര്‍ദേശങ്ങള്‍ സമ്മിറ്റില്‍ അവതരിപ്പിക്കുന്നുണ്ട്. സംസ്ഥാനത്തിന്റെ കായിക രംഗത്ത് സമാനതകളില്ലാത്ത ആഗോള പങ്കാളിത്തവും നിക്ഷേപവും അന്താരാഷ്ട്ര കായിക സമ്മേളനം ലക്ഷ്യം വയ്ക്കുന്നു. കേരളത്തിന്റെ കായിക മേഖലയില്‍ നിക്ഷേപം, പങ്കാളിത്തം, സഹകരണം, പിന്തുണ എന്നിവയ്ക്ക് താല്പര്യമുള്ള മുഴുവന്‍ സ്ഥാപനങ്ങളെയും, വ്യക്തികളെയും സംസ്ഥാന സര്‍ക്കാര്‍ സ്വാഗതം ചെയ്യുന്നതായി മന്ത്രി പറഞ്ഞു.

സംസ്ഥാനത്തിന്റെ പുതിയ കായിക നയം കാതലായ മാറ്റങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ്. കായിക മികവിന്റെ പാരമ്യത്തിലേക്ക് കേരളത്തെ എത്തിക്കുക, കായിക സമ്പദ്ഘടന വികസിപ്പിക്കുക എന്നതാണ് പുതിയ കായിക നയത്തിന്റെ പ്രധാന ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു.

ഇന്ത്യയില്‍ ആദ്യമായാണ് ഒരു സംസ്ഥാനം സ്‌പോര്‍ട്‌സ് ഇക്കോണമി വികസിപ്പിക്കുന്നത്. എല്ലാ മേഖലകളുടെയും, വിഭാഗങ്ങളുടെയും പങ്കാളിത്തം സ്‌പോര്‍ട്‌സിലേക്ക് കൊണ്ടുവരുന്നതാണ് മറ്റൊരു ശ്രദ്ധേയമായ കാര്യം. വികേന്ദ്രീകൃത സ്വഭാവത്തില്‍ പദ്ധതി ആസൂത്രണവും, നിര്‍വഹണവും കായിക നയം നിര്‍ദ്ദേശിക്കുന്നു. പഞ്ചായത്ത്/ മുന്‍സിപ്പല്‍ സ്‌പോര്‍ട്‌സ് കൗണ്‍സിലുകളുടെ രൂപീകരണം ഈ ലക്ഷ്യത്തോടെയാണ്.

13 വിഷയങ്ങളിലായി 105 ദേശീയ, അന്തര്‍ദേശീയ വിദഗ്ധര്‍ പങ്കെടുക്കുന്ന കോണ്‍ഫറന്‍സുകളും ഉച്ചകോടിയുടെ ഭാഗമായി നടക്കും. സ്‌പോര്‍ട്‌സ് ഇക്കോണമി, സ്‌പോര്‍ട്‌സ് ഇന്‍ഡസ്ട്രി, വെല്‍നെസ്, ലീഗുകളും വലിയ ചാമ്പ്യന്‍ഷിപ്പുകളും, ഗ്രാസ്‌റൂട്ട്‌സ് ഡെവലപ്‌മെന്റ്, അക്കാദമികളും ഹൈ പെര്‍ഫോര്‍മന്‍സ് സെന്ററുകളും, ഇ സ്‌പോര്‍ട്‌സ്, സ്‌പോര്‍ട്‌സ് സയന്‍സ്, ടെക്‌നോളജി & എന്‍ജിനീയറിങ്, തദ്ദേശീയ കായിക രൂപങ്ങള്‍ തുടങ്ങിയവയാണ് പ്രധാന കോണ്‍ഫറന്‍സ് തീമുകള്‍.

റിസര്‍ച്ച് പേപ്പറുകളുടെ അവതരണം, സ്റ്റാര്‍ട്ടപ്പ് പിച്ച്, ഇന്‍വെസ്റ്റര്‍ കോണ്‍ക്ലേവ്, എക്‌സിബിഷന്‍, ബയര്‍ – സെല്ലര്‍ മീറ്റ്, ഇ സ്‌പോര്‍ട്‌സ് ഷോക്കേസ്, സ്‌പോര്‍ട്‌സ് കമ്മ്യൂണിറ്റി നെറ്റ്വര്‍ക്കിങ്, സ്‌പോര്‍ട്‌സ് പ്രമേയമായ സിനിമകളുടെ പ്രദര്‍ശനം, ഹെല്‍ത്തി ഫുഡ് ഫെസ്റ്റിവല്‍, മോട്ടോര്‍ ഷോ തുടങ്ങിയവയാണ് പ്രധാന പരിപാടികള്‍.

ജില്ലാ സ്‌പോര്ട്‌സ് കൗണ്‍സിലുകള്‍, കായിക അസോസിയേഷനുകള്‍ എന്നിവ മാസ്റ്റര്‍ പ്ലാനുകള്‍ അവതരിപ്പിക്കും. ഉച്ചകോടിക്ക് മുന്നോടിയായിട്ടുള്ള ജില്ലാ സമ്മിറ്റുകള്‍ പൂര്‍ത്തിയായി. പഞ്ചായത്ത്, മുനിസിപ്പല്‍ തല മൈക്രോ സമ്മിറ്റുകള്‍ നടന്നു വരികയാണ് . കായിക വിഭവശേഷി മാപ്പിങ് പ്രക്രിയക്കും തുടക്കമായി.

 

Author

Leave a Reply

Your email address will not be published. Required fields are marked *